ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പി.ജി. സുധീഷ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വെറുതെ
എന്ന വാക്ക്
ഒരു വെറുംവാക്ക്
മാത്രമായിരുന്നില്ല,


തിരക്കൊഴിഞ്ഞവന്റെ
അലസനേരങ്ങളില്‍ പെയ്യുന്ന
വ്യാകരണമില്ലാത്ത
ചാറ്റല്‍ മഴയാണ്.

ചത്ത മീനിന്റെ
വലിയ കണ്ണിലെ
തുറിച്ചു നോട്ടങ്ങളിലെ
ദുരൂഹത്.

വഴിപിഴച്ച വസന്തത്തിന്റെ
വശ്യതയിലേക്ക്
കയറിച്ചെല്ലുമ്പോഴുള്ള
കരുതല്‍.

എത്തിനോട്ടങ്ങളുടെ
കിണര്‍ വൃത്തത്തിലെ
പായല്‍ പച്ചകള്‍ക്കടിയിലെ
നിഗൂഢത.

ഇരുട്ടു ചൂഴുന്ന
ഒറ്റയടിപ്പാതയിലെ
അന്തിനടത്തങ്ങളിലെ
സഹയാത്രികന്‍.

വെറുതെ
എന്ന വാക്ക്
ഒരു വെറുംവാക്ക്
മാത്രമായിരുന്നില്ല,

ഇഴപിരിഞ്ഞുപോയ
പ്രണയനൂലിന്റെ
ഒടുവിലത്തെ
നിശ്വാസമാണത്.

ആയാസമില്ലാതെ,
കടുംകെട്ടുകളെ
അഴിച്ചു വിടാനുള്ള
സ്വാതന്ത്യം.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...