ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ആരിഫ. എംപി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


എന്റെ പ്രണയമൊരു വാടകക്കാരിയാണ്.
പകരക്കാരെത്തുമ്പോള്‍
ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന്
എല്ലായ്പ്പോഴും ഭയപ്പെടുന്ന താമസക്കാരിയാണ് ഞാന്‍.

ഇറക്കി വിടും മുന്‍പേ
ഇറങ്ങി പോരണമെന്നുണ്ട്.
പക്ഷെ,
കാണാത്ത കണ്ണുകള്‍ കൊണ്ട്
എന്റെ വാടക വീടെന്നെ
ചുറ്റി പിടിക്കുകയാണ്.
ഉമ്മ വെച്ച് മയക്കി കിടത്തുന്നുവെപ്പോഴും
തൊടാനാവാത്ത ചുണ്ടുകള്‍ കൊണ്ട്.


എന്റെ ആത്മാവടക്കം ചെയ്യാന്‍
ഒരു കൊച്ചു വീടാണെന്റെ സ്വപ്നം.
ഞാനതിന് കിളിക്കൂടെന്ന്
പേര് വെക്കും.

മറ്റുള്ളവര്‍ക്ക് വെറും കൂടെന്നും 
നമുക്ക് മാത്രം വീടെന്നും തോന്നുന്ന 
പ്രണയത്തിന്റെ പറുദീസ.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...