​മുഖക്കുരു എന്നാൽ വെറുമൊരു കറുത്ത പാടല്ല, അത് ആറ് തരത്തിലുണ്ട്! അഴുക്ക് അടിഞ്ഞുകൂടി വരുന്ന ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ മുതൽ വേദനയുള്ള പാപ്യൂൾസ്, പഴുപ്പ് നിറഞ്ഞ പുസ്റ്റുൾസ്, ചർമ്മത്തിന്റെ ആഴങ്ങളിൽ വരുന്ന നോഡ്യൂൾസ്, സിസ്റ്റിക് അക്നെ.

സ്ത്രീ പുരുഷ ഭേദമന്യേ കണ്ടുവരുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. പ്രായപൂർത്തിയാകുമ്പോൾ കണ്ടുവരുന്ന സാധാരണ കുരുക്കൾ മുതൽ മുതിർന്നവരിലും കൗമാരക്കാരിലും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്ന മുഖക്കുരു വരെ ഇതിൽ ഉൾപ്പെടുന്നു. മുഖക്കുരു എന്നാൽ കവിളിൽ വരുന്ന ചെറിയ കുരുക്കൾ മാത്രമല്ല. ചർമ്മത്തിന്റെ സ്വഭാവത്തിനും കാരണങ്ങൾക്കും അനുസരിച്ച് മുഖക്കുരുവിനെ പ്രധാനമായും തരത്തിലാണ് ഉള്ളത്. ഇവ ഏതാണെന്ന് കൃത്യമായി തിരിച്ചറിഞ്ഞാൽ മാത്രമേ ശരിയായ ചികിത്സ നൽകാൻ സാധിക്കൂ. അല്ലാത്തപക്ഷം തെറ്റായ പരീക്ഷണങ്ങൾ മുഖത്ത് ഉണങ്ങാത്ത പാടുകൾ ഉണ്ടാക്കാൻ കാരണമാകും.

വ്യത്യാസ്ത തരം മുഖക്കുരു

ബ്ലാക്ക് ഹെഡ്‌സ്: ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കും എണ്ണമയവും അടിഞ്ഞുകൂടി വായുവുമായുള്ള സമ്പർക്കം മൂലം കറുത്ത നിറമായി മാറുന്നവയാണിത്.

  • വൈറ്റ് ഹെഡ്‌സ്: ചർമ്മത്തിലെ സുഷിരങ്ങൾ പൂർണ്ണമായും അടഞ്ഞുപോകുന്നത് മൂലം ഉണ്ടാകുന്ന വെളുത്ത നിറത്തിലുള്ള ചെറിയ കുരുക്കൾ.
  • പാപ്യൂൾസ് : ചർമ്മത്തിൽ കാണപ്പെടുന്ന ചെറിയ ചുവന്ന തടിപ്പുകൾ. ഇവ തൊടുമ്പോൾ നേരിയ വേദന അനുഭവപ്പെട്ടേക്കാം.
  • പുസ്റ്റുൾസ് : പാപ്യൂൾസിന് സമാനമാണെങ്കിലും ഇവയുടെ അറ്റത്ത് വെള്ളയോ മഞ്ഞയോ നിറത്തിൽ പഴുപ്പ് കാണപ്പെടും.
  • നോഡ്യൂൾസ് : ചർമ്മത്തിന്റെ ആഴങ്ങളിൽ ഉണ്ടാകുന്ന കഠിനമായ വേദനയുള്ളതും വലിപ്പമുള്ളതുമായ കട്ടികൂടിയ കുരുക്കൾ. ഇവ മാറ്റാൻ ചർമ്മരോഗ വിദഗ്ദ്ധന്റെ സഹായം അത്യാവശ്യമാണ്.
  • സിസ്റ്റിക് അക്നെ : ഏറ്റവും ഗുരുതരമായ അവസ്ഥയാണിത്. ചർമ്മത്തിന്റെ ഉൾഭാഗത്ത് പഴുപ്പ് നിറഞ്ഞ് വേദനയുള്ള വലിയ മുഴകൾ പോലെ ഇവ കാണപ്പെടുന്നു.

വീട്ടിൽ പരീക്ഷിക്കാവുന്ന നാടൻ വിദ്യകൾ

വിലകൂടിയ ക്രീമുകൾക്കും മരുന്നുകൾക്കും പകരം നമ്മുടെ അടുക്കളയിലുള്ള ചേരുവകൾ കൊണ്ട് മുഖക്കുരുവിനെ ഫലപ്രദമായി നേരിടാം. ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്യാൻ ആവി പിടിക്കുന്നത് സുഷിരങ്ങൾ തുറക്കാൻ സഹായിക്കും.

ആര്യവേപ്പിലയും മഞ്ഞളും: ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ആര്യവേപ്പില അരച്ചതും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് അണുബാധ തടയാൻ സഹായിക്കും.

കറ്റാർ വാഴ : മുഖക്കുരു മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാൻ കറ്റാർ വാഴ ജെൽ നേരിട്ട് പുരട്ടുന്നത് ഉത്തമമാണ്. ഇത് ചർമ്മത്തെ തണുപ്പിക്കുകയും വേഗത്തിൽ ഉണങ്ങാൻ സഹായിക്കുകയും ചെയ്യും.

തേൻ: പ്രകൃതിദത്തമായ ഒരു ആന്റിസെപ്റ്റിക് ആണ് തേൻ. രാത്രി ഉറങ്ങുന്നതിന് മുൻപ് അല്പം തേൻ മുഖക്കുരുവിൽ പുരട്ടുന്നത് കുരുക്കൾ വേഗത്തിൽ ചുരുങ്ങാൻ കാരണമാകും.

ഐസ് തെറാപ്പി: പാപ്യൂൾസ് പോലുള്ള വേദനയുള്ള തടിപ്പുകൾക്ക് ഐസ് കഷ്ണം ഒരു വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് 5-10 സെക്കൻഡ് വെക്കുന്നത് വേദന കുറയ്ക്കാനും വീക്കം ഇല്ലാതാക്കാനും സഹായിക്കും.

തക്കാളി നീര്: എണ്ണമയമുള്ള ചർമ്മക്കാർക്ക് തക്കാളി നീര് പുരട്ടുന്നത് സെബം ഉത്പാദനം കുറയ്ക്കാനും ചർമ്മം ശുദ്ധീകരിക്കാനും സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുഖക്കുരു ഒരിക്കലും നഖം കൊണ്ട് നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യരുത്. ഇത് പാടുകൾ വർദ്ധിപ്പിക്കാനും അണുബാധ മുഖത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും കാരണമാകും. ദിവസവും ചുരുങ്ങിയത് 3 ലിറ്റർ വെള്ളം കുടിക്കുന്നതും എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ കുറയ്ക്കുന്നതും മുഖക്കുരുവിനെ തടയാൻ സഹായിക്കും. എങ്കിലും നോഡ്യൂൾസ്, സിസ്റ്റിക് അക്നെ തുടങ്ങിയ കഠിനമായ അവസ്ഥകളിൽ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറെ കാണാൻ പ്രത്യേകം ശ്രദ്ധിക്കുക.