ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  പ്രസാദ് കുറ്റിക്കോട് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.



പകലിന്റെ തിരശ്ശീല വീഴുന്ന രാവൊന്നില്‍
കണ്ടു ഞാന്‍ നിന്നെ, പാതി-
ചിമ്മും വിളക്കിന്റെ കീഴെ, 
ഒരു നിഴലനക്കം പോലെ നീ

അപരനെന്നോര്‍ത്തു ഞാന്‍
ഒരു പദവിന്യാസമേകാതെ തമ്മില്‍ 
പിരിഞ്ഞു നാമെങ്കിലും പിന്നെയും
ഏതോ തെരുവിന്‍ മുഖങ്ങളില്‍ കണ്ടു നാം
അന്യോന്യമെതിരിട്ടു, പിന്നെ എതിരേറ്റു
ഞാനുമില്ലപ്പോള്‍ നീയുമില്ല...

നമ്മിലൊന്നെന്ന ഭാവം ചുരന്നു

നന്മതിന്മകള്‍ ശരിത്തെറ്റുകള്‍
പപ്പാതി നാം പകുത്തെടുത്തു

ഹ്രസ്വമീ ജീവിതം പക്ഷേ,
അത്രമേല്‍ കഠിനമതിന്‍ കടമ്പകള്‍
നീര്‍ത്തുള്ളിപോല്‍ സുതാര്യമെങ്കിലും
ചിലപ്പോഴതു കലങ്ങും ചളിക്കുണ്ടു പോല്‍

നിന്റെ ദുഃഖങ്ങളോര്‍ക്കുമ്പൊഴെന്റെതെത്രയോ ലളിതം
നിന്റെ കണ്ണീരു കാണുമ്പൊഴതിനപ്പുറം
വരില്ലെന്റെ മുറി-വാര്‍ന്നൊഴുകുന്ന രക്തം
നിന്റെ മോഹങ്ങളെന്റെ ചിറകിലേറ്റുന്നു
നിന്റെ നോവുകളെന്റെ കരളിലേല്‍ക്കുന്നു
എന്റെ വക്ഷസ്സിലുണരുന്നു നിന്റെ ഹൃദയതാളം
എന്റെ ഞരമ്പിലൊഴുകുന്നു നിന്റെ ജീവബോധം
നാം ഒന്നെന്നറിയുന്നു ഞാന്‍
അപരനല്ല നീ, എനിക്കെന്റെ ആത്മപ്രതീകം.