ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സുപ്രിയ എന്‍ ടി എഴുതിയ കവിതകള്‍  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


നീ..

നീ
എത്രയോ സ്വപ്നങ്ങളില്‍ 
ആകാശം 
താരം
മേഘം

പെയ്തു നീളുമ്പോള്‍ മഴ.
പെയ്‌തൊഴിയവേ വെയില്‍!

ഒരിയ്ക്കലെങ്കിലും
മണ്ണിലേയ്‌ക്കെത്തുംമുന്നെ
നിലാവിലെന്നപോല്‍
തൊട്ടുനോക്കണം നിന്നെ..

നോക്കൂ,
എത്രമേലാശിച്ചാലും 
മുന്നിലായ് നടക്കുന്നൂ
സ്വപ്നങ്ങള്‍ 
സ്വപ്നങ്ങളായ്!

നിന്നെയോര്‍ക്കുമ്പോള്‍

നിന്നെയോര്‍ക്കുമ്പോള്‍
ഏതു വേവിലും
വാടിവീഴാതെ
പൂത്തു നില്‍ക്കുന്ന
പച്ചയാണുള്ളില്‍. 

ഒറ്റമഴയില്‍
പൂത്തുലയുന്ന 
വിത്തിനുള്ളിലെ 
സ്വപ്നങ്ങള്‍ പോലെ. 

അമ്മേ.. 

അമ്മയെ പോലെ വരയ്ക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍
ഞാനൊരു പെണ്‍കുട്ടിയെ വരയ്ക്കുമായിരുന്നു..

നീളന്‍ മുടി
അലസമായ് 
അഴിഞ്ഞുലഞ്ഞ
ഒരുവള്‍. 

കണ്ണുകള്‍
സ്വപ്നങ്ങളാല്‍
കൂമ്പിപ്പോയ
ഒരുവള്‍..

നിശ്ശബ്ദതയെ
മേലണിഞ്ഞ്

മഴ നനഞ്ഞ്

നടക്കുമ്പോഴും
സ്വപ്നം കണ്ട്

നീയെന്ന
ഏകാന്തതയില്‍
മുഴുകിപ്പോയ
ഒരുവള്‍.

എല്ലാ നാഡികളിലും
നീയെന്ന
രക്തം മാത്രം
ഒഴുകുന്നൊരുവള്‍.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...