ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

ജനിച്ചകാലത്ത് എനിക്ക്
വയസ്സില്ലായിരുന്നു.

വയസ്സ് തികഞ്ഞിരുന്നോ എന്തോ
സ്‌കൂളിലും ചേര്‍ത്തു
ഉദ്യോഗോം കിട്ടി
വിവാഹോം കഴിച്ചു
പിള്ളേരും ഉണ്ടായി.

പേരക്കുട്ടികള്‍ ഉണ്ടായപ്പോഴോ
ഭാര്യ മരിച്ചപ്പോഴോ
എന്റെ വയസ്സ് കൂടിയിട്ടില്ല.
പ്രഷറിനോ ഷുഗറിനോ എന്തിന്
ഒരൊറ്റാക്കിനു പോലുമെന്റെ
വയസ്സിനെ കൂട്ടാനുമായില്ല.

എന്നിട്ടും മകന്റെ വീട്ടിലീ
അതിഥിക്ക് കിട്ടിയത്
ഒരു ചാരുകസേരയും 
വായിക്കാന്‍ രാമായണവും.

വയസ്സൊറയ്ക്കാത്ത വയസ്സന്‍
ഇനിയൊന്നു കിടക്കുകയാണ് വേണ്ടത്.