Asianet News MalayalamAsianet News Malayalam

Malayalam Poems: ആഴം, ഫാത്തിമ ബീവി എഴുതിയ കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഫാത്തിമ ബീവി എഴുതിയ കവിതകള്‍ 

chilla malayalam poem by Fathima Beevi
Author
First Published Sep 21, 2023, 6:25 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam poem by Fathima Beevi

 


തനിച്ചായപ്പോള്‍

ഒരിക്കല്‍ 
എന്റെ മേല്‍ ഇരച്ചു കയറുന്ന 
ഇരുട്ടിനു പോലും 
തിളക്കമുണ്ടെന്നെനിക്ക്
തോന്നിയിരുന്നു!

ഉറങ്ങാത്ത രാത്രികളില്‍
ആ വെളിച്ചത്തില്‍ മിന്നുന്ന 
നിന്റെ ഹൃദയത്തെ
എനിക്ക് കാണാമായിരുന്നു!

അവിടെ ഞാന്‍ പ്രണയം
കൊണ്ടൊരു കവിതയെഴുതി,
നിന്റെ വെളിച്ചത്തില്‍ ആ കവിത
ഞാന്‍ പല കുറി വായിച്ചു!

വായിച്ചൊടുവില്‍
എന്റെ കണ്ണുകള്‍ 
മങ്ങുന്നത് പോലെ തോന്നി, 
വെളിച്ചം 
മാഞ്ഞു പോവുന്ന പോലെ തോന്നി,
ചുറ്റിലും 
ഇരുട്ട് പരക്കുന്നത് പോലെ തോന്നി!

എന്നെ ആലിംഗനം ചെയ്ത
ഇരുട്ടില്‍ നിന്നും 
കുതറി മാറാന്‍ 
ഒരൂന്നു വടി കിട്ടാതെ
എന്റെ കാലുകളിടറി!

എന്റെ കവിതകളിലെ
അക്ഷരങ്ങളോരോന്നായി
നിലത്തു വീഴാന്‍ തുടങ്ങി,
നിലത്തു വീണ അക്ഷരങ്ങള്‍
പരസ്പരം കാണാതെ,
കേള്‍ക്കാതെ, ശ്വാസമില്ലാതെ, വേദനയോടെ
എന്റെ കവിത മരിച്ചു!

നിന്റെ ഹൃദയം എനിക്ക് 
വേണ്ടി മിടിക്കുന്നതെന്നു നിന്നുപോയോ
അന്നുമുതലെന്റെ കവിതയ്ക്കും
മിടിപ്പില്ലാതായി.


ആഴം

കടല്‍ പോലെയാണ്
മനുഷ്യന്‍.
ആഴങ്ങളില്‍ 
എന്തൊക്കെയാണ്
ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന്
തിരകള്‍ക്ക് പോലും 
ഒരുപക്ഷേ
പറഞ്ഞു തരാന്‍ സാധിക്കില്ല.

ഉള്ളിലേക്ക് 
ഇറങ്ങിച്ചെന്ന്
സ്‌നേഹത്തിന്റെ
കയത്തില്‍ മുങ്ങി
താഴുന്നതിനു മുന്നേ
ഹൃദയത്തിന്റെ ഭിത്തിയില്‍ 
ഒരു ബോര്‍ഡ് വെക്കാന്‍ 
മറക്കാതിരിക്കുക, 
'ആഴമുണ്ട്, ഇറങ്ങരുത്'!


വേദന 

സ്‌നേഹത്തോളം 
മുറിപ്പെടുത്താന്‍
ശക്തിയുള്ള 
മറ്റൊരു വികാരം
ഉണ്ടെന്നു തോന്നുന്നില്ല.

സന്തോഷത്തിന്റെ 
ദ്വീപുകള്‍ ചുറ്റി
ഓരോ മനുഷ്യനും
അവസാനം 
എത്തിച്ചേരുന്നത് 
വേദനയുടെ 
തുരുത്തിലേക്ക് തന്നെയാണ്.


നീയില്ലായ്മ

നീയില്ലായ്മ 
എന്നിലൊരു
ശൂന്യതയുടെ വന്‍മതില്‍
സൃഷ്ടിക്കുന്നു! 

നിന്നിലേക്ക് ആണ്ടിറങ്ങി
നീയാകുന്ന വെളിച്ചത്തില്‍ 
ലോകത്തെ മുഴുവനും
ആസ്വദിക്കാന്‍ ഞാന്‍
ആഗ്രഹിക്കുന്നു.

നിന്റെ നിഴലുകളെ
ഞാന്‍ അനുസ്യൂതം
പിന്തുടരുന്നു.

നിന്നിലേക്ക് ഞാന്‍ 
സ്വയം അലിഞ്ഞില്ലാതെയാവുന്നു
നിന്റെ നേര്‍ത്ത 
വിരലുകളില്‍ 
എന്നെ ചേര്‍ത്തുവെക്കുന്നു.
ഞാന്‍ നീയായി മാറുന്നു.

നീയില്ലായ്മ
എന്നിലൊരു ശൂന്യതയുടെ
വന്‍മതില്‍ സൃഷ്ടിക്കുന്നു.
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios