Asianet News MalayalamAsianet News Malayalam

അനസ്തേഷ്യ: ബിനു എം. പള്ളിപ്പാടിന്റെ കവിത വായിക്കാം

കഴിഞ്ഞ ദിവസം അന്തരിച്ച കവി ബിനു എം. പള്ളിപ്പാടിന്‍റെ കവിത വായിക്കാം. അനസ്തേഷ്യ.

anesthesia poem by binu m pallippad
Author
Thiruvananthapuram, First Published Apr 23, 2022, 12:34 PM IST

അടിത്തട്ട് ജീവിതങ്ങളുടെ പല കരകളാണ് ബിനു എം പള്ളിപ്പാടിന്റെ കവിതകള്‍. കവിതയുടെ വരേണ്യ ഇടങ്ങള്‍ക്ക് പുറത്ത് കാലങ്ങളോളം നിശ്ശബ്ദമായി നിന്ന മനുഷ്യരും ജീവിതങ്ങളും അനുഭവങ്ങളും അവിടെ തല ഉയര്‍ത്തി വന്നുനില്‍ക്കുന്നു. പ്രകൃതിയും ദേശവും കീഴാളശരീരങ്ങളും മലയാളകവിതയില്‍ അധികമൊന്നും കണ്ടുപരിചയിക്കാത്ത നൈസര്‍ഗികതയോടെ, ജൈവികതയോടെ ആ കവിതകളില്‍ നിറയുന്നു. ദേശം,  അവിടെ 'കീഴാളവും ജൈവികവുമായ ആവാസവ്യവസ്ഥയെക്കൂടി രേഖപ്പെടുത്തുന്നു'. പ്രകൃതി അവിടെ, ജീവിതത്തിനു പുറത്തുനില്‍ക്കുന്ന അപരിചിത ഇടമല്ല. നിരൂപകയായ കലാചന്ദ്രന്‍ ബിനുവിന്റെ കവിതകളെ ഇങ്ങനെ നിരീക്ഷിക്കുന്നു: 'കറുത്ത മനുഷ്യര്‍ ഉഴുതും കൊയ്തും മെതിച്ചും അളന്നും ജീവിച്ചു മണ്ണടിഞ്ഞ പശച്ചേറിലും വെള്ളത്തിലും ബിനുവിന്റെ ദേശം രൂപം കൊള്ളുന്നു. വിയര്‍പ്പിലും കണ്ണീരിലും ചോരയിലും നിന്ന് വാറ്റിയെടുത്ത ആനന്ദത്തിന്റെ തുള്ളികള്‍ ദേശത്തിന്റെ തന്നെ ജലരൂപകമായി. തൊട്ടും രുചിച്ചും അനുഭവിച്ചറിയുന്ന ഈ ദേശസ്വരൂപം ഹിംസാത്മകവും ഏകശിലാത്മകവുമായ ദേശീയതയ്ക്ക് കീഴിലമരുന്നതിന്റെ ശ്വാസംമുട്ടലും പൊറുതികേടുകളും കൂടി എഴുതുന്നതിലൂടെയാണ് ബിനുവിന്റെ കവിത അതിജീവിക്കുന്നത്. '

