ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ജസിയ ഷാജഹാന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

കിണര്‍ മൊഴികള്‍

കിര്‍കിര്‍ ശബ്ദത്തിലുച്ചത്തില്‍ 
കപ്പി നിലവിളിച്ചുതുടങ്ങുമ്പോള്‍
എനിക്കറിയാം
അതാരാണെന്ന്.

നെഞ്ച് കലക്കി 
പഴക്കത്തിന്‍ പാഴാങ്കരണ്ടം പറഞ്ഞ് 
തൊട്ടിയിളകുമ്പോളറിയാം 
ശുദ്ധികലശം നടത്തണതാരാണെന്ന്?
ചേറും ചെളീം വേര്‍പ്പ് നാറ്റോം കളഞ്ഞ് 
വേവിന്റെ പകലിനെ നനച്ചിളക്കി,
പാടത്തിന്റെ പരിഭവങ്ങള്‍ അളക്കാന്‍
പാതിപ്പട്ടിണിയിലൊരാളേ ഉള്ളൂ
-അതച്യുതന്‍

ഇനി വെളുപ്പാന്‍ കാലം വരെ
സ്വപ്നങ്ങള്‍ കാണാം.
നിലാവത്തൊന്നിറങ്ങി
നീരദങ്ങളോട് നീര്‍പൊഴിക്കാം
നീലാകാശവിരിയില്‍ നിദ്രപൂകാം.
അതിന് പടവുകള്‍ കേറണം,
കണ്ണുമൂടി പന്നലും പായലും 
പൂപ്പണവും ചൊറിയിണവും,
ഏറ്റോം മുകളിലൊരു വലക്കണ്ണാടീം; 
പിന്നെങ്ങനാ?

ഇനിയെന്നാണൊരു
ശുദ്ധികലശം; ആര്‍ക്കറിയാം.
വേനല്‍ കുടിച്ചുവറ്റിക്കണ സമയങ്ങളില്‍
ഓരോരോ കണ്ണോട്ടകള്‍ 
വലയിടങ്ങളിലൂടൂളിയിട്ടരിച്ചിറങ്ങും.
ഊറ്റളന്ന് പിരാകിപ്പിരാകി മുടിപ്പിക്കും.

ആ ചെമ്പന്‍ മുടിച്ചെക്കനെയെനിക്കിഷ്ടാ,
തെന്നിത്തെറിച്ച് താളക്കൊഴുപ്പിലവന്‍
തമിഴും ഹിന്ദീം ഇംഗ്ലീഷുമൊക്കെ പാടും.

കേക്കുമ്പോള്‍ ഒരോളാണ് മനസ്സിന്.
പക്ഷേ മണ്ണിന്റെ ഭാഷ
പാടണത് ഞാന്‍ കേട്ടിട്ടേയില്ല.

പിന്നെയിടയ്ക്ക്,
അസമയങ്ങളിലെന്നെത്തന്നെ 
നോക്കിനിക്കണൊരു പെണ്ണ് വരും.
ത്സടിതിയില്‍ വലതട്ടിനീക്കി
കൈയ്യിലെ നീളന്‍ മുള കൊണ്ട്
തൊടികളിലെ മാരണങ്ങളെ
വകഞ്ഞ് എന്നിലേക്കിറങ്ങിവരും.

തൊട്ടാപൂക്കണ പ്രായം,
കരിനിഴല്‍ മിഴികളില്‍
കാടുകേറണ പുകില്‍.
പെണ്ണായോണ്ട് പേടിക്കണോന്ന് ചിന്ത.
ഗുലുമാലുകളുടെ കാലാണ്.

നിനച്ചിരുന്നപോലൊരര്‍-
ദ്ധരാത്രിയിലവളുടെയാലിംഗനം.
വിട്ടുകൊടുക്കരുതെന്നെ
യുള്‍ക്കൊള്ളണേയെന്നയാര്‍ത്തനാദം.

