ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഫര്‍ബീന നാലകത്ത് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


പെണ്ണുങ്ങള്‍ കടല്‍ കാണാന്‍
പാടില്ലാത്തവരുടെ രാജ്യത്ത്,
കെട്ടാത്ത നാരായണിക്കന്ന്
അത്താഴത്തിനു ചാറുതിളപ്പിക്കുമ്പോള്‍
വെളിച്ചെണ്ണ വിഴുങ്ങി പൊട്ടിത്തെറിച്ച
കടുകുമണിയോളം ഊറ്റത്തിലൊരു
വെളിപാടുദിച്ചു.

'കടല്‍ വിളിക്കുന്നുണ്ട്, ഒന്ന് പോയി കാണണം!'

വെളിപാടിന്റെ ചൂടാറും മുന്നേ
കഞ്ഞിവെളളത്തില്‍ മുക്കിനിവര്‍ത്തിയ 
തുണി നെഞ്ചത്ത് വിരിച്ച്
ബീഡിയൊരെണ്ണം ചുണ്ടില്‍ എരിച്ച്
ചൂട്ടൊരെണ്ണം കൈയില്‍ എടുത്ത് 
നാരായണി 
നാടുകുലുക്കി
മൂടുകുലുക്കി
ഉപ്പുചൊയക്കണ കാറ്റും നക്കിനടന്നു.

കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തരിച്ച്.

പെണ്ണുങ്ങള്‍ എല്ലാം തിരിയിട്ട്
തലകുമ്പിട്ട് ദൈവത്തെ വിളിച്ച്. 

കുലം മുടിപ്പിക്കാന്‍ ഒന്ന് മതിയെന്ന് 
പ്രാകി നെഞ്ചിത്തടിച്ച്.

നാരായണിയെ തിരിച്ചു കേറ്റി
നട്ടെല്ലിന്റെ ഊക്ക് കാട്ടാന്‍ 
അരമുറുക്കിപോയ ആണുങ്ങളന്ന്
മീന്‍ചെളള് ഉമ്മവെച്ചു തുടുത്ത
നാരായണിയുടെ കത്തികണ്ട്.

അരകല്ലില്‍ ചെത്തിമിനുക്കിയ
കത്തിയുടെ മൂര്‍ച്ചയും കണ്ട്.

കടല്‍ നോക്കി നോക്കി നില്‍ക്കേ
നാരായണിയുടെ കണ്ണുമറിഞ്ഞൊഴുകി.
അറ്റമില്ലാ നീലപട്ട്.
അതിരില്ലാ വിശുദ്ധ സ്‌നാനം.
അടിയില്‍ അഛന്‍ പറഞ്ഞ 
പവിഴപ്പുറ്റ് കൊട്ടാരം.
സ്വര്‍ണ്ണമീനുകള്‍ .

അല്ല.
അത് ആണുങ്ങളുടെ കടല്‍ അല്ലേ.

ഇത്
അമ്മ തുണിതിരുമ്പിയ 
സോപ്പ് വെളളം കമഴ്ന്നതല്ലേ.

ആകാശം,
കരിമ്പൂച്ചയെന്ന് വിളിക്കുമ്പോള്‍
കെട്ടുപോയൊരു മുഖം.

ഒത്തനടുക്കിലെ ചന്ദ്രന്‍,
അമ്മയന്ന് മറിച്ചിടാന്‍ മറന്ന
ചപ്പാത്തിമാതിരി.
അതിപ്പോള്‍ കരിയും.

ആ മുടിക്കുത്തിലുമച്ഛന്‍ തീപിടിപ്പിക്കും.
വെന്ത ഇറച്ചിയുടെ മണം മൂക്കൂം.

റോഡിലരഞ്ഞ മൃഗത്തിന്റെ
അവസാനത്തെ കാറലോളം 
കനമില്ലാത്ത 
ഒരു മുക്കല്‍.
ഒരു ഏങ്ങല്‍.
അമ്മ മരിക്കും.
അന്നത്തെ പോലെ.

ആധികേറിയ നാരായണി ചന്ദ്രനെ പിടിക്കാന്‍ ഒറ്റ ചാട്ടം,
രണ്ടാം കുഴിയും കടന്ന് ഊര്‍ന്നുപോയ്.

മൂന്നും നാലും കഴിഞ്ഞിട്ടും
നാരായണി പിന്നെ കരയ്ക്കടിഞ്ഞില്ല.

ഉടലോടെ നരകത്തിലേക്ക്
കെട്ടിയെടുത്തെന്ന് നാട്ടാരുറപ്പിച്ചു.
കടല്‍ കാണാന്‍ വന്ന പെണ്ണിന്
ദൈവം കൊടുത്ത ശിക്ഷയെന്ന്
കൂടിനിന്നവര്‍ കൂവിവിളിച്ചു.

മുഖമുയര്‍ത്തരുതെന്ന് കല്‍പ്പിച്ച്
കൊല്ലാകൊല്ലം
അവരുപിന്നെയും അന്നേ ദിവസം
പെണ്ണുങ്ങളെയും കൂട്ടിയാ
കടല്‍ക്കരയില്‍ കൂടി.
കടല്‍കാണാന്‍ ഒരുമ്പെട്ടോളുടെ ഗതി സ്മരിക്കാന്‍.

അന്ന് ആരും കാണാതെ കണ്ണുയര്‍ത്തി നോക്കിയ പെണ്ണുങ്ങള്‍
മാത്രം നിലാവ് കണ്ടു 
കടല്‍ കണ്ടു.

കരയിലേക്കും
അവിടെ നിന്നാകാശത്തേക്കും
പിന്നെ കടലിലേക്കും
പറന്നുല്ലസിക്കുന്ന
വെളള ചെകിളകളുളള
നാരായണിയെ കണ്ടു.

അവര്‍ക്ക് മാത്രം തിരിച്ചു പോകുമ്പോള്‍
വരിഞ്ഞു ചുറ്റുന്നവനെ 
വരഞ്ഞു മുറിക്കാന്‍ പാകത്തില്‍
മീന്‍മുളളുകള്‍ ഉടലില്‍ മുളച്ചുപൊന്തി.