എന്നാല്‍, ഒരു മുന്‍വിധിക്കും പിടികൊടുക്കാത്ത ഭാഷയുടെ, ആഖ്യാനത്തിന്റെ കുതറല്‍ ബിനുവിന്റെ കവിതകളെ സവിശേഷമായ വായനാനുഭവമാക്കുന്നു. ഒരേ വഴിയിലൂടെയുള്ള സഞ്ചാരമല്ല അത്. പ്രമേയങ്ങളിലും ആഖ്യാനത്തിലും രചനാരീതികളിലുമെല്ലാം ഓരോ കവിതയും ഒന്നിനൊന്ന് വ്യത്യസ്തം. സ്വപ്‌നത്തിന്റെയും ഉന്‍മാദത്തിന്റെയും സംഗീതത്തിന്റെയുമെല്ലാം സവിശേഷമായ പ്രതലങ്ങള്‍ അതിനുണ്ട്. ഒരു മായാജാലക്കാരനെപ്പോലെയാണ്, കവി ഇവിടെ അനുഭവങ്ങള്‍ കൊരുക്കുന്നത്. അതിനാലാവണം, കവിതയുടെ അകത്തളങ്ങളില്‍ പ്രവേശിക്കുമ്പോള്‍, നമ്മള്‍ വിചിത്രമായ സ്ഥലജലവിഭ്രമങ്ങളില്‍ പെടുന്നു. സൂക്ഷ്മരാഷ്ട്രീയ വിതാനങ്ങളില്‍ കവി തീര്‍ക്കുന്ന മുനമ്പുകളില്‍ അന്തംവിട്ടുനിന്നുപോവുന്നു. പുറേമയ്ക്ക് ലളിതമെന്നു തോന്നിക്കുന്ന കവിതകള്‍ പോലും ആഴങ്ങളില്‍ കടലിളക്കങ്ങള്‍ സൂക്ഷിക്കുന്നു. സംഗീതവും ചിത്രകലയും കവിതയും ചേര്‍ന്നുസൃഷ്ടിക്കുന്ന മായാജാലമെന്ന്, ഒറ്റക്കാഴ്ചയില്‍ ബിനുവിന്റെ കവിതയെ വിശേഷിപ്പിക്കാം. എന്നാല്‍, സൂക്ഷ്മമായ കീഴാള രാഷ്ട്രീയ ബോധ്യങ്ങളാല്‍ മാറ്റിവരയ്ക്കപ്പെട്ടതാണ് ഈ കവിതയിലെ ചിത്രഭാഷയും സംഗീതവും. കാഴ്ചയുടെ സാമ്പ്രദായിക പരിധികളെ അത് ഉല്ലംഘിക്കുന്നു. കേള്‍വിയുടെ വരേണ്യധാരണകളെ തിരുത്തുന്നു. മലയാള കവിതയിലേക്ക് ബിനു കൊണ്ടുവരുന്ന, അടിമുടി ജീവത്തായ ലോകങ്ങള്‍ വരും കാലത്തിന്റെ കാവ്യഭാവുകത്വത്തെയാണ് സ്പര്‍ശിക്കുന്നത്.  

anesthesia poem by binu m pallippad

അനസ്തേഷ്യ

പോകെപ്പോകെ മുഖം
ഒരു കിളിയേപ്പോലെ
കൂർത്തുവന്നു.

ഉടലിലെ ചുളുങ്ങിയ
തൊലിയിൽ
കൈ ഉരയുമ്പോൾ
ഇരണ്ടകളുടെ
ഇരമ്പംകേട്ടു.

വേദന
ഇറച്ചിവെട്ടുകാരനെപ്പോലെ
കണ്ണു മയങ്ങുന്ന
നേരം നോക്കി നിന്നു.

തീരുമാനിച്ചുവച്ചതിൻ്റെ
രണ്ട് ദിവസം മുന്ന്
മുഷിഞ്ഞ വെള്ളയിട്ട
ഒരാൾവന്നു.

പച്ച ബെഡ്ഷീറ്റിന് മറച്ച
പൊടിപിടിച്ച
ഹാളിൻ്റെ മൂലക്ക്
കൊണ്ട് വന്നു.

ഒടിഞ്ഞ കസേരകൾക്ക്
നടുവിൽ തുരുമ്പിച്ച
ഇരുമ്പു കട്ടിലിൽ
ഉരിഞ്ഞ് മാറ്റിയതുണിക്ക്
വലതു വശത്ത് കിടത്തി
ആദ്യം മുഖവും
പിന്നെ
വാടിയ മാംസപ്പുറ്റും
വകഞ്ഞും മറിച്ചിട്ടും
വൃത്തിയാക്കുമ്പോൾ
മുഷിഞ്ഞ തമാശ
പറഞ്ഞു കേട്ടു.

