ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  അമീന ബഷീര്‍ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


നീണ്ട പ്രാര്‍ത്ഥനകള്‍ക്കൊടുക്കമാണ്
ഒടുവിലവള്‍ ശാന്തമായ തിരമാലകള്‍ക്കു
കാതോര്‍ത്തത്.

നീന്തിത്തുടിക്കുന്ന ജലദൂരങ്ങള്‍ക്കുമപ്പുറം
ഒരൊഴുക്ക്,
അവളിലേക്ക് പുതിയലോകം
വാതില്‍ തുറന്നത് 
വഴിതെറ്റിപ്പോകുന്ന അന്യമായ
ആശുപത്രി മുറികളില്‍
അവള്‍ കയറിയിറങ്ങി.

അവിടെയാണ് തന്റെ പ്രിയപ്പെട്ടവര്‍.
വീണ്ടും വഴിപിഴക്കുന്നു.

നെഞ്ചിലെ പിടച്ചിലുകളില്‍ 
ഒരു വഴിദൂരം
തനിക്കു പ്രിയപ്പെട്ടവരകലെ.

ഉദ്വേഗനിര്‍ഭരമായ ഒരു പദപ്രശ്‌നം
കണക്കേ,
അവളതില്‍ ഉയര്‍ന്നുണര്‍ന്നു
നിലവിളിച്ച്.

മിഴിതുറന്നപ്പോള്‍ കണ്ടത്
ഉമിനീര്‍ മറന്ന തൊണ്ടക്കുഴികളെ
വിയര്‍ത്തു കുളിച്ച വിരിപ്പുകളെ.
എവിടെയോ വീണ്ടും പിന്നിലേക്കു
ആലോലമാടുന്ന തിരമാലകളെ.
അവയെ മാറിവകഞ്ഞു അലക്ഷ്യമാ-
യൊഴുകുന്ന ഒരു ചങ്ങാടത്തെ!

സ്വപ്നങ്ങള്‍ നമുക്കറിയാത്ത
വിചിത്ര ഭാഷകളാണ്
ഒരിടത്തു ജീവിച്ചു മരിച്ചു
ഉയിര്‍ത്തെഴുന്നേറ്റാല്‍പ്പോലും
തിരിയാത്ത
നാടകീയത നിറഞ്ഞയീ
ജീവിതം പോലെ.

ഓരോ പകലിന്റെയറ്റത്തും
കോര്‍ത്തു കെട്ടിയ
തസ്ബീഹ് മാലകള്‍ പോലെ!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...