ജീവനുള്ള പട്ടിക്കുട്ടിയുടെ മൂക്ക് മുറിഞ്ഞ് താഴേക്ക് വീഴുകയോ? കേള്‍ക്കുമ്പോള്‍ തന്നെ ഞെട്ടലല്ലേ തോന്നുന്നത്? ഇങ്ങനെയെല്ലാം സംഭവിക്കുമോയെന്ന അമ്പരപ്പും തോന്നിയേക്കാം. ഇതുതന്നെയാണ് ജെയ്ഡ് മുറേ എന്ന സ്ത്രിയൂടെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചുതുടങ്ങുമ്പോള്‍ ഓരോരുത്തര്‍ക്കും തോന്നിയത്. 

എന്നാല്‍ കുറിപ്പ് മുഴുവനായി വായിച്ചുകഴിയുമ്പോഴേക്ക് കഥയുടെ ട്വിസ്റ്റ് മനസിലാകും. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് യുകെയിലെ കാവന്‍ട്രിയില്‍ താമസിക്കുന്ന ജെയ്ഡ് തന്റെ പട്ടിക്കുട്ടിയുടെ ചിത്രസഹിതം ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

അമ്മയുടെ പട്ടിക്കുട്ടിയായ ലെന്നിയെ അല്‍പനേരം നോക്കാനിരുന്നതാണ് ജെയ്ഡ്. വീട്ടിനകത്ത് ലെന്നിയുമായി കളിച്ച് സമയം പോയി. ഇതിനിടെയാണ് തറയില്‍ കിടക്കുന്ന എന്തോ ഒന്ന് ജെയ്ഡിന്റെ കണ്ണില്‍പ്പെട്ടത്. എന്താണെന്ന് ആദ്യം മനസിലായില്ല. പിന്നീട് സൂക്ഷിച്ചുനോക്കിയപ്പോഴാണ് മനസിലായത്, അത് ലെന്നിയുടെ മൂക്കാണ്. മുഖത്തുനിന്ന് മൂക്ക് മുറിഞ്ഞ് താഴെ വീണുപോയിരിക്കുകയാണ്. 

തുടര്‍ന്ന് ജെയ്ഡ് ആകെ പരിഭ്രാന്തയായി. ലെന്നിക്ക് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും താനിതെങ്ങനെ അമ്മയോട് പറയുമെന്നെല്ലാം ഓര്‍ത്ത് ജെയ്ഡ് അന്ധാളിച്ചു. അല്‍പനേരം കഴിഞ്ഞപ്പോഴേക്ക് ജെയ്ഡ് സ്വയം ധൈര്യമാര്‍ജ്ജിച്ച് തറയില്‍ വീണുകിടക്കുന്ന മൂക്കെടുത്ത് നോക്കാന്‍ തന്നെ തീരുമാനിച്ചു. 

അപ്പോഴാണ് സംഗതിയുടെ കിടപ്പുവശം ജെയ്ഡിന് മനസിലാകുന്നത്. തന്റെ കളിപ്പാട്ടങ്ങളില്‍ പെട്ട ഏതോ ഒരു പാവയുടെ മൂക്ക് ലെന്നി കടിച്ചെടുത്തതാണ്. എന്നിട്ട് അത് തറയിലേക്ക് ഇട്ടതാണ്. ലെന്നിയുടേയും തറയില്‍ വീണുകിടന്ന കളിപ്പാവയുടെ മൂക്കിന്റേയും ചിത്രങ്ങള്‍ ജെയ്ച് ഫേസ്ബുക്ക് കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍ പട്ടിക്കുട്ടിയുടെ മൂക്കാണെന്നേ തോന്നൂ. ഇക്കാര്യത്തില്‍ ജെയ്ഡിനെ കുറ്റം പറയാനൊക്കില്ലെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. 

എന്തായാലും മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് ലക്ഷത്തിലധികം പേരാണ് പോസ്റ്റിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.