പട്ടികള്‍ക്ക് പൊതുവേ അവരുടെ നഖം വെട്ടിക്കളയുന്നതിനോട് ഭയങ്കര വെറുപ്പാണ്. പേടിയോ, അസ്വസ്ഥതയോ ഒക്കെയാണ് അവര്‍ക്ക് നഖം വെട്ടുമ്പോള്‍. അതൊഴിവാക്കാന്‍ കഴിയാവുന്ന മാര്‍ഗങ്ങളെല്ലാം അവര്‍ പയറ്റും. ചിലര്‍ വളരെ നിഷ്‌കളങ്കമായി ഇഷ്ടക്കേടങ്ങ് പ്രകടിപ്പിക്കും. എന്നാല്‍ അതുകൊണ്ടൊന്നും ഉടമസ്ഥര്‍ അവരെ വെറുതെ വിടുകയില്ലല്ലോ. 

എന്നാല്‍ അല്‍പം കൂടി നാടകീയമായി ബോധം കെടുന്നതായി അഭിനയിച്ചാലോ? അതെ, നഖം വെട്ടാന്‍ തുടങ്ങുമ്പോഴേക്കും പതിയെ തല കറങ്ങി, വീഴുന്നതായി അങ്ങ് കാണിച്ചേക്കുക. അത്തരമൊരു ടിക് ടോക്ക് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കിടന്നുകറങ്ങുന്നത്. 

മുമ്പെപ്പോഴോ പുറത്തുവന്ന വീഡിയോ ആണിത്. എന്നാല്‍ ഇപ്പോള്‍ ആരോ പങ്കുവച്ചതോടെ വീണ്ടും സംഗതി വൈറലായിരിക്കുകയാണ്. രസകരമാണ് സംഭവം. വീട്ടിനുള്ളിലിരുന്ന് ഉടമസ്ഥയായ യുവതി കട്ടറുപയോഗിച്ച് പട്ടിയുടെ നഖം വെട്ടാന്‍ ഒരുങ്ങുന്നു. അപ്പോള്‍ മുതലേ 'ഡ്രാമ' തുടങ്ങുകയായി. 

പതിയെ കണ്ണ് മുകളിലേക്കാക്കി, തല ചരിച്ച് നഖം വെട്ടുന്നതിന് മുമ്പ് ഒരൊറ്റ വീഴ്ചയാണ്. മുമ്പും ഇത്തരത്തില്‍ നഖം വെട്ടുന്നത് ഒഴിവാക്കാനായി പട്ടികള്‍ ബോധം കെട്ട് വീഴുന്നതായി അഭിനയിക്കുന്ന ടിക് ടോക് വീഡിയോകള്‍ വന്നിട്ടുണ്ട്. എന്തായാലും പട്ടിയുടെ 'ഡ്രാമ'യ്ക്ക് വന്‍ വരവേല്‍പാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴും ലഭിക്കുന്നത്.

വീഡിയോ കാണാം...