ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നിസ അഷറഫ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കൂട്ട്

എന്റെ എഴുത്തു മേശയ്ക്ക്
ഉറപ്പുള്ള കാലുകളോ
സ്ഥിരപ്രതലമോ
വെളിച്ചം പകരുവാന്‍
മേശവിളക്കുകളോ ഇല്ല.

അടുക്കള മേശയ്ക്ക്
ഉറപ്പുള്ള കാലുകളില്ല.
ആ പരീക്ഷണ ശാലയ്ക്കകത്ത്
കറിക്കൂട്ടുകള്‍ക്കൊപ്പം
ഏറിയും കുറഞ്ഞും ചില
വാക്കിന്‍ കൂട്ടങ്ങള്‍ 
മനസ്സിലൊന്നു
രുചിച്ചു പോകുന്നു
എന്നുമാത്രം. 

അരിക്കലത്തില്‍ നിന്നും 
തിളച്ച് തൂവുന്നത് പോല്‍ 
ചില വരികള്‍,
അവ 
എല്ലാ അടിച്ചമര്‍ത്തലുകളെയും
തട്ടിമാറ്റി തൂവിപ്പോകുന്നു.

കറിക്കരിയുമ്പോള്‍,
പിള്ളേര്‍ വട്ടം ചുറ്റിക്കളിക്കുന്നത് പോലെ
ചിന്തകള്‍ എന്നെ ഒന്നുലച്ചു പോകുന്നു.


ജീവിതം 
അലക്കി വെടിപ്പാക്കുന്നതിനിടയില്‍
കഴുകി കളഞ്ഞെത്രയോ
സങ്കടക്കറകള്‍ വരികളായ്
പതം പറഞ്ഞിട്ടുണ്ടാകും.

രാവും പകലും 
അവളിടങ്ങളില്‍ ഒപ്പമുണ്ടാകും, 
മിണ്ടാനും പറയാനും 
കൊതിക്കുന്നൊരായിരം വരികള്‍.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...