ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.അംബി ബാല എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

എന്റെ ആട്ടിന്‍കൂട്ടങ്ങള്‍

പെരുമഴപോലെ
വെള്ളം പെയ്യുന്ന
മലയടിവാരത്തില്‍
ഞാനെന്റെ ആട്ടിന്‍പറ്റത്തെ മേയാന്‍ വിട്ടിരിക്കുന്നു.

'സ്വപ്നമേ..'എന്ന നീളന്‍ വിളിയില്‍
വെളുത്ത രോമത്താല്‍ ആവരണം ചെയ്തവള്‍
തുള്ളിച്ചാടി അരികിലെത്തുന്നു.

ഉടന്‍തന്നെ ഞാനവളെ തഴുകി ചുംബിക്കുന്നു.

എന്റെ നീണ്ട ആറാമത്തെ വിരലില്‍
നിര്‍വൃതി പൂക്കുന്നു.

മൂന്നാമത്തെ ഹൃദയത്തില്‍
വെളുത്ത പ്രാവുകള്‍
കുറുകിയുണരുന്നു.

'എന്റെ നിലാവേ എന്റെ നിലാവേ'
എന്ന ചുരുണ്ടുകുറുകിയ വിളിയില്‍
നീലരോമച്ചെവികളാട്ടി
ഒരാട്ടിന്‍കുട്ടി
മരച്ചുവട്ടിലേക്കോടി വരുന്നു.

ഞാനതിനെ അത്ഭുതത്തോടെ
നോക്കുന്നു.

രണ്ടാമത്തെ ഹൃദയത്തില്‍ എന്റെ
പ്രിയന്റെ നീലക്കണ്ണുകള്‍
ആഴത്തിലിറങ്ങുന്നു.

'എന്റെ സ്വപ്നമേ..
എന്റെ സ്വപ്‌നമേ' 
എന്ന് ഞാന്‍ നിശബ്ദമായി കരയുന്നു.

നിറയെപൂത്ത
ഉങ്ങുമരം
ചിരിച്ചുലഞ്ഞതും
എന്റെ കണ്ണുനീര്‍ മാഞ്ഞുപോകുന്നു

പൂക്കളെന്റെ മൂന്നാം
ഹൃദയം താഴിട്ട് പൂട്ടുന്നു.

എന്റെ ആട്ടിന്‍കൂട്ടങ്ങള്‍ ചിതറിയോടുന്നു.

അവ പച്ചപ്പുതേടി കാടുകള്‍ തുരന്നു ഓടിപ്പോകുന്നു.

ഞാനെന്റെ മൂന്ന് കണ്ണുകളും
തുറക്കുന്നു.

വിശുദ്ധിയുടെ-
കരങ്ങളാല്‍
എന്റെ നിഴലുകള്‍
ലാളിക്കപ്പെടുന്നു.

ഞാനെന്റെ സ്വസ്ഥതയില്‍
ഉണര്‍ന്നിരിക്കുന്നു.



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...