Asianet News MalayalamAsianet News Malayalam

പറിച്ചുമാറ്റപ്പെടുകയെന്നാല്‍...,ദിവ്യ എസ് മേനോന്‍ എഴുതിയ നാല് കവിതകള്‍

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.   ദിവ്യ എസ് മേനോന്‍ എഴുതിയ നാല് കവിതകള്‍

chilla malayalam poem by divya s menon
Author
First Published Apr 28, 2023, 4:30 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

chilla malayalam poem by maneesha mohan

 

1. പറിച്ചുമാറ്റപ്പെടുകയെന്നാല്‍..

എറ്റവും പ്രിയമുള്ളിടങ്ങളില്‍ നിന്ന് 
പറിച്ചുമാറ്റപ്പെടുമ്പോഴുള്ള 
വേദനയറിഞ്ഞിട്ടുണ്ടോ?

ഒരുതരി 
കനല്‍കൊണ്ട്
കാടിനു തീയിടുന്ന 
പ്രതീതിയാണത്

ഒരു കുഞ്ഞുസൂചിമുന കൊണ്ട്
ഒരു ഭൂഖണ്ഡം 
കീറിമുറിക്കപ്പെടുന്ന വേദന.

ഒരു നുള്ള് രക്തം പൊടിഞ്ഞ്
കടലാകെ ചുവക്കുന്ന ഭീതി.

പറിച്ചുമാറ്റപ്പെടുകയെന്നാല്‍,
ഒരു ചെറുകാര്‍മേഘപ്പൊട്ടിനാല്‍ 
ആകാശം
ഇരുട്ടിലാഴുന്ന വിങ്ങലാണ്.

ഒന്നു തെന്നിവീണ് 
താളം തെറ്റുന്ന 
കാറ്റിന്റെ വിഭ്രാന്തി.

പ്രിയമുള്ളിടങ്ങളില്‍ നിന്ന് 
പറിച്ചുമാറ്റപ്പെടുകയെന്നാല്‍,
പല തവണ 
മുറിഞ്ഞുപോയൊരു ജീവനില്‍ 
വിയര്‍പ്പായൊരു 
കടല്‍ വന്നിറങ്ങുന്ന 
നീറ്റല്‍! 


2. അവളെന്നാല്‍...

ആരാണവള്‍?

ഉടലുരുക്കി ഉയിര് കൊടുക്കുന്നവളോ?
ഊണുറക്കമുപേക്ഷിച്ചുറ്റവര്‍ക്ക് കൂട്ടിരിക്കുന്നവളോ?
ഉമ്മകളിലും ഉണ്മകളിലും നന്മ മാത്രം നിറച്ചുവയ്ക്കുന്നവളോ?
ഉറഞ്ഞുപോയ മനസ്സുമായ് ജീവിതത്തെ വാരിപ്പുണരുന്നവളോ?

ഈ ജന്മത്തിലും മറുജന്മത്തിലും 
പതിയുടെ പതിരില്ലാത്ത പാതിയാവുന്നവളോ?
അമ്മയെന്നാല്‍ നന്മയെന്ന് മാത്രം എഴുതുന്നവളോ?
സ്വപ്നങ്ങളുടെ ചിറകരിഞ്ഞു ദുഃഖങ്ങള്‍ക്ക് വളമിടുന്നവളോ?
കണ്ണീരില്‍ കുതിര്‍ന്ന കവിതകളുടെ കാമുകിയാവുന്നവളോ?

ഇവളൊന്നുമല്ല 'അവള്‍'

അവളെന്നാല്‍...
ചിരികളും ചിന്തകളുമാണ്, 
കനവും കനിവുമാണ്, 
യുദ്ധവും സമാധാനവുമാണ്, 
ഭ്രാന്തും ഭ്രമവുമാണ്, 
ശരിയും തെറ്റുമാണ്, 
സത്യവും മിഥ്യയുമാണ്.

അവളെന്നാല്‍...
സ്വപ്നങ്ങള്‍ കൊണ്ട് കരിമഷിയെഴുതുന്നവള്‍.
വികാരവിചാരങ്ങളാല്‍ പൊട്ടുകുത്തുന്നവള്‍.
ജീവന്റെ കരിമ്പിന്‍തുണ്ടില്‍ നിന്നൊരുതരി മധുരം 
അധരങ്ങളില്‍ നിറച്ചുവയ്ക്കുന്നവള്‍.

അവളെന്നാല്‍ 
ഉള്ളിന്നുള്ളിലെ പൂര്‍ണ്ണതയും ശൂന്യതയുമാണ്.
അവളെന്നാല്‍ ഞാനും നീയുമാണ്.

 

3. അമ്മയില്ലായിടങ്ങള്‍

അമ്മയില്ലായിടങ്ങള്‍ കണ്ടിട്ടുണ്ടോ?

