വളര്‍ത്തുമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ പലതും പലയിടങ്ങളിലും മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അപൂര്‍വ്വമായ സംഭവമാണ് കോഴിയുടെ കൊത്തേറ്റ് ഒരാള്‍ മരിക്കുന്നത്, അല്ലേ? കേള്‍ക്കുമ്പോഴേ അവിശ്വസനീയത തോന്നിയേക്കാം. 

എന്നാല്‍ സംഗതി നടന്നത് തന്നെയാണെന്നാണ് ചൈനീസ് ന്യൂസ് ഏജന്‍സിയായ 'ന്യൂ ചൈന ന്യൂസ് ഏജന്‍സി' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസ്‌ട്രേലിയയിലെ കാന്‍ബെറയിലാണത്രേ സംഭവം നടന്നിരിക്കുന്നത്. 

അറുപതിന് മുകളില്‍ പ്രായമുള്ള സ്ത്രീയാണ് തന്റെ വളര്‍ത്തുകോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവരുടെ മറ്റ് വിശദാംശങ്ങള്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലില്ല. 

രാവിലെ മുട്ടയെടുക്കാന്‍ വേണ്ടി, കോഴിക്കൂട് തുറന്ന് അതിനകത്തേക്ക് കയ്യിട്ടതായിരുന്നു വൃദ്ധ. എന്നാല്‍ കൂട്ടിലുണ്ടായിരുന്ന പൂവന്‍ കോഴി  തികച്ചും അപ്രതീക്ഷിതമായാണ് കയ്യില്‍ കൊത്തിയത്. കൂര്‍ത്ത കൊക്ക് കൊണ്ടുള്ള ഒരൊറ്റ കൊത്തില്‍ത്തന്നെ വൃദ്ധയുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞു. രക്തസ്രാവം നിയന്ത്രണാതീതമായതാണ് മരണകാരണമായതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

'വൃദ്ധരായ മനുഷ്യരുടെ ജീവിതം വളര്‍ത്തുമൃഗങ്ങള്‍ക്കിടയില്‍ എത്രമാത്രം സുരക്ഷിതമാണെന്ന് നാം ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു. ഈ പുതിയ സംഭവവും അതാണ് ഓര്‍മ്മിപ്പിക്കുന്നത്. ഓസ്‌ട്രേലിയയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ഇനിയും അവഗണിക്കരുത്. വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം എല്ലാവരെയും ഒരുപോലെ ബാധിക്കില്ല. എന്നാല്‍ വൃദ്ധരുടെ കാര്യം അങ്ങനെയല്ല, അവര്‍ക്ക് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും കാണും. അപ്പോള്‍ ഒരുപക്ഷേ ചെറിയൊരു പരിക്ക് പോലും പ്രതിരോധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് വരാം...' - ഓസ്‌ട്രേലിയയിലെ 'അഡലെയ്ഡ് യൂണിവേഴ്‌സിറ്റിയില്‍' നിന്നുള്ള ഗവേഷകന്‍ റോജര്‍ ബയാര്‍ഡ് പറയുന്നു. 

വളര്‍ത്തുമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇപ്പോള്‍ ബയാര്‍ഡ്. മാസങ്ങള്‍ക്ക് മുമ്പ് വളര്‍ത്തുപൂച്ച മാന്തിയതിനെ തുടര്‍ന്ന് വൃദ്ധ മരിച്ച സംഭവവും ബയാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. വൃദ്ധരായ മനുഷ്യര്‍ക്കൊപ്പം മിക്കപ്പോഴും പൂച്ചയോ പട്ടിയോ പോലുള്ള വളര്‍ത്തുമൃഗങ്ങള്‍ കാണും. ഒരു കൂട്ടിന് വേണ്ടി കൂടെക്കൂട്ടുന്നവര്‍ ഒടുക്കം ജീവനെടുക്കുന്ന സാഹചര്യമുണ്ടാകുന്നത് സ്വയം ആരോഗ്യത്തെ പരിപാലിക്കാനറിയാത്തവരുടെ കാര്യത്തിലാണെന്നത് ഇനിയെങ്കിലും മനസിലാക്കണമെന്നും ബയാര്‍ഡ് അഭ്യര്‍ത്ഥിക്കുന്നു.