Asianet News MalayalamAsianet News Malayalam

ചാരുകേശി,  കവിത എസ് കെ എഴുതിയ കഥ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് കവിത എസ് കെ എഴുതിയ കഥ

chilla amalayalam short story by Kavitha Sk
Author
Thiruvananthapuram, First Published Jun 26, 2021, 2:24 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla amalayalam short story by Kavitha Sk

 

'അവള്‍  തൊടുമ്പോള്‍ ഒരു വീണയാകുന്നു മനസ്സ്'.

അതിനവള്‍ ഒരിക്കലും തൊട്ടിട്ടില്ലല്ലോ. അകലെയെങ്ങോ ഇരുന്ന് വെറുതെ വെറുതെ പറയുന്നതല്ലാതെ.'

അത് പറയുമ്പോള്‍ അയാളുടെ പുതിയ ഫോണിലേക്ക് മീനാക്ഷിയുടെ സന്ദേശങ്ങള്‍ വന്നു കൊണ്ടേയിരിക്കുകയായിരുന്നു.
അന്നേരവും വിളര്‍ത്ത വെയിലിനേക്കാള്‍ വിളര്‍ത്ത അയാളുടെ ചുണ്ടുകളില്‍ കൂടി വാക്കുകള്‍ മുറിഞ്ഞു വീണു കൊണ്ടേയിരുന്നു. 

അയാളിപ്പോള്‍ ഇങ്ങനെയാണ്. ചില സമയങ്ങളില്‍ തീര്‍ത്തും അപരിചിതമായ വാക്കുകള്‍ പറഞ്ഞ് അപരിചിതമായ അന്തരീക്ഷം സൃഷ്ടിച്ച്. 

അയാള്‍ സൂചിമുഖി എന്ന് പേരിട്ട് വിളിക്കുന്ന അയാളുടെ പേരക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'അവിശ്വസനീയം.' അല്ലെങ്കില്‍ അവള്‍ ഉപയോഗിക്കുക ഹോറിബിള്‍ എന്ന ഇംഗ്ലീഷ് പദമാണ്. 

ഇത് രണ്ടും അവളിടക്കിടെ പറയുന്നത് കൊണ്ടും, സദാ സമയവും ഫോണ്‍ ഉപയോഗിക്കുന്നവള്‍ ആയതു കൊണ്ടും അതോടൊപ്പം പുതിയ കാലത്തിന്റെ പുതിയ ശീലങ്ങളില്‍ മുഴകിയവള്‍ ആയതു കൊണ്ടും മറ്റുള്ളവര്‍ ഒന്നും തന്നെ അവളുടെ വാക്കുകളെ ഗൗനിച്ചതേയില്ല. ആ വാക്കുകള്‍ ആ വീട്ടിലങ്ങനെ സൈ്വര്യമായി വിഹരിച്ചു കൊണ്ടേയിരുന്നു. അവളാകട്ടെ തന്റെ ഫോണിലെ കാഴ്ചകള്‍ക്കൊപ്പം തന്നെ അയാളെയും നിരീക്ഷിച്ചു കൊണ്ടിരിക്കയും ചെയ്തു. അതു കൊണ്ട് തന്നെ സൂചിമുഖി എന്ന് വിളിക്കുമ്പോള്‍ അയാളിടക്ക് പഴയ സുചിമുഖി പക്ഷിയുടെ കഥ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കും. അതോടൊപ്പം അയാളുടെ സൂചിമുഖിയുടെ സ്വഭാവവും, അയോളോര്‍ത്തെടുക്കും.പലപ്പോഴും ചിലതൊക്കെ തെന്നി പോവാറാണ് പതിവ് എന്നാലും കുട്ടിക്കാലം മുതല്‍ അവള്‍ മറ്റുള്ളവരെ തിരുത്താന്‍ ശ്രമിച്ചു കൊണ്ടേയിരുന്നിരുന്നത് അയാളുടെ ഉള്ളില്‍ പച്ച പിടിച്ച് നിന്നു.

ഇപ്പോഴും അതു തന്നെയാണ് സംഭവിച്ചത് സൂചിമുഖി ഫോണില്‍ നിന്ന് തലയൂയര്‍ത്തിയ ഉടനെയാണ് അയാള്‍ പറഞ്ഞത് കേട്ടത്.

അയാളുടെ ഭാര്യയപ്പോള്‍ ചായ എടുക്കുന്നതിനായി ഉള്ളിലേക്ക് പോയിരുന്നു. കിതച്ചും വലിച്ചുമാണ് അവരാ വലിയ വീടിന്റെ ഉള്‍ത്തളങ്ങള്‍ താണ്ടുക. അവര്‍ തമ്മിലുള്ള അപരിചിതത്വം തുടങ്ങിയിട്ട് അപ്പോഴേക്കും അനേകം വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. നേര്‍ത്ത രാഗങ്ങള്‍ വീണുടഞ്ഞ് അവിടമാകെ അപശ്രുതി പരന്നിരുന്നു. എങ്കിലും മഴയും വെയിലും അവര്‍ മാറി മാറി കൊള്ളുകയും നിഴലും നിലാവും അവര്‍ മാറി മാറി കാണുകയും ചെയ്തു. പൂത്ത മരങ്ങളെ പറ്റി അയാള്‍ പറയുമ്പോള്‍ പാകമായ കായ്കളെ പറ്റി പറഞ്ഞ് അവര്‍ അയാളെ ഖണ്ഡിച്ചു. എന്നിട്ടു കൂടി അവരങ്ങനെ നീണ്ടും നിവര്‍ന്നും വലിഞ്ഞും ജീവിത ബാക്കിയെ നോക്കി നടന്നു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അയാള്‍ അയാളുടെ പെങ്ങളെ കണ്ട് വന്നത്. പെങ്ങള്‍ അയാളേക്കാള്‍ മുതിര്‍ന്നവളും ഒപ്പം ആരോഗ്യമുള്ളവളും ആയിരുന്നു. മക്കള്‍ ആരും അടുത്തില്ലാതിരുന്നിട്ടും ഈ വാര്‍ദ്ധക്യത്തിലും അവര്‍ സുന്ദരിയായി ഇരിക്കുന്നത് അയാളെ അസ്വസ്ഥപെടുത്തിയിരുന്നു.

അതു മാത്രമല്ല അയാളോട് പഴയ കാര്യങ്ങള്‍ പറഞ്ഞവര്‍ ഉറക്കെ ചിരിക്കുകയും അവരുടെ പഴയ കാല ആല്‍ബങ്ങള്‍ പൊടിത്തട്ടിയെടുത്ത് അതൊക്കെ അയാളെ കാണിക്കുകയും ചെയ്തു. ഊണു കഴിക്കുമ്പോള്‍ അവരെയൊന്ന് അരിശം കൊള്ളിക്കാന്‍ അയാള്‍ ശ്രമിച്ചു നോക്കിയതുമാണ് അപ്പോഴവര്‍ അയാള്‍ക്കിഷ്ടപ്പെട്ട കയ്പക്ക തോരന്‍ നീക്കി അയാളുടെ മുന്നിലേക്ക് വെച്ചു എന്നിട്ട് ഒറ്റക്ക് നില്‍ക്കുന്നതിന്റെ സുഖങ്ങളെ പറ്റി വാചാലയായി. 

അയാളും ഭാര്യയും ഒരിക്കലും ഒറ്റക്കായിട്ടില്ല. കാരണം അവരുടെ മക്കളിലൊരാള്‍ എപ്പോഴും അവര്‍ക്കൊപ്പമുണ്ടായിരുന്നു' അതിനു മുമ്പ് അയാളുടേയും അവരുടെയും അഛനമ്മാര്‍ അവര്‍ക്കൊപ്പം തന്നെയായിരുന്നു. 

അയാള്‍ അയാളുടെ കുട്ടിക്കാലം ഓര്‍ക്കുന്നതും ഈയിടെ ഇത്തിരി അധികമായിരിക്കുന്നു. അഛനും അമ്മക്കും അവര്‍ മൂന്നു മക്കളായിരുന്നു. ചേച്ചിയും അയാളും അനിയനും. അയാള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ചേച്ചിക്കാണ് എപ്പോഴും സ്വയം തീരുമാനമെടുക്കാനുള്ള കഴിവ് കൂടുതലെന്ന്. അതു മാത്രമല്ല സ്വാതന്ത്ര വാദി കൂടിയായിരുന്നു അവളെന്നുമെന്ന്. മക്കളെ ഒക്കെ ഒരു പ്രായം കഴിഞ്ഞാല്‍ ചിറകിന്‍ താഴെ വെക്കരുത്. അവരെ അവരുടെ വഴിക്ക് വിടണമെന്ന് ചേച്ചി പറയാറുള്ളത് ഇടക്ക് അയാള്‍ക്കുള്ളില്‍ തെളിഞ്ഞു വന്നു.

അന്ന് മടങ്ങുന്നതിന് മുന്‍പ് മുകളിലെ മുറികളിലൊന്നിലേക്ക് അയാളെ കൊണ്ടുപോയി കാണിച്ചപ്പോള്‍ അയാള്‍ അല്‍ഭുതപ്പെട്ടു പോയിരുന്നു. അവിടെ അവരുടെ ആ പഴയ ഹാര്‍മോണിയം അവരേക്കാള്‍ സുന്ദരമായി അയാളെ നോക്കി ചിരിച്ചു. 

അയാള്‍ക്കും പെങ്ങള്‍ക്കും അനിയനും സംഗീതത്തില്‍ നല്ല കഴിവുണ്ടായിരുന്നു. പാട്ടുകള്‍ പാടുകയും ചില പരിപാടികളില്‍ അത് അവതരിപ്പിക്കുകയും ചെയതിരുന്ന കാലം അയാളുടെ ഓര്‍മ്മയില്‍ ഒന്നു പുളച്ച് മറിഞ്ഞു. വെറുതെയാണെങ്കിലും 'ചാരുകേശി' രാഗത്തിലുള്ള ഒരു സിനിമാ ഗാനം ഒരുപാട് കാലത്തിനു ശേഷം അയാളുടെ ചുണ്ടിലേക്കെത്തി. 

ഒപ്പം രമേശനും ബാലചന്ദ്രനും, അലമേലുവും. അയാള്‍ക്ക് മുന്നില്‍ വന്നു. പഴയ കാലത്ത് പാട്ടില്‍ തല്‍പരയായ അലമേലു ഇടക്കൊക്കെ അയാളുടെ വീട്ടില്‍ വരുമായിരുന്നു. അന്ന് അവരെല്ലാവരും കൂടിയിരുന്ന് ഹാര്‍മോണിയം വായിച്ച് പാട്ടുകള്‍ പാടുമ്പോള്‍ നേര്‍ത്ത വിഷാദം കലര്‍ന്ന 'ചാരുകേശി'യിലെ പാട്ടുകള്‍ അയാളും അലമേലുവും ഒന്നിച്ച് പാടുമായിരുന്നു. എന്തിനാണെന്നറിയാതെ പാട്ടുകളുടെ അവസാനം 'കണ്ണുനിറഞ്ഞ് വരുന്നത് അവര്‍ രണ്ടു പേരും സമര്‍ത്ഥമായി മറച്ചുവെച്ച് പാട്ടു നിര്‍ത്തി എഴുന്നേറ്റ് പോയിരുന്ന ഓര്‍മ്മയില്‍ എന്ന  പോലെ അയാളാ ഹാര്‍മോണിയത്തിനെ തന്റെതാക്കി മാറ്റാനെന്ന വണ്ണം അതിലെ കട്ടകളില്‍ വിരലോടിച്ചു. 

മടങ്ങാന്‍ നേരം അയാളെത്ര ചോദിച്ചിട്ടും അയാളുടെ ചേച്ചി അത് കൊണ്ടുപോവാന്‍ സമ്മതിച്ചില്ല. ചേച്ചി അങ്ങനെയാണെന്ന് അയാള്‍ക്കറിയാം. അവര്‍ക്കാവശ്യമില്ലെങ്കില്‍ കൂടി ചില സാധനങ്ങള്‍ വെറുതെ എടുത്തു വെക്കും. അനിയന്‍ ഒരിക്കലും ഒന്നിനും അവകാശവുമായി വന്നിട്ടേയില്ല എന്ന സത്യം അവിടെ നിലനില്‍ക്കേ അയാള്‍ ചില സാധനങ്ങളില്‍ അവകാശവാദം ഉന്നയിച്ചു കൊണ്ടേയിരുന്നു. ഈ ഹാര്‍മോണിയം വേണമെങ്കില്‍ ഇടക്ക് വന്ന് കണ്ടു കൊള്ളാനും വായിച്ചു കൊള്ളാനും ചേച്ചി അനുവാദം കൊടുക്കുകയും ചെയ്തു. 