വാർഡിൽമരണം
പലതരം ബഡ്ഷീറ്റുകളാൽ
മൂടി മാറ്റി
ഉരുട്ടുവണ്ടിയുടെ തട്ടിൽ
അവ വളവ് തിരിഞ്ഞ് മറഞ്ഞു
കിടക്കകൾതോറും
ജീവൻ പോയതിൻ്റെ ചുളിവ്

അതിൻ്റെ ശ്രദ്ധ വിടാനായ്
നിവർന്ന ഹാളിൽ
രോഗികൾ ചിരിച്ചും
ഉറക്കെ കഥ പറഞ്ഞും
കാലാട്ടിയുമിരുന്നു

ഞാൻ വിഹായസ്സിൽ
കിടക്കകളുടെ
ഒരു തൂങ്ങിയാടുന്ന
സ്ട്രപ്പീസുകൾ
മനസിൽ വിചാരിച്ചു.

2

പിറ്റേന്ന്
മറ്റൊരാൾ വന്നു
അതേ വെളുത്ത യൂണിഫോമിട്ട്
കവറിൽ നിന്ന്
മയമില്ലാത്ത ഒരു കുഴലിൽ
മെഴുകിയ ദ്രാവകം തൂത്ത്
ഒരുതുണ്ട് മൂക്കിലൂടെ
തിരുകിക്കയറ്റി
അത് കൊടലിൽ
ചെന്ന് കൊണ്ട്
നിന്നതറിഞ്ഞു.

പൊടുന്നനവേ
പലതരം സാമഗ്രികൾ
ദേഹത്തു തൂക്കിയ
ഒരു ട്രൈബായി

മൂക്കിനുള്ളിലെ
എരിവിൻ പാച്ചിലിൽ
വെരുകിനേപ്പോലെ
ജനാലക്കലേക്കോടി
പരക്കം പാഞ്ഞ് രാത്രി
വെളുപ്പിച്ചു

3

ഉരുട്ടു വണ്ടി വന്നു
സുഹൃത്തുക്കളും വീട്ടുകാരും
തലക്ക് ചുറ്റിനും
വേലി പോലെ നിന്നു.
അവർ പിറകോട്ടു നീങ്ങുകയായി

ദുരൂഹതകൾക്ക് മേൽ
നാലാം നിലയിൽ
ഇരുമ്പുപകരണങ്ങൾ
കൂട്ടിയിട്ട ഒരു വലിയ ഹാളിൻ്റെ
വാതിൽ തുറന്നു

വണ്ടി ഉന്തുന്നവർ
ദയാവായ്പു‍കളോടെ
അയാളുടെ തലക്ക്
പിന്നിലൂടെ കുനിഞ്ഞു
യഥാർത്ഥ വാതിലും തുറന്നു
ഒരേപോലെ തോന്നുന്ന
മാസ്ക് ധരിച്ചവർ
നോക്കി നിൽക്കെ
കിടക്കയിലേക്ക് പകർന്നു.

മുട്ടിനിടയിലേക്ക്
തലവരും പാകത്തിന്
ചുരുട്ടിപ്പിടിച്ചു.
നട്ടെല്ലിന് പിന്നിൽ
പച്ചിരുമ്പിൻ്റെ തിളച്ചലാടം
തറഞ്ഞു.
വേദന ആളുമാറി
മാട് അതിൻ്റെ കഠിനകാലം
ഓർക്കുംപോലെ മിഴിച്ച് കിടന്നു.

അവർ എണ്ണാൻ പറഞ്ഞു,
നൂറു വരെ എണ്ണി
ഒന്നുകൂടി വളച്ചു കിടത്തി
ഇടുപ്പിന് പിന്നിൽ
വേദനയുടെ മറ്റൊരു
വിളക്ക് കത്തിച്ചു.
ഒന്ന്... രണ്ട്... മൂന്ന്...

Follow Us:
Download App:
  • android
  • ios