ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. മായാ ജ്യോതിസ് എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


ജലം

ഉറവായ് കിനിഞ്ഞും
നുരചിതറി പതഞ്ഞും
കുഞ്ഞരുവിയായ്
നദിയായ്

കാലങ്ങളെത്ര 
കാതങ്ങളെത്ര 
കടഞ്ഞൊടുവിലെത്ര
കടല്‍ക്കണമായ്

ആഴങ്ങളറിഞ്ഞും മറിഞ്ഞും
തീവെയിലില്‍ തിളച്ചും 
നീരു നീരാവിയായി പറന്നും 
മേഘ ജാലങ്ങളില്‍ ചെന്നൊളിച്ചും 
ദൂരദൂരങ്ങള്‍ നീന്തിത്തുടിച്ചും 
മഴത്തുള്ളിയായ് വീണ്ടും
ജലം.

മണ്ണിന്റെ ദാഹനീരായ് 
ജീവജാതികള്‍ക്കാകെയും
ജീവനായ്
ജീവസാക്ഷിയായ്
പാപവും വിഴുപ്പും
നാറുന്ന ചേറും 
ഒടുവിലെ ചാരവും
മറുവാക്കുപറയാതെ
വഹിച്ചലഞ്ഞു മൂകം,
ജലം.

ജീവന്റെയുറവായ്
അനാദികാലം 
ഖരമായ്
ദ്രവമായ്
വാതകരൂപമായ്
ധരക്കാധാരമായ്
നീണ്ട പ്രവാഹത്തി-
ലതിഗൂഡമതിഗാഢം
അതിതീവ്രമെങ്കിലും
അകമേ
അതിലോലനിര്‍മ്മലം,
ജലം.

സ്മൃതിയുടെ സുതാര്യമാം
ഞരമ്പുകള്‍ പേറുന്ന
ജനിമൃതി ചക്രത്തിലെവിടെയതിന്‍ 
മോക്ഷം.
നിത്യപ്രയാണം
നിരാകാരരൂപം
ജീവന്റെയാധാരമര്‍മ്മം
ജലം.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...