ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അഡ്വ. റുക്സാന എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

സ്വര്‍ഗീയ കവാടത്തിന്‍
ഓരത്തിരുന്ന്
വയലാറിനെ കേള്‍ക്കെ,
ദൈവത്തോടായി
ഇന്ത്യയില്‍ നിന്നുള്ള
അന്തേവാസികള്‍
ഇങ്ങനെ പറഞ്ഞു.

വാക്കുകളിലാകെ
ആശയക്കുഴപ്പം.
അര്‍ത്ഥമറിയണം, 
ഒരു നിഘണ്ടു വേണം..

''അതെ, ഒരു നിഘണ്ടു വേണം.
'മ' ഭാഗം നോക്കണം
എനിക്ക്
മതേതരത്വത്തിന്റെ
അര്‍ത്ഥമറിയണം.''

കോട്ടിലെ 
പനിനീരിതളുകൊണ്ട്
രാജസ്ഥാനില്‍നിന്നുള്ള 
ബാലന്റെ
വീര്‍ത്തു പൊട്ടിയ
കണ്ണുതലോടികൊണ്ട്
നെഹ്റു പറഞ്ഞു..

കയ്യില്‍ തോര്‍ത്തിന്റെ
വിലങ്ങുകളില്ലാതെ അട്ടപ്പാടിയിലെ
മധു മൊഴിഞ്ഞു: 
''മ താള് മാറ്റല്ലെ,
എനിക്ക്
'മനുഷ്യന്റെ' 
അര്‍ത്ഥം നോക്കണം.''

വായിച്ചുതീരാത്ത
പുസ്തകവുമായി
രോഹിത് വെമുല ചോദിച്ചു,
''മനുഷ്യന്റെ പര്യായത്തില്‍
ദലിതനെ തിരയാമോ?''

''സ്‌നേഹവും ജാതിയും
വിപരീത പദങ്ങളല്ലേ?''

കെവിനും മനോജും ബാബിലിയും
ഒരുപോലെ ചോദിച്ചു..

സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം!

പലയാവര്‍ത്തി ഉരുവിട്ട്,
ഗോവിന്ദ് പാന്‍സാരെയും
ഗൗരി ലങ്കേഷും വീണ്ടും
പുസ്തകങ്ങളിലേക്ക് മടങ്ങി.

''അതെ, ഒരു നിമിഷം,
അര്‍ത്ഥങ്ങള്‍ക്കിടയില്‍ 
'രക്തസാക്ഷി'യെ തിരയാമോ?''

വട്ടക്കണ്ണട നേരെ വെച്ച്
ഗാന്ധിജി ചോദിച്ചു..


അപ്പോഴും,
തിരക്കുകളില്‍ പെടാതെ
ദൂരെ മാറിനിന്നു
കുശലം പറഞ്ഞു,
അയ്യങ്കാളിയും
അംബേദ്കറും.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...