ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ബഹിയ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

നന്ദിയുണ്ട്,
ഒരുവനോടല്ല;
ഓരോ ഒരുവനോടും.

നിഷേധിച്ചിട്ടും
ധിക്കാരം കാട്ടിയിട്ടും
അഹങ്കാരിയായിട്ടും
ആസിഡില്‍ കുതിര്‍ന്ന്
പൊള്ളിയടരാതെയീ
മുഖമിപ്പോഴും ഇങ്ങനെ
സുന്ദരമായി തന്നെ
അവശേഷിപ്പിച്ചതിന്.

കത്തിക്കരിഞ്ഞൊരു
വാര്‍ത്താ വിഭവമാക്കി
നാടു നീളെ
വിളമ്പാതെ പോയതിന്.

നന്ദിയുണ്ട്,
കൗമാരം തുടങ്ങാന്‍ നേരം
പ്രണയമെന്നോതി
നിര്‍ത്താതെ മുഴക്കിയ
സൈക്കിള്‍ മണിയോടെ
പിറകെ കൂടിയ
ഓമനത്തമുള്ള 
മുഖത്തോടു കൂടിയ ഒരുവനോട്.

നിഷേധത്തിനൊപ്പം
സ്‌കൂളില്‍ കൊടുത്ത പരാതിയില്‍
നാടും വീടും വിട്ടോടിപ്പോയി
നാളുകളോളം 
തീ തീറ്റിച്ചു അവന്‍.

പിന്നെ,
പോലീസുകാര്‍ തിരിച്ചു കൊണ്ട് വന്നിട്ടും
കണ്ടില്ലെന്ന് നടിച്ച്
മാറി നടക്കവേ
അവഗണന മടുത്തൊരിക്കല്‍
മനസ്സു നൊന്തു ശപിച്ച്
പുതിയ പ്രണയം കണ്ടെത്തി അവന്‍.

പതിറ്റാണ്ടുകള്‍ക്കിപ്പുറവും
അതേ പ്രണയിനിയെ
നല്ലപാതിയാക്കി ചേര്‍ത്തു പിടിച്ച്
ജീവിതം ആസ്വദിക്കുന്നുണ്ട് അവന്‍.

നന്ദിയുണ്ട്,
ബന്ധങ്ങളെ സൗഹൃദങ്ങളാക്കാനും
സൗഹൃദങ്ങളില്‍ വല്ലാത്തൊരു
അടുപ്പം നിറക്കാനും
മനശ്ശാസ്ത്രത്തില്‍ 
മികവു തെളിയിച്ച ഒരുവനോട്.

ഒടുവില്‍, 
അടുപ്പത്തെ പ്രണയമായ് 
കാണണമെന്നും
ഒരിക്കലെങ്കിലും 
കൂടെ കിടക്കണമെന്നും
വാശിപിടിച്ചു 
കെഞ്ചി അവന്‍.

നിഷേധിച്ചു തള്ളിയതിന്
അവഗണനക്കൊപ്പം 
ഉയര്‍ത്തിയ ഭീഷണിക്ക്
വഴങ്ങാതെ പോയതിന്
പകരമായി
ചീത്തപെണ്ണെന്ന്
വ്യാജ തെളിവുകള്‍ നിരത്തി 
ഭ്രാന്തിന്റെ കുപ്പായം തന്ന്
യൂസുഫാകാന്‍ 
തുനിഞ്ഞു അവന്‍.
പിന്നെ,
ചന്ദ്രനെയും നക്ഷത്രങ്ങളേയും
താടിയില്‍ കൊരുത്ത്
മാസപ്പിറവി തേടി
ദൈവത്തിന്റെ 
കാവല്‍ക്കാരനായി അവന്‍.

നന്ദിയുണ്ട്,
മാന്യതയുടെ പരിശുദ്ധാത്മാവായി
പുഞ്ചിരിച്ചും നിഷ്‌കളങ്കത കാട്ടിയും
ശരീരങ്ങളെ വലവീശിപ്പിടിക്കാന്‍
കേമനായ ഒരുവനോട്.

