എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നു എന്നാണ് കണക്ക്. സോഷ്യല്‍ മീഡിയയും മറ്റു സാമൂഹിക കൂട്ടായ്മകളും എല്ലാം ഇന്ന് വളരെ ഊര്‍ജ്ജിതമാണെങ്കിലും നല്ല സൗഹൃദങ്ങളുടെ അഭാവം നാം അനുഭവിക്കുന്നു എന്നതാണ് വാസ്തവം. ഒരു പ്രശ്നം വരുമ്പോള്‍ അത് പങ്കുവയ്ക്കാനോ ആശ്വാസം പകരാനോ നമുക്കാരും ഇല്ല. കൗമാരക്കാരുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.

സോഷ്യല്‍ മീഡിയയുടെ ഉപയോഗം ചില കൗമാരക്കാരില്‍ വിഷാദരോ​ഗത്തിന് കാരണമാകുന്നു. സഹപാഠികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കാണുമ്പോള്‍ പലരില്‍ അപകര്‍ഷധാബോധം ഉണ്ടാകുന്നു. അവരേപ്പോലെ തനിക്ക് ജീവിതത്തില്‍ വിജയങ്ങള്‍ നേടാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്ത അവരെ വിഷാദത്തിന്‍റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന ജീവിതവും യഥാര്‍ത്ഥ ജീവിതവും തമ്മില്‍ വലിയ അന്തരം ഉണ്ട് എന്നതാണ് സത്യം. ഇത് പലരും പലപ്പോഴും  ചിന്തിക്കുന്നില്ല. വളരെ നിസ്സാരം എന്ന് തോന്നാവുന്ന കാരണങ്ങള്‍ക്കാണ് പലപ്പോഴും കൗമാരക്കാര്‍ ആത്മഹത്യയ്ക്ക് തുനിയുന്നത്. മിക്ക കൗമാരക്കാരും സെല്‍ഫോണ്‍/ ഇന്റര്‍നെറ്റ് അടിമത്വം ഉള്ളവരാണ്.

80 ശതമാനത്തിലേറെ കൗമാരക്കാര്‍ മൊബൈല്‍ ഫോണുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് ഇന്ത്യയില്‍ ഉള്ള കുട്ടികളാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന മൂന്നിലൊന്നു കൗമാരക്കാരും സൈബര്‍ ആക്രമണങ്ങളുടെ ഇരകളാണ്. 

ഭീഷണിപ്പെടുത്തുന്ന മെസേജുകള്‍, അനുവാദം കൂടാതെ തങ്ങളുടെ വ്യക്തിപരമായ മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുക,  ഫോട്ടോ പോസ്റ്റ്‌ ചെയ്യുക എന്നിവയാണ് അക്രമം നടത്തുന്നവര്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍.

കൗമാരക്കാരില്‍ വിഷാദരോഗത്തിനുള്ള കാരണങ്ങള്‍...

1. പഠനവൈകല്യം
2. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും ഉപയോഗം
3. ആത്മവിശ്വാസം കുറയാന്‍ കാരണങ്ങളായ അമിതവണ്ണം, കാഴ്ചയില്‍ അഭംഗി
തോന്നുക എന്തെങ്കിലും
4. ലൈംഗിക പീഡനത്തിനോ അവഗണനയ്ക്ക്  ഇരയാകുക
5. സൈബര്‍ ഭീഷണിക്ക് ഇരയാകുക
6. പ്രണയ ബന്ധത്തിലെ തകര്‍ച്ച/ സ്നേഹം തിരിച്ചു കിട്ടാതെ വരിക
7. കുടുംബ പ്രശ്നങ്ങള്‍
8. സാമ്പത്തിക ബുദ്ധിമുട്ടുകള്‍
9. ആരോഗ്യപരമായ കാരണങ്ങള്‍.

എഴുതിയത്:
പ്രിയ വര്‍ഗീസ്‌
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്