മുറ്റത്തെ പുല്ല് 
മുട്ടോളം വളര്‍ന്നുനില്‍പ്പുണ്ടാവും.
ഉമ്മറത്തെ വാതില്‍ 
സദാ അടഞ്ഞുകിടക്കുന്നുണ്ടാവും.

'അമ്മേ' എന്ന് ഉച്ചത്തില്‍ വിളിച്ചാല്‍ 
ആ വിളി പ്രതിധ്വനിക്കും വിധം 
മൗനം കനത്തുനില്‍പ്പുണ്ടാവും.
അമ്മമണമുള്ള മുറിയില്‍ 
ചിതലരിച്ചു തുടങ്ങിയിട്ടുണ്ടാവും.

അന്തിക്ക് 
കോലായില്‍ ഒരുതിരി വിളക്കിന്റെ 
വെട്ടം പോലുമില്ലാതെ 
ഇരുട്ട് മൂടിക്കെട്ടുന്നുണ്ടാവും.
സുരക്ഷിതത്വത്തിന്റെ അമ്മപ്പുതപ്പുകള്‍ 
പിഞ്ഞിക്കീറി നിസ്സഹായതക്ക് 
കൂട്ടിരിക്കുന്നുണ്ടാവും.

എങ്കിലും അമ്മയില്ലായിടങ്ങള്‍ കണ്ടിട്ടുണ്ടോ?

എല്ലാ ഇല്ലായ്മകള്‍ക്കും 
വല്ലായ്മകള്‍ക്കും 
മുകളിലെപ്പോഴുമൊരു വെള്ളിനക്ഷത്രം 
കണ്‍ചിമ്മാതെ കൂട്ടിരിക്കുന്നുണ്ടാവും.
തന്നോളം വളര്‍ന്നെന്നാലും
താനില്ലായ്മകളില്‍ തളരുന്ന 
തളിരിലകള്‍ക്ക്
കാവലായൊരമ്മനക്ഷത്രം!


4. സ്‌നേഹിക്കപ്പെടുന്ന ഒരുവള്‍


സ്‌നേഹിക്കപ്പെടുന്ന 
ഒരുവളുടെ കണ്ണുകളിലേക്ക് 
ആഴ്ന്നിറങ്ങിയിട്ടുണ്ടോ?

അവിടെ നിങ്ങള്‍ക്കൊരു മഹാസമുദ്രം കാണാം.
ആഴങ്ങളില്‍ മുത്തും പവിഴവും 
ഒളിച്ചുവച്ചിരിക്കുന്നൊരു മഹാസമുദ്രം.

സ്‌നേഹിക്കപ്പെടുന്ന ഒരുവളുടെ 
ചിരികളുടെ പൂത്തിരികള്‍ കണ്ടിട്ടുണ്ടോ?
അതില്‍ നിങ്ങള്‍ക്കൊരു നക്ഷത്രത്തെ കണ്ടെടുക്കാം.
ഏതിരുട്ടിലും വഴികാട്ടിയാകുന്നൊരു 
വെള്ളിനക്ഷത്രം.

സ്‌നേഹിക്കപ്പെടുന്ന ഒരുവളുടെ 
വാക്കിന്റെ വീര്യമറിഞ്ഞിട്ടുണ്ടോ?
അവയില്‍ നിങ്ങള്‍ക്കൊരു 
ഉന്മാദലോകം കണ്ടെടുക്കാം.
വീര്യമേറിയ വീഞ്ഞിനു പോലും 
നല്‍കാന്‍ കഴിയാത്തൊരുന്‍മാദം.

സ്‌നേഹിക്കപ്പെടുന്ന ഒരുവളുടെ 
ചിന്തകളുടെ ചന്തം കണ്ടിട്ടുണ്ടോ?
അവ നിങ്ങളെ മോഹിപ്പിച്ചെന്നിരിക്കും.
ഇനിയൊരു മോചനമില്ലാത്ത വിധം 
നിങ്ങളെ വരിഞ്ഞുമുറുക്കും.

സ്‌നേഹിക്കപ്പെടുന്ന ഒരുവളുടെ 
മൗനത്തിന്റെ മൂര്‍ച്ചയറിഞ്ഞിട്ടുണ്ടോ?
അതില്‍ കാണാം ആയിരം കൂരമ്പുകള്‍.
നിങ്ങളുടെ ആത്മാവന്
ശരശയ്യ തീര്‍ക്കാന്‍ പോന്ന കൂരമ്പുകള്‍.

സ്‌നേഹിക്കപ്പെടുന്ന ഒരുവളുടെ 
കണ്ണീരിന്റെ കണ്ണാടിത്തുണ്ട് കണ്ടിട്ടുണ്ടോ?
അകം പുറം ഒരുപോലെ 
പ്രതിഫലിപ്പിക്കുന്ന കണ്ണാടിത്തുണ്ട്.

ശരികളിലെ തെറ്റുകളെയും 
തെറ്റുകളിലെ ശരികളെയും 
വായിച്ചെടുക്കാനായൊരു 
കണ്ണാടിത്തുണ്ട്.


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios