കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സാധാരണജീവിതത്തില്‍ നിന്ന് മാറി ഒറ്റപ്പെട്ട് കഴിയുമ്പോള്‍ പല പ്രതിസന്ധികളും നമ്മള്‍ നേരിട്ടേക്കാം. അതില്‍ മിക്ക കുടുംബങ്ങളും നേരിട്ട ഒരു പ്രശ്‌നമായിരിക്കും കുട്ടികളെ കൈകാര്യം ചെയ്യാന്‍ കഴിയാതെ പോകുന്ന സാഹചര്യം. 

മുതിര്‍ന്നവര്‍ക്ക് പുറത്തെ സാഹചര്യവും അതിന്റെ ഗൗരവവും മനസിലാകുന്നത് കൊണ്ട് തന്നെ വിരസമായാലും വീട്ടിലിരിപ്പില്‍ തൃപ്തി കണ്ടെത്തിയേ മതിയാകൂ. എന്നാല്‍ കുട്ടികളുടെ കാര്യം അങ്ങനെയല്ലല്ലോ, അവര്‍ക്ക് രോഗവും അതിന്റെ ഗുരുതരമായ അവസ്ഥകളുമൊന്നും അറിയാന്‍ സാധ്യതയില്ലാത്തതിനാല്‍ പുറത്തുപോകാന്‍ വേണ്ടി അവരെപ്പോഴും ശാഠ്യം പിടിച്ചേക്കാം. 

പല മാതാപിതാക്കളും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും എഴുതി, പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വീട്ടിനകത്തും പരിസരത്തുമായി അവരെ പിടിച്ചുനിര്‍ത്താന്‍ നേരിടുന്ന വെല്ലുവിളികള്‍, അവരെ സന്തോഷിപ്പിക്കാന്‍ കണ്ടെത്തുന്ന പുതിയ കളികള്‍, അവരുടെ വിരസത മാറ്റാന്‍ പരീക്ഷിക്കുന്ന ഉപായങ്ങള്‍ ഇങ്ങനെ പലതും മാതാപിതാക്കള്‍ പങ്കുവച്ചിരുന്നു. 

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയെ കുറിച്ചാണ് ഇനി പറയുന്നത്. ക്വറന്റൈന്‍ കാലത്തെ അതിസാഹസികതയെന്ന് വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. കുട്ടികള്‍ എത്ര ശാഠ്യം പിടിച്ചാലും ഒരിക്കലും മുതിര്‍ന്നവര്‍ ചെയ്തുകൂടാത്ത അപകടം പിടിച്ച ഒരു പ്രവര്‍ത്തി. മാതാപിതാക്കള്‍ എങ്ങനെ കുട്ടികളെ സന്തോഷിപ്പിച്ചുകൂട, എന്നതിനൊരു ഉത്തമ മാതൃക. 

അമേരിക്കയില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. 'മെക്‌സിക്കന്‍ ഹെരാള്‍ഡ്' ജേണലിസ്റ്റ് ജൊനാഥന്‍ പാഡില തന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യമാണിത്. ഒരു വന്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ എട്ടാം നിലയില്‍ കുഞ്ഞിനെ ഊഞ്ഞാലിലിരുത്തി ഊക്കില്‍ ആട്ടുന്ന വ്യക്തി. ഇത് കുഞ്ഞിന്റെ അച്ഛനാണെന്നതില്‍ വ്യക്തതയില്ല. പക്ഷേ ആരാണെങ്കിലും അത് ശുദ്ധ മണ്ടത്തരവും അപകടം പിടിച്ചതുമായ വിനോദമായിപ്പോയി എന്നാണ് വീഡിയോ വൈറലായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായം. 

വളരെ ശക്തിയോടെ കുഞ്ഞിനെ ഊഞ്ഞാലില്‍ ആട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു നിമിഷം കുഞ്ഞിന്റെ കയ്യൊന്ന് അയഞ്ഞുപോയാല്‍ എട്ടാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് അവള്‍/അവന്‍ താഴേക്ക് ചിതറിവീഴും. നെഞ്ചിടിക്കുന്ന ഈ വീഡിയോ ഒരു 'വാണിംഗ്' എന്ന തരത്തിലാണ് ഇപ്പോള്‍ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. 

 

Just because you cannot go to the park does not mean you can risk your childs life... from r/insaneparents

 

'പാര്‍ക്കില്‍ കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നോര്‍ത്ത് നിങ്ങളൊരിക്കലും നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ ഇങ്ങനെ പണയപ്പെടുത്തി കളിക്കരുത്...' എന്നാണ് 'റെഡ്ഡിറ്റ്' എന്ന സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കുവച്ച വ്യക്തി എഴുതിയത്. ഈ വരികള്‍ തന്നെ കടമെടുക്കുകയാണ് മിക്കവരും. 

Also Read:- ഒളിച്ചിരുന്ന് കാറുകളുടെ ഗ്ലാസ് എറിഞ്ഞ് തകര്‍ത്തു; എട്ട് കുട്ടികള്‍ അറസ്റ്റില്‍ - വീഡിയോ...

കുഞ്ഞുങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലാകുന്നില്ലെങ്കില്‍ അവരെ മാതാപിതാക്കള്‍ അവ പറഞ്ഞുപഠിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും മറിച്ച്, അവരുടെ വാശികള്‍ക്ക് മുമ്പില്‍ വരും വരായ്കകളെ കുറിച്ചോര്‍ക്കാതെ ഇത്തരത്തില്‍ വഴങ്ങിക്കൊടുക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നതിന് പുറമെ കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തെ ദോഷമായി ബാധിക്കുക കൂടി ചെയ്യുമെന്നും വീഡിയോയോട് പ്രതികരിച്ച ചൈല്‍ഡ് സൈക്കോളജിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. ഒരു വിഭാഗം ആളുകള്‍ വീഡിയോയില്‍ കണ്ടയാള്‍ക്കെതിരെ നിയമപരമായ നടപടിയാവശ്യപ്പെട്ടാണ് നില്‍ക്കുന്നത്. എന്തായാലും മാതാപിതാക്കള്‍ക്കുള്ള ഒരു മോശം മാതൃകയാണ് ഈ ദൃശ്യമെന്ന കാര്യത്തില്‍ മാത്രം ആര്‍ക്കും തര്‍ക്കമില്ല.

Also Read:- കുട്ടികളിലെ 'പഠന വൈകല്യം'; രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...