നാട്ടിലെങ്ങും കൊറോണാ വൈറസ് സംഹാര താണ്ഡവമാടുന്ന കാലമാണല്ലോ. കൊവിഡ് കാലത്ത് ജനങ്ങളുടെ കരുതലും പ്രതിരോധങ്ങളും അയയുന്നുണ്ടോ എന്ന ആശങ്കപ്പുറത്ത്, ഈ പോരാട്ടത്തിൽ ജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു കവിതയുമായി എത്തിയിരിക്കുകയാണ് ബെന്നി ബഹന്നാൻ എംപി. 

സ്വന്തം ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് അദ്ദേഹം തന്റെ കൊറോണക്കവിത പങ്കിട്ടിരിക്കുന്നത്. കോവിഡെന്ന മഹാമാരിക്ക് മുന്നിൽ ലോകം മുഴുവൻ അടച്ചിട്ടിരിക്കുന്ന, ശാസ്ത്രവും മനുഷ്യനും പകച്ചു നിൽക്കുന്ന ഇക്കാലത്ത് 'പ്രതിവിധി പ്രതിരോധമൊന്നുമാത്രം' എന്ന മഹദ് സന്ദേശമാണ് ഈ കവിത ജനങ്ങളിലേക്ക് എത്തിക്കുന്നത്. ജാഗ്രതയും കരുതലുമാണ് നമുക്ക് അവശ്യം വേണ്ടുന്നത് എന്നും കവിത വായനക്കാരെ ഓർമ്മപ്പെടുത്തുന്നു. 

കൊറോണയുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞ്, ഇരുളിൻ മറനീക്കി പുറത്തുവരാനിരിക്കുന്ന നല്ലൊരു നാളേക്കുവേണ്ടിയുള്ള പ്രതീക്ഷയിലാണ് കവിത അവസാനിക്കുന്നത്. ബെന്നി ബഹന്നാന്റെ ഈ കവിതക്ക് സംഗീതം നൽകിയിരിക്കുന്നത് സെബി നായരമ്പലം ആണ്. ആലാപനം ഗണേഷ് സുന്ദരം.