അതിലയാള്‍ ഒട്ടും തൃപ്തനായില്ല എന്നു മാത്രമല്ല വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഭാര്യയോട് ആവശ്യമില്ലാതെ കയര്‍ക്കുകയും അവര്‍ കൊണ്ടു വച്ച ചൂടുള്ള മധുരം പാകമായ ചായ,  ചൂടില്ല എന്ന് പറഞ്ഞ് കുടിക്കുകയും ചെയ്തു. ഒരു നിസ്സംഗതയോടെ അവരയാളെ നോക്കി തിരിഞ്ഞു നടന്നപ്പോഴാണ് ചൂടു ചായ തന്റെ നാവു പൊള്ളിച്ച കാര്യം അയാളോര്‍ത്തത്. അവിടെയും അവള്‍ വിജയിച്ചത് അയാളെ അരിശം കൊള്ളിച്ചു.

 

chilla amalayalam short story by Kavitha Sk

 

അയാളവരെ ഉറക്കെ വിളിക്കുകയും വിളിക്ക് മറുപടി പറയാതെ അവര്‍  വളരെ പതുക്കെ അയാള്‍ക്കരികിലേക്ക് വരികയും ചെയ്തു അവരുടെ മുഖമാകെ ചുവന്നു വിവശമായിരുന്നു. എങ്കിലും അയാളുടെ വിളികളുടെ പൊരുത്തക്കേടുകള്‍ എന്നോ മുതല്‍ അവര്‍ തന്റെ പൊരുത്തങ്ങളായി മാറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായെന്നോണമാവാം ചിലതൊക്കെ പൊട്ടാതെ പൊടിയാതെ ഒത്തുചേര്‍ന്ന് പോവുന്നതെന്ന് ഈയടുത്ത് അയാള്‍ക്ക് ബോധ്യപ്പെട്ട് തുടങ്ങിയിരുന്നു.

അയാളുടെ ജോലി സംബന്ധമായ യാത്രകള്‍ പലപ്പോഴും ദീര്‍ഘമായിരുന്നത് കൊണ്ട് തന്നെ ആദ്യ കാലങ്ങളില്‍ അവര്‍ മക്കളിലൊതുങ്ങി അവരില്‍ ചുരുങ്ങി പിന്നെ തീര്‍ത്തും ഒതുങ്ങി പോയ  സാധാരണയില്‍ സാധാരണയായ ഒരാളായി ജീവിതം വീടിനുള്ളില്‍ നടന്നും അളന്നും തീര്‍ത്തു കൊണ്ടേയിരുന്നു.

ഇന്നാ ഹാര്‍മോണിയം അയാളിലേക്കെത്തിച്ചത് കാലഹരണപ്പെട്ട ഓര്‍മ്മകളുടെ ഈണങ്ങളായിരുന്നു. പഴയൊരു കാലത്തിന്റെ രാഗഭാവങ്ങളിലേക്ക് നടക്കാന്‍ തുടങ്ങുമ്പോഴൊക്കെ പുതിയ കാലത്തിന്റെ തിളക്കുന്ന ചൂടുകള്‍ അരിശം കൊള്ളിച്ച് കൊള്ളിച്ച് അയാളുടെ ഓര്‍മ്മകള്‍ ചൂടുപിടിക്കുകയും അപ്പോഴൊക്കെ അയാള്‍ കലഹപ്പെടുകയും ചെയ്യുന്നത് അവിടെ പതിവായതു കൊണ്ട് സൂചിമുഖി ഒഴികെ ആരും അയാളെ ശ്രദ്ധിച്ചതേയില്ല. 

ഹാര്‍മോണിയത്തിന്റെ കറുപ്പും വെളുപ്പുമായ കട്ടകള്‍ തുടച്ചു മിനുക്കി വെച്ചിരുന്നത് അയാളോര്‍ത്തു. നിറങ്ങളല്ലാത്തത് കൊണ്ട് അവക്ക് നിറഭംഗം വന്നിട്ടുണ്ടായിരുന്നില്ല. 

