ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ആമി ദേവ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

ഞാന്‍ മരിച്ചാല്‍ 
എന്റെ മയ്യത്ത് കട്ടിലിന് ചുറ്റും 
കുന്തിരിക്കത്തിന്റെ ഗന്ധമുണ്ടാകണം
പ്രേമത്തിന്റെ സുഗന്ധമായിട്ടാവണം 
എനിക്ക് ശയിക്കേണ്ടത്.

തലയ്ക്കലിരുന്നാരും ഓതരുത്
ഞാന്‍ ഓതിയതൊന്നും കേള്‍ക്കാത്ത ദൈവത്തിന്
ഇത് കേള്‍ക്കാന്‍ ചെവി കാണില്ല.

നെറ്റിയിലെ മുറിവില്‍ 
മുത്തമിട്ടാര്‍ക്കുന്ന 
മണിയനീച്ചകളെ തുരത്തിയോടിക്കരുത്
നിങ്ങള്‍ കുത്തിത്തുരന്നത്ര 
അവര്‍ തുരന്ന് കാണില്ല

കാലിലെ ചങ്ങല പാടുകളില്‍ ആരും തടവരുത്.
അടിച്ചേല്‍പ്പിച്ച മുറിവുകളില്‍ 
പരുക്കന്‍ വിരലുകൊണ്ട് 
നിങ്ങളെന്തിന് തൊടണം?

പെരുവിരലില്‍ കൂടി ഇഴഞ്ഞകലുന്ന 
പുഴുക്കളെയാരും തട്ടിയാട്ടരുത്.
ഇനിയെങ്കിലും അവയൊന്ന് 
തുള്ളിച്ചാടി നടന്നോട്ടെ. 

കണ്ണില്‍ നിന്നൊഴുകുന്ന 
ഉപ്പുചാലുകള്‍ക്കാരും മാട്ടം കെട്ടരുത്
ഇനിയെങ്കിലും അവയൊന്ന് 
സ്വതന്ത്രമായ് ഒഴുകട്ടെ. 

മതം തുപ്പുന്നവര്‍ എന്നെ നോക്കരുത്
പ്രേമത്തിന് മതമില്ലെന്നാര്‍ത്തലച്ചതിനു 
ചങ്ങല പണിതു തന്നവരാണ് നിങ്ങള്‍. 

സദസ്സില്‍ അന്തസ്സ് ഛര്‍ദിക്കുന്നവര്‍ 
എന്നെ തിരക്കരുത്
ഒളിവില്‍ നിങ്ങള്‍ 
പല ചൂടും തേടിപ്പോയിട്ടുണ്ട്.

ഞാന്‍ മരിച്ചാല്‍ 
ബന്ധുക്കളെന്റെ ശവമഞ്ചം 
ചുമലിലേന്തരുത്
ഒളിഞ്ഞും തെളിഞ്ഞും 
കുറ്റങ്ങള്‍ കൊണ്ടെന്ന 
കുരിശിലേറ്റിയവരാണവര്‍

ശവം നോക്കി നല്ലത് പറയാന്‍ 
ഓടിയെത്തുന്നവരെ 
ആട്ടിയോടിക്കണം
അത് പറയാന്‍ 
എന്റെ മരണം വരെ 
കാത്തിരുന്നവരാണവര്‍.

സഹതാപം കൊണ്ട് 
മൂക്കത്ത് വിരല്‍ വെക്കുന്നവരെ 
അതിനനുവദിക്കണം
എന്നും ആ വിരല്‍ മൂക്കിലിരിക്കട്ടെ.

നെഞ്ചത്തടിച്ച് നിലവിളക്കുന്നോരോട് 
ഉറക്കെ കരയാന്‍ പറയണം
മോഹങ്ങള്‍ തല്ലിക്കൊഴിച്ചപ്പോള്‍ 
ഞാനും ഇതിനേക്കാള്‍ ഉറക്കെ കരഞ്ഞതാണ്.

ഇനിയെങ്കിലും 
ചുറ്റും കൂടിയിരുന്നെന്നെ
ശ്വാസം മുട്ടിക്കരുത് 
ശ്വാസം വിടാന്‍ നിങ്ങളാരും 
പണ്ടേ സമാധാനം തന്നിട്ടില്ല.

കുട്ടികളോടിക്കളിക്കുമ്പോള്‍ തടയരുത്
മരണവീടിന്റെ ചട്ടക്കൂടുകള്‍ക്കിനിയെങ്കിലും തുള വീഴട്ടെ.

തിന്നുന്നവന് കോരിക്കോരി വിളമ്പണം 
എല്ലാവരും വയറു നിറയെ തിന്നട്ടെ 
വയറെരിച്ചുകൊണ്ടാരും 
നാലാളെ കാണിക്കാന്‍ കരഞ്ഞു കാട്ടണ്ട.

ഞാന്‍ മരിച്ചാല്‍ എന്റെ ശവം െ
മെലാഞ്ചി കാട്ടിലെ ഞാവല്‍ ചോട്ടിലടക്കണം
മൈലാഞ്ചി മണമുള്ള കാറ്റെന്റെ 
അധരങ്ങളെ വാരിപ്പുണര്‍ന്ന് ചുംബിക്കട്ടെ

തല തല്ലി വീഴുന്ന ഞാവല്‍ കായ്കളെ നക്കി നോക്കി
കറ പറ്റിയ നാക്കില്‍ എനിക്ക് പ്രേമമെഴുതണം
പ്രേമം ഒരു കറ പിടിച്ച വീക്ക്‌നെസ്സാണ്.

തല ചായ്ക്കാനൊരു മീസാന്‍ കല്ല് വേണം,
കൊത്തിപ്പാവി ചെത്തി മിനുക്കിയത്,
മുറുക്കാനിടിക്കാനുമത് ധാരാളം,
ഓര്‍മ്മകളെ രാവി മൂര്‍ച്ച കൂട്ടാനുമത് മതി. 

ഇളകിയാടുന്ന കാറ്റില്‍ 
കൈ വിട്ട് വീഴുന്ന 
മഞ്ചാടി മണികളെയാരും പെറുക്കിയെറിയരുത്
ഹൃദയമിടിപ്പിന്റെ ഒച്ച കേട്ടവര്‍ 
ഉറങ്ങിക്കൊള്ളട്ടെ 
അവരെന്റെ ഹൃദയത്തിലെ 
അഭയാര്‍ത്ഥികളാണ്.

ഇടക്കിടക്ക് 
കണ്ണീര് കാണിക്കാന്‍ ആരും എന്നെ തിരക്കരുത്
നല്ലത് പറയാന്‍ 
ഞാന്‍ മണ്ണടിയും വരെ
നോക്കി നിന്നവരാണ് നിങ്ങള്‍.

കടങ്ങള്‍ കൊണ്ടെന്നെ ബുദ്ധിമുട്ടിക്കരുത്.
ഇനിയെങ്കിലും ഞാനൊന്ന് 
സ്വസ്ഥമായുറങ്ങട്ടെ.

ബാധ്യതകള്‍ കൊണ്ടെന്നെ 
തൂക്കിലേറ്റരുത്
മരിച്ചതാണെന്ന ഓര്‍മ്മ വേണം. 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...