ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  ഇന്ദുലേഖ. വി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


മുല്ലൈത്തിണയിലെ പാട്ടുകാരി
താമരയുടെ കാമുകനായതില്‍പ്പിന്നെയാണ് 
ചിത്രകാരനായ അയാള്‍
കവിതകളെഴുതാന്‍ തുടങ്ങിയത്
ജലച്ചായങ്ങളില്‍ വിടര്‍ന്ന ചിത്രങ്ങളെല്ലാം
ശേഷം,
കവിതകളായി പരിഭാഷപ്പെട്ടു.

സമുദ്രതീരത്തെ
നെയ്തല്‍ പൂക്കള്‍ക്കരികില്‍
നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളെക്കുറി-
ച്ചെഴുതുമ്പോള്‍
അയാളുടെ ചുണ്ടുകള്‍ വിതുമ്പി
ഇരുണ്ട കാടകങ്ങളിലും
പുഴയുടെ ആഴങ്ങളിലും
കവിതകള്‍ വിരിഞ്ഞു.

കത്തുന്ന വേനലിലെ
വിരസമായ പകലുകളില്‍
പാതവക്കത്തെ 
വറ്റിയ കിണറുകളും
നീണ്ട ഇടവഴികളും കടന്ന്
അയാള്‍
താമരയുടെ വീട്ടിലെത്തി
നൊച്ചിപ്പൂക്കള്‍ തുന്നിച്ചേര്‍ത്ത
പൂവാടയില്‍
അവളെ കണ്ട് മോഹിച്ചു.

പുളിമരച്ചുവട്ടിലെ
കയറ്റുകട്ടിലില്‍
അവള്‍ ചൊല്ലിയ
അകം കവിതകള്‍ കേട്ട്
മനസ്സ് കുളിര്‍ത്തു
പുറം കവിതകള്‍ കേട്ട്
ഉള്ള് നടുങ്ങി.

മുതിരവറവിന്റെ മണം കലരുന്ന
വൈകുന്നേരങ്ങളില്‍
തിരിച്ചുപോയി
തിനയും, ചാമയും വിളയുന്ന
പാടങ്ങള്‍ക്കരികിലെ വീട്ടില്‍
താമരയെ ഓര്‍ത്ത്
കവിതകളെഴുതി.

ഇരുമ്പ് കൂടിനുള്ളില്‍
മധുരമായി പാടുന്ന പക്ഷിയുമായാണ്
ഒരു നാള്‍ അയാളെത്തിയത്
അതിന്റെ കണ്ണുകളില്‍ നീലിച്ച വിഷാദം
താമരയെ അസ്വസ്ഥയാക്കി.

അന്നവള്‍ 
താനാദ്യമായെഴുതിയ കവിത ചൊല്ലി
കവിക്ക് സമ്മാനിക്കാന്‍
കുറിഞ്ഞിപ്പൂക്കളുടെ ചിത്രവും വരച്ചു
നീയുണ്ടാക്കുന്ന തൈര്‍സാദമാണ്
ഇവകളേക്കാള്‍ നല്ലതെന്ന്
അഭിപ്രായപ്പെടുമ്പോള്‍
അയാളുടെ കണ്ണുകളില്‍ 
അവജ്ഞ നിഴലിച്ചിരുന്നു.

പതിവ് സമയത്തിനു മുന്നേ 
കവി യാത്രയായപ്പോള്‍ 
അവള്‍
ഇരുമ്പ്കൂടിന്റെ വാതിലുകള്‍ തുറന്നു.
ആര്‍ക്കോ വേണ്ടി പാടിത്തളര്‍ന്ന
പക്ഷി 
ചിറകുകള്‍ കുടഞ്ഞു.
പിന്നെ സ്വാതന്ത്ര്യത്തിന്റെ
വാനം തേടി പറന്നു പോയി.

രാത്രി പെയ്ത മഴയില്‍
പാതവക്കത്തെ
കിണറുകള്‍ നിറഞ്ഞു
വരണ്ടു കിടന്ന ഇടവഴികളില്‍ 
തകര മുളച്ചു
കവി പിന്നീടൊരിക്കലും
ആ വഴി വന്നില്ല
തന്നെ പ്രചോദിപ്പിക്കുക മാത്രം 
ചെയ്യുന്നൊരുവളെ തേടി 
അയാള്‍ ആ ഗ്രാമം വിട്ടു പോയി

(അകം - ലൗകിക കവിതകള്‍
പുറം - യുദ്ധ കവിതകള്‍)