ഉപദേശങ്ങള്‍ നല്കിയും 
വിനോദങ്ങളില്‍ കൂടെ കൂട്ടിയും
സഹായങ്ങള്‍ നീട്ടിയും
പല പല ഇരകളെ
ഒന്നിച്ചു ചൂണ്ടയില്‍ കൊരുത്തവന്‍.

അവന്‍ തീര്‍ത്ത കുരുക്കുകളില്‍ നിന്ന്
അഹങ്കാരത്തോടെ 
അവനെ തന്നെ
അഴിച്ചെടുക്കാന്‍ ശ്രമിക്കെ,
തന്റെ മുഖംമൂടികള്‍
അഴിഞ്ഞു വീഴുന്നതു കണ്ട്
അസ്വസ്ഥത പൂണ്ട്
നഷ്ടങ്ങളെ 
നോക്കി നിന്നു അവന്‍.

പിന്നെ,
ഉള്ളില്‍ നുരച്ചു പൊന്തിയ വെറുപ്പിനാല്‍
ആരു വിളിച്ചാലും കൂടെ പോകുന്ന
കണ്ണില്‍ കാമം കത്തിച്ച യക്ഷിയെന്ന്
പലവിധ പട്ടങ്ങള്‍ ചാര്‍ത്തി തന്നു അവന്‍.

ഒടുവില്‍ ഞാനൊന്നുമറിഞ്ഞില്ലേയെന്ന
പതിവ് ഭാവത്താല്‍,
വീണ്ടും അഭിനയകലയുടെ
ഉത്തുംഗങ്ങള്‍ കീഴടക്കി
നഷ്ടപ്പെട്ടവയെ വീണ്ടെടുക്കാന്‍
ഇറങ്ങി പുറപ്പെട്ടു അവന്‍.

നന്ദിയുണ്ട്,
ഇനിയും ഒത്തിരി അവന്മാരോട്.

വിദ്യ പകര്‍ന്നു തന്ന ഒരുവനോട്.
ബസ്സില്‍ സൂചി തുളച്ചു കയറി
പിടഞ്ഞ ഒരുവനോട്.
തൊഴിലിടം പങ്കിട്ട ഒരുവനോട്.
ബന്ധുവായവനോട്.
ശിഷ്യനായവനോട്.
കൂടെ പഠിച്ചവനോട്.
കൂട്ടുകൂടിയവനോട്.
ആണായ് പിറന്ന 
പല പല ഒരുവനോടുമുള്ള
നന്ദിയാകുന്നൂ ഈ
പെണ്‍ജീവിതങ്ങളൊക്കെയും.

ഈ നന്ദി കേട്ട് 
ക്ഷമക്കെടുകയാണെങ്കില്‍,
അല്ലയോ അവനേ,
ആസിഡ് ആക്രമണത്തില്‍ നിന്നും
എന്നെ നീ മാറ്റി നിര്‍ത്തണേ.

കഠിന വിഷം തന്ന്
നിനക്കെന്റെ ജീവനെടുക്കാം.
നീ ഒരു സൂചന തന്നാല്‍
ആത്മഹത്യാ കുറിപ്പ് 
ഞാന്‍ തന്നെ കുറിക്കാം.
പിടിക്കപ്പെടാതെ നിനക്ക്
ജീവിക്കുകയും ചെയ്യാം.

ഞാനൊരു വിശാലഹൃദയ
ആയതിനാലല്ല,
മരണശേഷം 
എന്റെ അവിഹിതങ്ങള്‍ ചികഞ്ഞ്,
ചോദ്യങ്ങള്‍ ചോദിച്ച്,
മരിക്കാതെ ബാക്കിയായവരെ
വേട്ടയാടാതെ വിടാന്‍.
ജീവനുള്ളിടത്തോളം 
വ്യഭിചരിക്കാഞ്ഞിട്ടും
ചത്തശേഷം വാക്കുകളില്‍
വീണ്ടും വീണ്ടും 
വ്യഭിചരിക്കപ്പെടാതിരിക്കാന്‍.

അത്രയെങ്കിലും ചെയ്യാന്‍ 
തയ്യാറായേക്കാവുന്ന 
ആ ഒരുവനോട്
ഒരിക്കല്‍ കൂടി പറയട്ടെ,
നന്ദിയുണ്ട് ഒരുപാട്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...