ഓര്‍മ്മകളില്‍ അയാളാ കാലം തിരഞ്ഞു. അതില്‍ കറുപ്പും വെളുപ്പും കലര്‍ന്ന് അയാളുടെ ചില സുഹൃത്തുകള്‍ വന്നു നിന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതില്‍ ബിരുദാനന്തര ബിരുദ കാലഘട്ടത്തിലെ നാലു പേര്‍ കസേരയിട്ട് ഇരിക്കുന്നത് കണ്ടത്. അയാള്‍ പൊട്ടിച്ചിരിച്ചു. അയാളുടെ ഉണങ്ങിയ വസ്ത്രങ്ങള്‍ മടക്കി വെച്ചു കൊണ്ടിരിക്കുന്ന ഭാര്യ ഒന്ന് ഞെട്ടുകയും പിന്നീട് സാധാരണ പോലെ വസ്ത്രങ്ങള്‍ മടക്കി വെക്കുകയും ചെയ്തു

ഈയടുത്ത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അയാള്‍ക്ക് ഒരു പുതിയ ഫോണ്‍ സൂചീമുഖി വാങ്ങി കൊടുത്തത്. 

ഓര്‍മ്മക്ക് ചില മങ്ങലുകള്‍ ഉണ്ടെങ്കിലും നൂതനമായ സംവിധാനങ്ങള്‍ പഠിക്കാന്‍ അയാളുടെ താല്‍പര്യം കണക്കിലെടുത്ത്. തന്റെ ആദ്യത്തെ ശമ്പളത്തില്‍ നിന്ന് സൂചിമുഖി അയാള്‍ക്കത് വാങ്ങി കൊടുത്തപ്പോള്‍ അയാളുടെ മക്കള്‍ മുഖം ചുളിച്ചിരുന്നു. അപ്പോഴും സൂചിമുഖി അണ്‍ബിലീവബിള്‍ എന്നു പറഞ്ഞ് അവര്‍ക്കിടയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നൂ.

പതുക്കെ പതുക്കെയാണെങ്കിലും അയാളത് തടവിയും തലോടിയും കൂടെ ചേര്‍ത്തു പിടിച്ചു. ഭാര്യയോട് കലഹപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നതിന്റെ ദൈര്‍ഘ്യം കുറഞ്ഞു. വീടിനകം നിശ്ബ്ദമായി മാറിയതും ആയിടക്കാണ്. പാട്ടുകള്‍ തപ്പി പിടിച്ച് കേള്‍ക്കുന്നതില്‍ വിദഗ്ധനായ അയാള്‍ പിന്നീടെപ്പോഴോ  സൗഹൃദ മടക്കുകളില്‍ വീഴുകയും ഒരു പരല്‍മീന്‍ കണക്കെ നീന്തുകയും ചെയ്തു.

സുന്ദരമായ ചില സൗഹൃദങ്ങള്‍ രൂപപ്പെട്ട് വന്നപ്പോള്‍ അയാളതിന്റെ നീലിമയിലേക്ക് എത്തിനോക്കി. അപ്പോഴൊക്കെ അലമേലു ആവശ്യമില്ലാതെ അയാളുടെ സ്മൃതിപഥങ്ങളില്‍ താളമിട്ട് മടങ്ങി. അലമേലുവുമൊത്ത് അയാളവസാനം പാട്ടു പാടിയത് കോളേജിലെ ഫെയര്‍വല്‍ പരിപാടിക്കായിരുന്നുവെന്നത് അയാളുടെ ഓര്‍മ്മയില്‍ തങ്ങി നിന്നു. 

ജോലിയുടെ ഭാഗമായി വിട്ടു നിന്നിരുന്ന യാത്രകളില്‍ ഭാര്യയുടെയും മക്കളുടേയും സാന്നിധ്യമില്ലാത്ത  ഹോട്ടല്‍ മുറികളില്‍ തങ്ങുന്നത് പതിവായിരുന്നു. ജോലിയില്‍ നിന്ന് വിരമിക്കാനായ കാലങ്ങളിലാണ് അലമേലു തന്റെ ഒപ്പം മുറിയില്‍ ഉണ്ട് എന്ന തോന്നല്‍ അയാളില്‍ ജനിച്ചു തുടങ്ങുന്നത്. വീട്ടിലെത്തുന്നതിന് മുന്‍പ് തന്നെ അവള്‍ വഴിപിരിഞ്ഞ് പോവുന്നതും അയാള്‍ അറിഞ്ഞിരുന്നു. ചാരുകേശിയിലെ 'കൃപയാപാലയ' ആയിരുന്നു അവരുടെ പ്രിയ കീര്‍ത്തനം.

