ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മുഹമ്മദ് റഫീഖ്. എം എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


നിന്റെ കഴുത്തിലെ
താലിയാണ്
ആദ്യമായി
എന്നെ
അസൂയപ്പെടുത്തിയത്,
അതില്‍ കൊത്തിവെച്ച
അവന്റെ പേര്
നിന്റെ
വാക്കുകളെ
തൊണ്ടക്കുഴിയില്‍ത്തന്നെ
തടഞ്ഞുവെച്ചു.

എന്റെ വാക്കുകള്‍
അവയില്‍ത്തട്ടി
മുറിപ്പെട്ടു;
പിന്നില്‍ നിന്നും
നീ
മുഖം കുനിഞ്ഞ്
ഉമ്മ നല്‍കാന്‍
തുനിഞ്ഞപ്പോള്‍
അതെന്റെ
മുഖത്തുരസി.

അവന്റെ
സ്നേഹത്തിന്റെ കനം
ചെറുതല്ലാത്ത
വേദന തന്നു.

കഴുത്തില്‍
ചുണ്ടുകള്‍ കൊണ്ട്
കൂട്ടക്ഷരങ്ങളെഴുതുന്ന
തിരക്കില്‍
അവ വീണ്ടും
കോറിവരകളുമായെത്തി
എല്ലാം കാണുന്നു.

ഞാനെന്ന്
ഒച്ചയുണ്ടാക്കി
കഴിഞ്ഞാഴ്ച
നീയത്
വിറ്റെന്നറിഞ്ഞു.

ജീവിക്കുക
ഒരു താലിയേക്കാള്‍ 
വിലകൂടിയ സ്വപ്നമാണല്ലോ,
അല്ലേ.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...