അതില്‍പിന്നെയെത്ര
ശുദ്ധികലശം നടത്തീട്ടും 
മുഖംമൂടി മാറ്റീട്ടും
പേരില്‍ ഞാന്‍ ചീത്തയാ,
എന്നില്‍ കലങ്ങുന്നുണ്ട്
ഇപ്പോഴുമവള്‍.

ബന്തിപൂക്കള്‍ക്കിടയിലെ
മഞ്ഞവെയില്‍

അവളെ കണ്ടതില്‍ പിന്നെയാണ് 
ഞാന്‍ പൂക്കളെ പ്രണയിച്ചു തുടങ്ങിയത്.

ബന്തിപൂക്കള്‍ക്കിടയിലെ മഞ്ഞവെയില്‍
അവളിലെ സന്ധ്യയിലെന്നും 
വാടിക്കുഴഞ്ഞുവീഴുമ്പോഴാണ്
ആ വീടിന് ജീവന്‍ വയ്ക്കുന്നത്.

ദിവസവും 
ഒരു പനവട്ടിക്കൂട നിറയെ 
സ്വപ്നങ്ങള്‍
തെറുത്തെടുത്ത്
ചതഞ്ഞ് ചാഞ്ഞ 
പാഴ്പുല്ലുകളുടെ ചതുപ്പിലൂടെ
ഉറച്ച കാലടികള്‍ പതിച്ച് 
പായുമ്പോള്‍ ഈറകളുടെ 
ഗുണനങ്ങള്‍കൊണ്ട് തീര്‍ത്ത
മുളമതില്‍ അവളെ അയടക്കിപ്പിടിച്ച്
ആവശ്യങ്ങളുടെ 
ചൊല്ലുകള്‍ക്ക് മുരടനക്കുന്നുണ്ടാകും.

അവള്‍ വഴിതിരിയുന്നിടത്ത് നിന്ന്
എന്റെ പാതയുടെ തുടക്കം.
ഒറ്റ നിമിഷത്തിന്റെ ഒത്തുചേരലില്‍
കല്ലേറുകൊള്ളാത്ത നോട്ടങ്ങള്‍ക്കുപോലും
ഒരോട്ടക്കണ്ണെറിയാത്തവള്‍!
ലക്ഷ്യത്തിന്റെ മുള്‍മുനയില്‍
സ്വയം തിരിച്ചറിഞ്ഞ് ചലിപ്പവളീ പെണ്ണ്.

കാറും കോളും നിറഞ്ഞ മാനം കാണെ 
ഉള്ളില്‍ തിക്കിഞെരുങ്ങുന്ന
സംഭ്രമത്തെ,
അഞ്ജനമെഴുതിയ മിഴികളില്‍
സന്ദേഹത്താല്‍ പകര്‍ത്തിയെഴുതി,
മഴമിഴികളിലലിഞ്ഞ് 
മണ്ണിലേയ്ക്കടിയുന്ന 
മഞ്ഞയിതളുകളെ 
ഹൃദയത്തില്‍ പെറുക്കികൂട്ടി
ഒരു വീടിന്റെ പട്ടിണിയളന്ന്
വിവശയാകുന്ന പെണ്ണൊരുത്തി.

പതിവുനീണ്ട നാളുകള്‍
മുറിഞ്ഞുപോയ പാതകള്‍
വേനലെത്ര കടുത്തുപോയി,
മാരിയെത്രയാര്‍ത്തു പോയ്,
കത്തിക്കരിഞ്ഞൊലിച്ചുപോയ്
മഞ്ഞനിറപ്പാടമാകെ.

മഞ്ഞളിച്ചവളും പോയി;
എങ്കിലുമീ മനസ്സിലിന്നും വിരിയുന്നുണ്ട്
മഞ്ഞവെയിലേറ്റു വാടും
ഒറ്റയാമൊരു ബന്തിപ്പൂവ്.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...