ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അജേഷ് പി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അന്തികയറുമ്പോഴണയാള്‍
നിറയെ തെറികള്‍ തുപ്പി
വഴി തിരഞ്ഞ് വീടണയുന്നത്.

പടികയറുമ്പോഴെ
ആടിവീഴാറായ
വീടിനെ ചട്ടം
പഠിപ്പിക്കും.

എല്ലുന്തി
വളഞ്ഞു പോയൊരുവളുടെ
ദേഹത്തെ വാക്കുകള്‍ കൊണ്ട്
നഗ്‌നമാക്കും.

എരിയാത്തൊരടുപ്പില്‍
കാര്‍ക്കിച്ചുതുപ്പും.
പട്ടിണി കുത്തിയ
ഓട്ടക്കലങ്ങളെടുത്ത്
പുറത്തേക്കെറിഞ്ഞ്
പ്രാന്തനെപ്പോലെ
പൊട്ടിച്ചിരിക്കു.

ശത്രുരാജ്യങ്ങളിലെക്കെന്നപ്പോലെ
അയല്‍വക്കങ്ങളിലേക്ക്
തേഞ്ഞു പോയ
പഴങ്കഥകളെ
മുഷിഞ്ഞ നാറ്റത്തില്‍
പൊതിഞ്ഞ്
പറത്തിവിടും.

തൊടിയിലേക്കിറങ്ങി
വാഴകള്‍,
ചേമ്പുകള്‍,
കുമ്പള വള്ളികള്‍
അരിഞ്ഞിട്ട്
ജീവതത്തോട്
കൊമ്പുകോര്‍ക്കും.

തിണ്ണയിലിരുന്നു
ഒരു ദീര്‍ഘനിശ്വാസത്തോടൊപ്പം
ഇന്ന് ഏതവനായിരുന്നു
കൂടെ....
എന്നൊരാക്രോശം
വീടാകെ കൊഴിച്ചിടുന്നു.
'
ഒരു വീടൊന്നാകെ
കുലുങ്ങി വിറക്കുന്നു,
ദൈന്യതയുടെ
രണ്ടു കണ്ണുകള്‍
പുറത്തേക്ക് ചാടുന്നു,
വീട്ടുറക്കെ
നിലവിളിക്കുന്നു.

നിലവിളികള്‍
കൊഴിഞ്ഞു വീഴുന്ന
വീടിനു മുന്നിലൂടെ
കാതില്ലാത്ത,
കണ്ണില്ലാത്ത,
വായില്ലാത്ത
അനേകമാളുകള്‍
അങ്ങോട്ടുമിങ്ങോട്ടും
വഴി നടക്കുന്നു.