ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അനുഭൂതി ശ്രീധരന്‍ എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

പേരില്ലാത്തവള്‍

അലക്കുകല്ലിന്‍ ചോട്ടില്‍ മരിച്ചുകിടന്നവള്‍
വിഴുപ്പുകൂനയ്ക്കിടെ മരച്ചുമരച്ചങ്ങനെ 

പന്ത്ര,ണ്ടുച്ചവെയില്‍ തുടച്ചമെഴുകുന്ന
കിണറ്റുതളത്തിലായ് മറിഞ്ഞ കൈത്തൊട്ടിയില്‍
പിണഞ്ഞുകിടപ്പുണ്ട് ഒരുമുടിയിഴ, മുറ്റം
വരണ്ടും കൈക്കോട്ടുണ്ട്, നനഞ്ഞ കുറ്റിച്ചൂലും

അലക്കിക്കഴിഞ്ഞിട്ടും തൂത്തിട്ടും തുടച്ചിട്ടും
അടുപ്പിന്‍ കരിപ്പാത്രംമോറിയും മിനുക്കിയും
കമിഴ്ത്തി വെയിലത്ത് വെച്ചാലേ കുളിയാകൂ
''കുളിച്ചപോലെ വിയര്‍ത്തൊഴുകീരുന്നൂ പാവം''...

കുളിച്ചോ,കഴിച്ചോന്ന് തിരക്കാനാരാ, മക്കള്‍
തിരക്കുള്ളവരല്ലേ അവര്‍ക്കു പണിയില്ലേ 
അവര്‍ക്ക് പണം വേണം അപ്പനു പണിവേണം
അവരെപോറ്റിപ്പോക,ലവള്‍ക്കുള്ളൊരു പണി ..

പനിയുണ്ടാരുന്നത്രേ, മേലുനൊമ്പരോ, മാവി
പിടിച്ചാമാറും പോട്ടെ വേണ്ടൊരു സൈ്വരക്കേട്
ആവിപിടിച്ചില്ലേലുമുഷ്ണമായിരുന്നത്രെ...
രാത്രിയിലെണീറ്റുപോയ് നാലഞ്ചുവട്ടം...പാവം

നെഞ്ഞിനു വിലക്കമുണ്ടനങ്ങാന്‍ വയ്യ
നാലല്ലിയാ വെളുത്തുള്ളി ചൂടുവെള്ളത്തോടൊപ്പം

ഇത്തിരി സുഖംതോന്നി, വെളുപ്പിനെണീറ്റപ്പോള്‍
വെക്കാനും വിളമ്പാനുമവളല്ലാതാരൊരാള്‍...

അനക്കമറ്റുള്ളൊരാ കിടപ്പില്‍ മൂത്രംനന-
ഞ്ഞുടുത്തതുണിയിലും തളര്‍ന്ന കിടപ്പിലും
അറിഞ്ഞങ്ങെത്തുമ്പോഴേയ്ക്കവരുപോയി, മുറ്റ-
ത്തിറമ്പില്‍ കരുപ്പയിലുണ്ടൊരു ചോരക്കറ.

അവള്‍ക്കുപേരുണ്ടത്രേ അറിയില്ലവിടാര്‍ക്കും
പറയാനൊരുപേര് മറന്നുപോയി, പാവം.


മറ

നീതന്ന വഴിയിത്
നീലച്ച വക്ഷസ്സിത്
നിതന്ന മറതന്നി-
ലൊളിക്കും മനസ്സിത്
ആരൂഢം വെടിയുന്ന
പാപത്തിന്‍ പടിയിത്
ആധിപെട്ടൊരു ലോഭ
ചിന്തതന്‍ തുരുത്തിത്
എരിതീവലയത്തില്‍
നിന്നുരക്ഷിക്കുന്നേരം
ചുമലില്‍ നീ തീണ്ടിയ 
വിഷത്തിന്‍ ബാധയിത്
താന്‍താങ്ങും പരിധിയില്‍
മറഞ്ഞുനടക്കുവാന്‍
മാനാപമാനം തന്ന
കലിതന്നുടപ്പിത്

താള്‍പൂട്ടും നിശയിത്
കാന്താരതാരകങ്ങള്‍
സൂര്യോഷ്ണം ജ്വലിപ്പിക്കു-
മാകാശപ്പൊയ്കയിത്
വാക്കുതന്നരിമ്പുള്ള
നുണയാം ചാണക്കല്ലില്‍
വാള്‍നക്കിയിരിക്കുന്ന
നിന്റെ പൈദാഹമിത്
വേവാത്ത വൈകല്യങ്ങള്‍
തിന്നു ഛര്‍ദ്ദിച്ചും പേയാ-
ലാര്‍ത്തിപാര്‍ത്തിരിക്കുന്ന
ദേശിക സഭയിത്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...