ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ഡോ. ഗീത കാവാലം എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അനാദിയായൊരു മൂടല്‍
മഴനീര്‍ച്ചാലുകളില്‍
പെയ്യാതെ, പെയ്യാതെ
കുളിരു നിറച്ച്
വിങ്ങിനില്‍ക്കുന്നു.

എവിടുന്നൊക്കെയോ
പ്രളയഭയത്തിന്റെ
നെഞ്ചുരുക്കങ്ങള്‍,
നിലവിളിയൊച്ചകള്‍

ആരുടെയൊക്കെയോ
ആദിപാപങ്ങള്‍;
നെയ്തിട്ട കര്‍മ്മവഴികള്‍.
ജന്മസുകൃതങ്ങള്‍
തോരാക്കണ്ണീരുറവകള്‍

ജീവിതനദി കരകവിയുന്നു
ദാക്ഷിണ്യമില്ലാത്ത
തുലാപ്പെയ്ത്ത്.
ഇലകളെല്ലാം ഇതള്‍വിരിച്ച്
മുടിയുലച്ചാടുന്ന കാട്
കാറ്റിനും കടലിനും പുഴയ്ക്കും
ആനന്ദമല്‍ഹാര്‍.

പശിയാറാത്ത ദുഃഖത്തിന്റെ
ചിറകൊതുക്കി, വെയില്‍തേടി
കൂട്ടില്‍ ചിണുങ്ങുന്ന
വെള്ളരിപ്രാവ്
സൂര്യനുദിച്ചെന്ന്
സ്വപ്നംകണ്ട് 
പിടഞ്ഞുണരുന്നു.

കൊക്കില്‍ കുരുങ്ങിപ്പോയ
വാക്കുകളുടെ കടല്‍വേഗങ്ങള്‍
പ്രളയത്തിലേക്ക്
കണ്ണെറിഞ്ഞിരിക്കുന്നു
ഉറങ്ങാതെ, ചിലച്ചു കൊണ്ട്!