ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മിനി ബാലകൃഷ്ണന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഒരു കുടന്നസ്വപ്നങ്ങള്‍
എന്നിലേക്ക് കുടഞ്ഞിട്ട്
എത്ര ഭംഗിയായാണ്
അന്ന്
നീയെന്നെ പ്രണയിച്ചിരുന്നത്.

എന്നിലെ ഉണങ്ങിയ
തരുശാഖികളില്‍
എത്ര സൂക്ഷ്മമായാണ്
നീ തളിരിലകള്‍
വരച്ചുചേര്‍ത്തു

അനാഥത്വത്തിന്റെ
വിങ്ങലുകളില്‍നിന്ന്
എത്ര സമര്‍ത്ഥമായി
ചേര്‍ത്തുപിടിച്ചു

പ്രതീക്ഷയുടെ
കുഞ്ഞു മിന്നാമിനുങ്ങിനെ
എത്ര പ്രിയത്തോടെ
നീയെന്നിലേക്ക്
പറത്തിവിട്ടു

അര്‍ത്ഥശൂന്യമായ
പാഴ്വാക്കുകളില്ലാതെ
നമ്മുടെ ദീര്‍ഘമൗനമലിയിച്ച-
നിറനോക്കുകളില്‍
എത്ര കല്‍വിളക്കുകളാണ്
തെളിഞ്ഞു കത്തിയത്.

ഇന്ന്....

നിന്റെ കൈക്കുമ്പിളില്‍
ഞാനുണ്ട്,
നിന്റെ നിഴല്‍വിരിപ്പില്‍
ഞാനുറങ്ങി
നീ തെളിച്ചവഴിയിലൂടെ
നീരസപ്പെടാതെ
നടക്കുന്നു

പതിയെ പതിയെ 
നീ ചവച്ചുതുപ്പിയ
വാക്കുകള്‍ക്കുള്ളില്‍,
വെട്ടമിറങ്ങാത്ത
ചുവരുകള്‍ക്കുള്ളില്‍,
മനസ്സ് പെയ്യുമ്പോള്‍ 
നീലച്ച ഹൃദയരക്തം 
ഇറ്റുവീണു.

ചേര്‍ത്തുപിടിച്ചപ്പോഴൊക്കെ
ഉള്ളിലൊരു
കണ്ണാടിമറ
ഉടലെടുത്തു.

പതിയെ നാമൊരു
വെയില്‍ കാഠിന്യത്തിലേക്ക്
വഴിമാറി

നീ കൊന്നുകളഞ്ഞൊരു
വാക്കായിരുന്നില്ലേ ഞാന്‍?