Asianet News MalayalamAsianet News Malayalam

Malayalam Poem: ലേഡീസ് ഒണ്‍ലി ട്രിപ്പ്, ഹണി ഹര്‍ഷന്‍ എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹണി ഹര്‍ഷന്‍ എഴുതിയ കവിത

chilla malayalam poem by Honey Harshan
Author
First Published Jan 17, 2024, 3:29 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Honey Harshan

 

ഒരു കൂട്ടം പെണ്ണുങ്ങള്‍
യാത്രക്കൊരുങ്ങുകയാണ്.

കാശ്മീരിലേക്കോ 
കന്യാകുമാരിയിലേക്കോ 
ഒന്നുമല്ലെന്നേ.

ഉല്ലാസത്തിലേക്കോ,
ഉന്മാദത്തിലേക്കോ,
ഉമ്മവെച്ചുയരുന്ന
ചിത്രശലഭങ്ങളാവാന്‍ 
ഒറ്റ ദിവസത്തിന്റെ നീളം മാത്രമുള്ള ഒന്നിന്.

ആദ്യദിവസം 
പ്രഖ്യാപിത സംഖ്യയില്‍ ഉള്‍ക്കൊള്ളാനാവാതെ
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍
നിറഞ്ഞു തുളുമ്പിയ പേരുകള്‍
ഒരു കണക്കിനാണ്
സംഘാടക വരുതിയിലാക്കിയത്..

രണ്ടാം ദിവസം രണ്ടുപേരാണ് യാത്രയില്‍നിന്നും ഒഴിവായത്..
മക്കളുടെ സ്‌കൂളില്‍ ടെസ്റ്റ് പേപ്പര്‍ ഉണ്ടത്രേ.

മകന്റെ കുഞ്ഞിനെ നോക്കാന്‍ ആളില്ലാതെങ്ങനാന്നും,
മരുന്നെടുത്തുകൊടുത്തില്ലെങ്കില്‍
കഴിക്കാതിരുന്നെങ്കിലോ എന്നും
അടുത്ത ദിവസം കേട്ടു.

'ഒരുമിച്ചു പോയാല്‍ പോരെ' 
എന്നൊരു സ്‌നേഹചുംബനത്തില്‍ മുതല്‍,
'പോയാല്‍പിന്നെ തിരിച്ചുവരേണ്ടതില്ല' 
എന്ന വാക്കുമുള്ളില്‍വരെ
കുരുങ്ങിപ്പോയ പെണ്‍തുരുത്തുകള്‍,
ഏത് പെണ്ണിനും മനസിലാവുന്ന,
പെണ്ണിന്റെ ഒറ്റ രാഷ്ട്രീയം..

കൈത്തലത്തില്‍ 
കാണാത്ത മഷികൊണ്ട്
പച്ചകുത്തിയ വീടിനെ തടവി തലോടിക്കൊണ്ട്,
അറ്റമില്ലാതെ നീണ്ടുപോകുന്ന 
പെണ്ണിന്റെ ഒറ്റദിവസത്തിന്റെ നീളമോര്‍ത്ത്,
ഇനിയുമെത്ര തവണ ജനിച്ചാലാണ് 
കല്ലെടുക്കാതെ പറക്കാനറിയുന്ന
ഒരു പെണ്‍തുമ്പിയെങ്കിലും ആവാന്‍ കഴിയുക 
എന്നോര്‍ത്ത്,

'വ്യക്തിപരമായ കാരണങ്ങളാല്‍'
നേരത്തെ തന്നെ യാത്രയില്‍ നിന്ന് വിട്ടുനിന്ന എനിക്കിപ്പോള്‍
ചിരിപൊട്ടുന്നുണ്ട്.

മതിയായ ആളുകള്‍ തികയാതെ വന്നതിനാല്‍,
ഇന്നലെ വീണ്ടും മാറ്റി വച്ചിട്ടുണ്ട്
ഞങ്ങളുടെ
'ലേഡീസ് ഓണ്‍ലി ട്രിപ്പ്'

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios