ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഗീതു പൊറ്റെക്കാട്ട് എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


ഒരിക്കല്‍ ദൈവം എനിക്ക്
മയിലഴകുള്ള ഒരു കൂട്ടുകാരിയെ തന്നു.
അവളുടെ പീലിക്കണ്ണില്‍ 
ഞാന്‍ എന്നെ കണ്ടു.

എന്റെ നെഞ്ചിലൊഴുകുന്ന പുഴ
അവളുടെ കണ്ണിലുരുകിയൊലിച്ചു.

ഞാന്‍ കത്തുമ്പോഴെല്ലാം അവള്‍ പെയ്തു.
പേരുകള്‍ മാറി മാറി വിളിച്ചാലും
എന്റെ നിഴലിലൊട്ടി തന്നെയവള്‍ നിന്നു.

രണ്ട് വീടുകളില്‍
രണ്ട് ദൂരങ്ങളില്‍
രണ്ട് ജനലരികുകളില്‍
രണ്ടാത്മാക്കളായിരുന്ന്
ഞങ്ങളൊന്നിച്ചു കിനാക്കണ്ടു.

ജനലഴികളില്‍ തിരമാലകള്‍ 
വന്നലച്ചു പോകുമ്പോള്‍
വിരല്‍ കോര്‍ത്തു പിടിച്ച്
ഞങ്ങള്‍ താഴോട്ടു നോക്കും

ഭൂമിയില്‍ വേരുകളാഴ്ത്തി
കടല്‍ക്കരെ മൂന്ന് പൂമരങ്ങള്‍!