ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഡോ രമ്യാ രാജ് ആര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

അലിഞ്ഞു തീരുന്നത്

മരണം ഒരു രഹസ്യക്കാരന്റെ
സമ്മാനപ്പൊതിയാണ്
മണിക്കൂറുകളോളം,
ചിലപ്പോള്‍ ദിവസങ്ങളോളം
ഊതിക്കാച്ചിയെടുത്ത
കണക്കുകൂട്ടലുകളുടെ താക്കോലാണത്.

പതുക്കെപ്പതുക്കെ
കടന്നുകയറ്റത്തിന്റെ അപരിചിതത്വത്തില്‍ നിന്ന്
സ്വന്തമാക്കലിന്റെ,
താദാത്മ്യം പ്രാപിക്കലിന്റെ
വിശാലതയില്‍ വിരാമം പ്രാപിക്കുന്ന ഒന്ന്.
ഇടങ്ങളുടെ വേര്‍തിരിവുകളില്‍
വിലയം കൊള്ളുന്ന രഹസ്യം.

പരസ്യമായ രഹസ്യത്തിന്റെ
ഊറ്റംകൊള്ളലില്‍
ചുരുങ്ങിയില്ലാതാവുന്ന
സ്വത്വത്തിന്റെ തുടര്‍ച്ചകളിലെവിടെയോ
നഷ്ടപ്പെടുന്ന ഉന്മത്തത.

തുറന്നാല്‍ തീരുന്ന
ആകാംക്ഷയുടെ പിറുപിറുക്കലുകള്‍
വിശാലതയില്‍ അലിഞ്ഞു ചേരുമ്പോള്‍,
ബാക്കിയാവുന്നത്.


പെണ്‍മുന

കനത്ത ശബ്ദത്താല്‍
വരച്ചിട്ട വിയര്‍പ്പുതുള്ളികള്‍
മുനയുള്ള അക്ഷരങ്ങളെ കുടഞ്ഞിട്ടു,
വിറച്ചുനിന്നു,
വെട്ടിയിട്ടും വെട്ടിയിട്ടും
മൂര്‍ച്ച പോരാത്ത
വാള്‍ത്തലപ്പിന്റെ
ശിരസ്സില്‍ ചവിട്ടി ചിരിച്ചു നിന്നു.


ജീവിതം 

നീ കൊഴിച്ച
മയില്‍പ്പീലിത്തുണ്ടുകളിലെ
ഓരോ വര്‍ണ്ണത്തിലും
പതിഞ്ഞ പകലിന്റെ നിശ്ശബ്ദത
ഒളിച്ചിരുന്നു

മൗനമായ് അതില്‍ വീണു മയങ്ങിയ
രാവുകള്‍ക്കോ
തണുത്ത നിലാവിന്റെ ചൂരായിരുന്നു

കൊഴുത്ത പച്ചപ്പില്‍
മുഖമൊളിപ്പിച്ച്
മറഞ്ഞ പകലിന്റെ
കണ്ണുകളിലെ തീവ്രത
തിമിര്‍ത്തു പെയ്ത
ഓരോ തുള്ളിയും കോറിയിട്ടു.

സ്വപ്നങ്ങളുറക്കിയ കൗമാരത്തിനും
ഉറഞ്ഞു തുള്ളിയ യൗവ്വനത്തിനും
മടക്കം കൊതിക്കുന്ന മധ്യവയസ്സിനും
തളര്‍ന്ന വാര്‍ദ്ധക്യത്തിനും
പിടിച്ചുനിര്‍ത്താനാവാത്ത ഒഴുക്ക്.

ശബ്ദമായും ഗന്ധമായും
രൂപാന്തരം വരുന്ന ഒഴുക്ക്.
ഒടുവില്‍ മുറ്റത്തു വിരിച്ചിട്ട
രണ്ടിലകളില്‍ ബന്ധനസ്ഥരായിട്ടും,
കാക്ക കൊത്തി ചിതറിച്ചിട്ടും,
ഇടുങ്ങിയ രണ്ടു കുഴികളിലായി
കത്തിയമര്‍ന്നിട്ടും
ഒഴുകി നീങ്ങിയ നമ്മള്‍
വാക്കുകളുടെ അകലങ്ങളില്‍
ജീവിച്ചിരുന്നു.