ചെന്നൈ:  തമിഴ്നാട്ടിലെ മൃഗഡോക്ടര്‍മാര്‍ ചേര്‍ന്ന് ഒരു പശുവിന്‍റെ വയറ്റില്‍ നിന്നെടുത്തത് 52 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം. വയറുവേദനകൊണ്ട് പശു പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കാറുണ്ടായിരുന്നുവെന്ന് ഉടമ പറഞ്ഞു. പശുവില്‍ നിന്ന് പാല് കിട്ടുന്നതും നിന്നിരുന്നു. 

തമിഴ്നാട് വെറ്റെറിനറി ആന്‍റ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി(ടിഎഎന്‍യുവിഎഎസ്)യുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. സംഭവം പ്ലാസ്റ്റിക് വസ്തുക്കള്‍ മൃഗങ്ങള്‍ക്കുണ്ടാക്കുന്ന ഭീഷണിയെയാണ് സൂചിപ്പിക്കുന്നതെന്ന് സര്‍വ്വകലാശാലയിലെ ക്ലിനിക്സ് ഡയറക്ടര്‍ എസ് ബാലസുബ്രഹ്മണ്യം പറഞ്ഞു. 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ അമിതമായ ഉപയോഗമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നത്. മാലിന്യങ്ങള്‍ ഭക്ഷണമാക്കുന്ന മൃഗങ്ങളിലേക്ക് പ്ലാസ്റ്റിക് വസ്തുക്കള്‍ എത്തുകയാണ്. ഇത് കണ്ടെത്താനാകില്ലെന്നത് ജീവന് ഭീഷണിയാകുകയാണ്. 

ആറ് മാസം മുമ്പ് വെല്ലൂരില്‍ നിന്നാണ് പി മുനിരത്നം പശുവിനെ വാങ്ങിയത്. 20 ദിവസം മുമ്പ് പശു ഒരു കുഞ്ഞിനെ പ്രസവിച്ചു. എന്നിട്ടും ആകെ ലഭിച്ചത് മൂന്ന് ലിറ്ററില്‍ താഴെ പാല് മാത്രമാണ്. 

പ്രാഥമികമായ പരിശോധനയില്‍ തന്നെ വയറ്റിനുള്ളില്‍ പ്ലാസ്റ്റിക്കിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. അള്‍ട്രാസൗണ്ട് സ്കാനിംഗില്‍ പശുവിന്‍റെ വയറിന്‍റെ 75 ശതമാനവും പ്ലാസ്റ്റിക് ആണെന്ന് കണ്ടെത്തി. പരിശോധനയെ തുടര്‍ന്ന് പ്ലാസ്റ്റിക് കണ്ടെത്തിയതോടെ ശസ്ത്രക്രിയയിലൂടെ പ്ലാസ്റ്റിക് നീക്കം ചെയ്യാന്‍ ഡോക്ചര്‍മാര്‍ തീരുമാനിച്ചു. 

രാവിലെ 11 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് 4.30നാണ് അവസാനിച്ചത്. ശസ്ത്രക്രിയക്ക് മുനിരത്നത്തിന് ആകെ ചെലവായത് 70 രൂപ മാത്രമാണ്. റെജിസ്ട്രേഷന് 20 രൂപയും ശസ്ത്രക്രിയക്ക് 50 രൂപയും. ഒരു സ്വകാര്യ ആശുപത്രിയില്‍ ഈ ശസ്ത്രക്രിയയ്ക്ക് 35000 രൂപ ചെലവ് വരും. പശുവിന്‍റെ വിലയുടെ പകുതിയോളമാണിത്.