Asianet News MalayalamAsianet News Malayalam

അടുക്കള അടിപൊളിയാക്കാം, കുറഞ്ഞ സമയം കൊണ്ടുതന്നെ; ഇതാ ചില പൊടിക്കൈകള്‍...

അടുക്കള വൃത്തിയാക്കുമ്പോഴാകട്ടെ പാചകം കഴിഞ്ഞ് പെട്ടെന്ന് തന്നെ ചെയ്തില്ലെങ്കില്‍ കറയും അഴുക്കും മെഴുക്കുമെല്ലാം സ്ലാബുകളിലും ചുവരിലും സ്റ്റൗവിലും മറ്റും പറ്റിപ്പിടിച്ച് ഇരട്ടിപ്പണിയുമാകും.

tips to clean kitchen tiles effectively and easily
Author
First Published Nov 9, 2023, 5:14 PM IST

വീടുകളില്‍ പാചകം ചെയ്യുന്നതിനെക്കാള്‍ മിക്കവര്‍ക്കും തലവേദന പിടിച്ച ജോലിയാണ് അടുക്കള വൃത്തിയാക്കല്‍. പാത്രം കഴുകലും അടുക്കള വൃത്തിയാക്കലുമാണ് മിക്ക ദിവസങ്ങളിലും ആവര്‍ത്തിച്ചുവരുന്ന ജോലിയും. അതിനാല്‍ തന്നെ അധികപേര്‍ക്കും ഇഷ്ടമേയല്ലാത്ത വീട്ടുജോലികളായിരിക്കും ഇവ. 

അടുക്കള വൃത്തിയാക്കുമ്പോഴാകട്ടെ പാചകം കഴിഞ്ഞ് പെട്ടെന്ന് തന്നെ ചെയ്തില്ലെങ്കില്‍ കറയും അഴുക്കും മെഴുക്കുമെല്ലാം സ്ലാബുകളിലും ചുവരിലും സ്റ്റൗവിലും മറ്റും പറ്റിപ്പിടിച്ച് ഇരട്ടിപ്പണിയുമാകും. പിന്നീട് ഇതൊന്ന് വൃത്തിയാക്കി അടുക്കള ഭംഗിയാക്കിയെടുക്കുകയെന്നത് എളുപ്പമാകില്ല. 

പലരും താല്‍ക്കാലികമായി ഒന്ന് തുടച്ചെടുത്ത് തൃപ്തരാവുകയേ ഉള്ളൂ. എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ വിശദമായി വൃത്തിയാക്കും. ഇങ്ങനെ വിശദമായി വൃത്തിയാക്കുമ്പോഴാകട്ടെ കറയും അഴുക്കുമെല്ലാം ഉരച്ച് കഴുകിയെടുക്കാൻ സമയവും അധ്വാനവും എത്ര ചിലവിടണം!

എന്നാലീ ജോലി അല്‍പം എളുപ്പത്തിലാക്കാനുള്ള ചില പൊടിക്കൈകളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചെറുനാരങ്ങാനീരും വെള്ളവും ചേര്‍ത്ത് യോജിപ്പിക്കുന്ന ലായനിയില്‍ മുക്കി തുടയ്ക്കുന്നത് കറയും അഴുക്കും എളുപ്പത്തില്‍ നീക്കുന്നതിനും ദുര്‍ഗന്ധമകറ്റുന്നതിനുമെല്ലാം സഹായിക്കും. ചെറുനാരങ്ങയിലുള്ള സിട്രിക് ആസിഡ് ആണ് കറയിളക്കാനും മറ്റും എളുപ്പത്തില്‍ സഹായിക്കുന്നത്. 

ഒരു കപ്പ് വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് ഇതിലൊരു സ്പോഞ്ച് മുക്കി ടൈലുകളിലും മറ്റും നന്നായൊന്ന് തുടച്ച് 20-30 മിനുറ്റ് നേരം വയ്ക്കുക. ഇത് കഴിഞ്ഞ് നനവുള്ള മറ്റൊരു തുണി കൊണ്ട് തുടച്ചെടുത്താല്‍ ജോലി തീര്‍ന്നു. 

രണ്ട്...

ചെറുനാരങ്ങ പോലെ തന്നെ മികച്ചൊരു ക്ലീനിംഗ് ഏജന്‍റാണ് ബേക്കിംഗ് സോഡയും. 5-6 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ 2 ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് യോജിപ്പിച്ചെടുക്കണം. നനവുള്ളൊരു തുണി കൊണ്ട് ആദ്യം വൃത്തിയാക്കേണ്ട ടൈലുകളും മറ്റും ഒന്ന് തുടക്കുക.ശേഷം ബേക്കിംഗ് സോഡ പേസ്റ്റ് എല്ലായിടത്തുമൊന്ന് തേച്ച് ഏതാനും നിമിഷങ്ങള്‍ വച്ച ശേഷം വെള്ളം കൊണ്ട് കഴുകിയെടുക്കുക. 

മൂന്ന്...

വിനാഗിരിയും ഇതുപോലെ നല്ലൊരു ക്ലീനിംഗ് ഏജന്‍റാണ്. വെള്ളത്തില്‍ നേര്‍പകുതി വിനാഗിരി ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക. ഇത് അല്‍പനേരം വയ്ക്കണേ. ടൈല്‍സെല്ലാം നനവുള്ള തുണി കൊണ്ട് തുടച്ച ശേഷം, പിന്നീട് വിനാഗിരി- വെള്ളം മിശ്രിതം സ്പ്രേ ചെയ്ത് അല്‍പനേരം വയ്ക്കുക. ശേഷം വീണ്ടും വെള്ളം കൊണ്ട് തുടച്ചെടുക്കാം. 

നാല്...

ബ്ലീച്ചും നല്ലൊരു ക്ലീനിംഗ് ഏജന്‍റാണ്. നല്ലൊരു ഡിസ്-ഇൻഫെക്ടന്‍റ് കൂടിയാണ് ബ്ലീച്ച്. 1-2 ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ കാല്‍ക്കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ആദ്യം നനവുള്ള തുണി കൊണ്ട് ടൈല്‍സ് നല്ലതുപോലെ തുടച്ച് ശേഷം ബ്ലീച്ച് തേക്കാം. 5-10 മിനുറ്റിന് ശേഷം വെള്ളം കൊണ്ട് തുടച്ച് വൃത്തിയാക്കുകയും ചെയ്യാം. 

അഞ്ച്...

കറയും മെഴുക്കുമെല്ലാം പെട്ടെന്ന് നീക്കാൻ അമ്മോണിയവും ഉപയോഗിക്കാവുന്നതാണ്. മൂന്ന് കപ്പ് വെള്ളമെടുത്ത് അതില്‍ അരക്കപ്പ് അമ്മോണിയ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഇത് ടൈല്‍സിലെല്ലാം തേച്ച് പിടിപ്പിക്കുക. ഇത് ചെയ്യുമ്പോള്‍ ഗ്ലൗസ് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണേ. സ്പോഞ്ച് വച്ചാണ് മിശ്രിതം തേക്കേണ്ടത്. അല്‍പസമയം വച്ച ശേഷം വെള്ളം കൊണ്ട് ടൈല്‍സ് തുടച്ച് വൃത്തിയാക്കിയെടുക്കാം.

Also Read:- ഇൻഡക്ഷൻ സ്റ്റൗ വൃത്തിയാക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ മനസിലാക്കുക...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios