ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  ഡോ. സജീല എ കെ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


ഒരുവള്‍ വീടും തലയില്‍ വച്ച്
ഇതുവഴി പോകുന്നത് 
നിങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നോ?

കോട്ടിട്ട്, കണ്ണട വച്ച 
ഒരു മുയലിന് പിന്നാലെ 
എന്നവണ്ണം തിരക്കിട്ട്,
തുറിച്ചു നോക്കുന്ന 
ഘടികാരം 
ഇതിലേ ഇതിലേ എന്ന്
വഴി നടത്തും പോലെ.

എത്തിപ്പെട്ട ലോകത്ത് ,
അവള്‍ക്ക് തിരയാന്‍ ഫയലുകള്‍,
തീര്‍ക്കാന്‍ ടാര്‍ജറ്റുകള്‍
ചുറ്റിവരിയാന്‍ ഡെഡ് ലൈനുകള്‍.

ഇടയ്‌ക്കെപ്പോഴോ 
അടുക്കള വാതിലടച്ചിരുന്നോ 
എന്ന ചിന്ത പൂച്ചയെപ്പോലെ 
തലയില്‍ നിന്നു പതുങ്ങുന്നു.

മൗസുകൊണ്ടൊരു ക്ലിക്കടിച്ച്
അവളതിനെ ഓടിക്കുന്നു.

അടുപ്പണച്ചോ എന്ന ആളലിന് മീതെ
വെള്ളം കവിഞ്ഞൊഴുകുമോ 
എന്ന ആന്തല്‍ കോരിയൊഴിക്കുന്നു.

ഏതോ പനിച്ചൂടിറങ്ങിവന്ന്
ഉടലാകെ പൊള്ളിക്കുമ്പോള്‍
ആരോ കുടഞ്ഞിട്ട 
കളിവാക്കിന്റെ കുളിരെടുത്ത്
അവളതിനെ പുതപ്പിക്കുന്നു.

ഒരു ജാലവിദ്യക്കാരിയെപ്പോലെ
തലയില്‍ നിന്നും വീടെടുത്ത് 
മുതുകിലേക്ക് മാറ്റുമ്പോള്‍
അവള്‍ അകത്തും
തല പുറത്തും.

തിരിച്ചിറങ്ങുമ്പോള്‍ 
വീട് വീണ്ടും 
തലയിലേക്ക് ഇരച്ചു കയറുന്നു.
അവള്‍ തിരക്കിട്ടു നടക്കുന്നു.

നിങ്ങളവളെ കണ്ടില്ലെന്ന് പറയരുത്
പിന്നിലേക്ക് തിരിഞ്ഞ് തിരയുകയുമരുത്.
നിങ്ങളാ മരച്ചുവട്ടില്‍ കിടന്നുറങ്ങിയ നേരത്ത് 
ഓരോ അടിയും അളന്നുമുറിച്ച്
അവള്‍
ഇതുവഴി ബഹുദൂരം 
മുന്നോട്ട്‌പോയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...