മുന്‍പൊക്കെ അയാള്‍ കഥകളും കവിതകളും എഴുതുമായിരുന്നു ആ കാലങ്ങളില്‍ ഇടക്കൊക്കെ അയാളുടെ കഥകള്‍ ചില പ്രസിദ്ധീകരണങ്ങളില്‍ വരികയും ചെയ്തിരുന്നു.പിന്നെ അതൊക്കെ എപ്പോഴാണ് നിലച്ചുപോയതെന്ന ഓര്‍മ്മകള്‍ക്ക് അയാള്‍ തന്നെ വിരാമിട്ടു.

പുതിയ ഫോണ്‍ കൈവന്നപ്പോള്‍ അയാള്‍ അലമേലുവിനെ കുറെ തിരഞ്ഞു. മീനാക്ഷി അലമേലു എന്ന ഒരു പെണ്‍കുട്ടി അങ്ങനെയാണ് അയാളുടെ സൗഹൃദവലയത്തില്‍ വരുന്നത്. എപ്പോഴും പൂക്കുന്ന പുതുനാമ്പ് പോലെ. പുതുലത പോലെ ഇടക്ക് എന്തോ സന്തോഷങ്ങള്‍ ചില നേരം അയാളില്‍ പൊന്തി വരികയും അതോ പോലെ അസ്തമിക്കയും ചെയ്തു കൊണ്ടേയിരുന്നു.

ചില തണുപ്പുകള്‍ അയാളെ കൊണ്ടെത്തിച്ചത് പല ചൂടുകളിലേക്കുമായിരുന്നു.

മീനാക്ഷിയെ പറ്റി അയാളിടക്ക് സൂചിമുഖിയോട് പറയുമ്പോള്‍ അവള്‍ അവിശ്വസനീയം എന്നു നീട്ടി പറയുകയും ഫോണ്‍ വാങ്ങി പരതി നോക്കുകയും ചെയ്തു. അന്നേരമാണ് സൂചിമുഖി അയാളോട് തിരച്ചില്‍ നിര്‍ത്താനവശ്യപ്പെടുന്നത്.  

ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീടയാള്‍ മുറിയില്‍ പോയി നിശബ്ദനായി ഇരുന്നു. മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ മീനാക്ഷി അലമേലു എന്ന പേരിനു നേരെ അപ്പോഴും ആ പച്ച വെളിച്ചമുണ്ടായിരുന്നു.

ഒരു കാലഘട്ടത്തിന് അവസാനമെന്നോണം അയാളാ ഹാര്‍മോണിയത്തിലേക്ക് തന്നെ മടങ്ങി പോയിക്കൊണ്ടിരുന്നു.

പ്രസന്നവതിയായ അയാളുടെ പെങ്ങളുടെ ഓര്‍മ്മ അയാളില്‍ നിന്നും പതുക്കെ മാഞ്ഞു പോവുകയും, മീനാക്ഷി അലമേലു മറവിയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്ത സമയത്താണ് വീണ്ടുമയാള്‍ വര്‍ത്തമാനത്തിലേക്ക് തിരിച്ചു വരുന്നത്.

ചായ പൊള്ളിച്ച അയാളുടെ നാവിലേക്ക് വിചാരിക്കാതെ ഒരു പാട്ട് ഒഴുകിയെത്തി. ചാരുകേശിയിലെ തന്റെ പ്രിയ ഗാനങ്ങളിലൊന്നായ ആ പാട്ട് മൂളി തുടങ്ങവേ തന്റെ സമീപത്തെവിടെ നിന്നോ ആ പാട്ടിന്റെ തുടര്‍ച്ച അയാള്‍ കേട്ടു. സമീപത്തിരിക്കുന്ന ഭാര്യയെ അയാളാര്‍ദ്രതയോടെ നോക്കി. മങ്ങിയ ചിരിയോടെ അവരയാളുടെ ശോഷിച്ച കൈ തലം തടവികൊണ്ടേയിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios