ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഗ്രീഷ്മ ബേബി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



ഇനിയൊരു ജന്മമുണ്ടെങ്കില്‍
ഒരേ മരത്തിലെ
രണ്ടിലകളായി നമുക്ക്
തളിര്‍ക്കാം

മഞ്ഞുരുകുന്ന
മുക്കുറ്റികള്‍ പൂത്തുനില്‍ക്കുന്ന
പൂക്കളുടെ ഗന്ധം വീശുന്ന
പൂമ്പാറ്റകള്‍ പാറിനടക്കുന്ന
ഒരു വസന്തകാലത്തു
മരച്ചില്ലകളിലിരുന്നു
നമുക്ക് പ്രണയം കൈമാറാം

വേനല്‍ കനക്കുമ്പോള്‍
വെള്ളമേഘങ്ങളാല്‍ നിറഞ്ഞ
ആകാശത്തിനു ചുവടെ
ഗുല്‍മോഹറുകളുടെ ഗന്ധം
വീശുന്ന ഗ്രീഷ്മകാറ്റില്‍
ആടിയുലയാം

വേനല്‍ മുറിവുകളിലേക്ക്
വര്‍ഷത്തിന്റെ പുതു നനവ്
പെയ്തിറങ്ങുമ്പോള്‍
പുഴകള്‍ കവിഞ്ഞൊഴുകും,
അതിലെ പായുന്ന മീനുകളെ
നോക്കി വര്‍ഷക്കുളിരില്‍
ചേര്‍ന്നിരിക്കാം

വര്‍ഷത്തിന്റെ ഇരുണ്ട ആകാശത്തുനിന്നും
വെളിച്ചത്തിന്റെ നേര്‍ത്തകണങ്ങള്‍
ഭൂമിയില്‍ പതിക്കും,
മലഞ്ചരുവുകള്‍ വീണ്ടും പൂക്കും
അന്ന്,
നമുക്കാ ചില്ലകളിലിരുന്നു
ശരത് കാലത്തെ
വരവേല്‍ക്കാം

ഹേമന്തത്തിന്റെ രാക്കാറ്റില്‍
പൂക്കള്‍ പൊഴിയും,
രാത്രിയുടെ വിറങ്ങലിച്ച
തണുപ്പിലും മിന്നാമിന്നികളുടെ
വെട്ടത്തില്‍ വെളുക്കുവോളം
നമുക്ക് കഥകള്‍ പങ്കിടാം

മഞ്ഞു മൂടിയ പ്രഭാതങ്ങളുള്ള
ഒരു ശിശിരകാലത്തില്‍
പ്രണയത്തിലിരിക്കെ
നമുക്ക് പൊഴിഞ്ഞുവീഴാം,
വീണ്ടുമൊരു വസന്തത്തില്‍
തളിര്‍ക്കുവാനായി.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...