Asianet News MalayalamAsianet News Malayalam

പൂജയോ മന്ത്രമോ ഇല്ല, ഭരണഘടനയെ സാക്ഷിയാക്കി വിവാഹം; കുതിര വണ്ടിയിലെത്തി ദളിത് ദമ്പതികള്‍

പൂജയോ മന്ത്രങ്ങളോ ഉണ്ടായിരുന്നില്ല, പരസ്പരം പ്രണയബദ്ധരായി മരണം വരെ തുടരുമെന്ന് അവര്‍ സത്യം ചെയ്തത് ഭരണഘടയില്‍ കൈവച്ചാണ്...

WEDDING VOWS SWORN ON CONSTITUTION IN RAJASTAN
Author
Jaipur, First Published Oct 18, 2019, 11:44 AM IST

അതത് മതാചാരങ്ങള്‍ക്കടിസ്ഥാനത്തില്‍ വിവാഹം നടത്തുന്നവരാണ് പലരും. എന്നാല്‍ നിയമത്തിന് പ്രാധാന്യം നല്‍കി രാജസ്ഥാനില്‍ ഒരു വിവാഹം നടന്നു. അവിടെ പൂജാരിയോ മന്ത്രോച്ചാരണങ്ങളോ ഉണ്ടായിരുന്നില്ല. എല്ലാത്തിനും സാക്ഷിയായത് ഇന്ത്യന്‍ ഭരണഘടന. 

ഇന്ത്യന്‍ ഭരണഘടനയില്‍ കൈവച്ച് ശപഥം ചെയ്തായിരുന്നു രാജസ്ഥാനിലെ ആ അപൂര്‍വ്വ വിവാഹം നടന്നത്. വിവാഹത്തിനെത്തിയവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചില്ല. പകരം ഗ്രാമത്തില്‍ ഒരു പൊതു ലൈബ്രറി തുടങ്ങാന്‍ പുസ്തകങ്ങള്‍ സമ്മാനിച്ചു. ഇതുമാത്രമല്ല, വിവാഹം പ്ലാസ്റ്റിക് മുക്തമായിരുന്നു. വിവാഹത്തിനെത്തിയവരെല്ലാം മടങ്ങിയത് ഇന്ത്യന്‍ ഭരണഘടനയുമായാണ്. 

ഹൈദരാബാദിലെ സ്വകാര്യക്കമ്പനിയില്‍ ജോലി ചെയ്യുന്ന അജയ് ജാതവും ആല്‍വാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള കരോളി ഗ്രാമത്തിലെ ബബിതയും തമ്മിലുള്ള വിവാഹമാണ് വ്യത്യസതതകൊണ്ട് ലോകമറിഞ്ഞത്. 

'' അജയ്ക്കും എനിക്കും ലിംഗ സമത്വം ഉറപ്പുവരുത്താന്‍ യാഥാസ്ഥിതികമായ ആചാരങ്ങളെ മാറ്റിയെഴുതണമായിരുന്നു. സമൂഹത്തിന് ഞങ്ങളുടെ വിവാഹത്തിലൂടെ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിച്ചു. ഞങ്ങളുടെ കുടുംബം ഈ ആശയം സ്വകരിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ മറ്റുള്ളവരും ഇത് ഏറ്റെടുത്തു. ഞങ്ങള്‍ മറ്റുള്ള ദമ്പതികള്‍ക്ക് പ്രചോദനമാകുമെന്നാണ് കരുതുന്നത്.'' -  വധു ബബിത പറഞ്ഞു. 

അംബേദ്കറിന്‍റെയും ബുദ്ധന്‍റെയും ചിത്രങ്ങള്‍ വച്ച കുതിര വണ്ടിയിലാണ് വധു എത്തിയത്. വിവാഹത്തിന് കുതിര വണ്ടി ഉപയോഗിക്കുന്നതിന് ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ കുതിരവണ്ടിയില്‍ നവവധു എത്തിയതില്‍ നിരവധി പേരാണ് പ്രശംസയുമായെത്തിയത്. 2019 മെയ്യില്‍ രാജസ്ഥാനിലെ ബിക്കനെറില്‍ കുതിരപ്പുറത്ത് വിവാഹത്തിനെത്തിയതിന് ദളിത് വരന്‍ ആക്രമക്കിപ്പെട്ടിരുന്നു. 

ഇതുമാത്രമല്ല അവര്‍ പറയാന്‍ ആഗ്രഹിച്ചത്. പരസ്പരം പ്രണയബദ്ധരായി മരണം വരെ തുടരുമെന്ന് അവര്‍ സത്യം ചെയ്തത് ഭരണഘടയില്‍ കൈവച്ചാണ്. പിന്നീട് ഭരണഘടനയുടെ കോപ്പികള്‍ ആളുകള്‍ക്ക് വിതരണം ചെയ്തു. 30000 രൂപയുടെ പുസ്തകങ്ങളാണ് ദമ്പതികള്‍ കരോളിലെ ലൈബ്രറിക്ക് സമ്മാനിച്ചത്. 

'' പ്രകൃതിക്ക് വേണ്ടി ചെറുതായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. വിവാഹത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ചതേ ഇല്ല. ഭക്ഷണം വിളമ്പിയത് സ്റ്റീല്‍ പാത്രത്തിലും കപ്പിലുമാണ്. വിവാഹക്ഷണക്കത്ത് തുണയിലാണ് പ്രിന്‍റ് ചെയ്തത്. കഴുകിയാല്‍ പിന്നെ ഇത് തുവ്വാലയായി ഉപയോഗിക്കാം. '' -  വരന്‍ അജയ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios