ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  പി.എം.ഗോവിന്ദനുണ്ണി എഴുതിയ കവിത 

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

മേരി ഗ്രിസെല്‍ഡ 

എന്റേതല്ല
നിങ്ങളുടേതുമല്ല
നമ്മുടേതല്ലാത്ത ലോകത്തിന്റെ
മേരി ഗ്രിസെല്‍ഡ
എല്ലാവരും കരുതുംപോലെത്തന്നെ
ഏഴാണ്ടുകഴിഞ്ഞിട്ടും പൂച്ചയായിത്തന്നെ.

ഏതു ഋതുവിലും
അവള്‍
പുഷ്പിക്കുന്ന വൃക്ഷം
ഏതു ദൃഷ്ടിയിലും
പരിശുദ്ധയായ മറിയം
ദേവാലയമതിലിന്മേല്‍
ചിരിച്ചുനില്‍ക്കുന്ന ശില്പം.

എവിടെയായിരുന്നൂ
മുന്‍പ്
പിറന്നതേതു പുല്‍ക്കൂട്ടില്‍
കാലം
അവളിരുന്ന ചുവരില്‍
പറ്റിപ്പടരുന്നപായല്‍.

പള്ളിമുറ്റംവരെ പോകും
ചിലപ്പോള്‍ പത്രോസിന്റെ കല്ലറയ്ക്കലും
പാലുവണ്ടിക്കുപിന്നാലെ
ഇരന്നു പായില്ല ഒരിക്കലും.

അവളൊഴിഞ്ഞു പോകും
മീന്‍മണക്കും ഇടങ്ങളെ.

കുപ്പക്കുന്നിന്റെ താഴത്തും
എച്ചിലിന്റെ കരയ്ക്കലും
കാണില്ലാരും
അവളെ.

കയ്യും മുഖവും
മിനുക്കിത്തുടച്ചത്
അഴുക്കുതീണ്ടാത്ത ദേഹം
പഞ്ഞിപോലെ പതുത്തത്.

കിണറിന്റെ
ആള്‍മറയില്‍
മഠത്തിന്റെ വാതുക്കല്‍
പള്ളിക്കൂടപ്പടിക്കല്‍
വന്നു പോയി, അവളെ ആരുംതൊട്ടില്ല
കാന്തദൃഷ്ടിയാല്‍ അവള്‍
സകലരേയും ഉഴിഞ്ഞു

മേരി ഗ്രിസെല്‍ഡ
ഭൂമിയുടേതല്ല,
കൈകകള്‍ ആകാശത്തോളം ഉയര്‍ത്തി
ഭ്രാന്തനായ ഒരുപദേശി നിലവിളിച്ചു.

ഞാന്‍ അവളെ അവിടെക്കണ്ടു
അത്യുന്നതങ്ങളില്‍
ഗബ്രിയേലിന്റെ കരങ്ങളില്‍
നരകം
അവളില്‍നിന്നും എത്രയോ അകലെ.

മേരി ഗ്രിസെല്‍ഡ
മതിലിന്മേല്‍
മകുടംപോല്‍ ഇരുന്നു
കോട്ടുവായിട്ടു
ചിരിച്ചു.
പുരുഷാരത്തെ
നിശ്ശബ്ദതയില്‍ത്തറച്ച്
ഉപദേശി 
മേഘങ്ങളിലേക്ക് ചാടിക്കയറി.

മേരി ഗ്രിസെല്‍ഡ
മേരി ഗ്രിസെല്‍ഡ!

നിശ്ശബ്ദത പൊട്ടി
പുരുഷാരം ചിതറി

അന്നോളം
ഒന്നും എറിഞ്ഞു വീഴ്ത്തിയിട്ടില്ലാത്ത
അന്ധനായ ഒരു വൃദ്ധന്‍
കല്ലു കൈയ്യിലെടുത്ത് അലറി:
മേരി ഗ്രിസെല്‍ഡയെ അയച്ചതാര്?

എല്ലാവരും പറയുന്നു
അവള്‍
ചരിക്കുന്നു
എന്നാല്‍ ഭക്ഷിക്കുന്നില്ല,
വാ പിളര്‍ക്കുന്നു
എന്നാല്‍ ശബ്ദിക്കുന്നില്ല,
ഞാനവളെ കാണുന്നില്ല
എന്നാല്‍ അവളുടെ ശ്വാസം
എനിക്കു മണല്‍ക്കാറ്റ്.

അയാള്‍ കല്ല് താഴേക്കെറിഞ്ഞു

ഉടന്‍
മേഘങ്ങളില്‍ നിന്ന് വചനം ഇറങ്ങിവന്നു
ദൈവം പുരോഹിതനോടു പൊറുത്തതിനേക്കാള്‍
അവള്‍ നിന്നോടു പൊറുത്തു.

വചനത്തെ അനുഗമിച്ച്
മണ്ണില്‍ വീണു ചിതറി
മേഘങ്ങള്‍ താഴേയ്‌ക്കെറിഞ്ഞ
ഭ്രാന്തന്‍ ഉപദേശി.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...