ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രാജന്‍ സി എച്ച് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ചന്തയിലേറും മുമ്പ്
ഉണക്കമീന്‍ വില്‍പനയ്ക്ക് വെച്ച
ഒരു കടയുണ്ട്.

പച്ചമീനല്ല ഉണക്കമീന്‍
എന്ന് തോന്നിയിട്ടുണ്ട്.
പച്ചമീനില്‍ കടലിന്റെയീര്‍പ്പവും
ഇത്തിരിയുപ്പു രസവും
കാണുമായിരിക്കും,
ഐസില്‍ പാര്‍പ്പിച്ചില്ലെങ്കില്‍.

അതിന്റെ കണ്ണുകളില്‍
കടലാഴവും ആകാശവും
ഒരേ പോലെ ഉറഞ്ഞു കിടപ്പുണ്ടാവും.
അതിന്റെ വാലിലും ചിറകുകളിലും
തുഴഞ്ഞെതിര്‍പാര്‍ത്ത
അലകളും അഴകുമുണ്ടാവും.
അതിന്റെ ചെകിളകളില്‍
ഏതോ ഭൂവാസത്തിന്റെയോര്‍മ്മകളും
വായുവും അലിഞ്ഞിരിപ്പുണ്ടാവും.


പച്ചമീനൊരു ജഡമാണെങ്കിലും
അതിന്റെ മുള്ളുകള്‍
പെട്ടെന്ന് ദഹിക്കുകയില്ല.
അതിന്റെ ജീവന്‍ വിട പറഞ്ഞെങ്കിലും
ജീവനുണ്ടായിരുന്നതായി
അതിനാത്മാവൊന്ന് തൊട്ടാല്‍
തറഞ്ഞു മുറിപ്പെടുത്തിക്കൊണ്ടിരിക്കും.
ദശാവതാരങ്ങളിലൊന്നെന്ന്
അതുയര്‍ത്തും ഭൗമമായ ചിന്തകള്‍.

എന്നാലീ ഉണക്കമീന്‍
പച്ചമീനിനെ അതലഞ്ഞ 
കടലെന്നായി റദ്ദാക്കും.
നിറയെ ഉപ്പും
ഉടലുണക്കവും
ഏതോ പ്രാകൃതയുഗത്തെ
ഓര്‍മ്മപ്പെടുത്തും.

പച്ചമീനിനേക്കാള്‍
പ്രായം തോന്നുമതിനെ,
ചുട്ടെടുത്താല്‍
അതിന്റെ മുള്ളു പോലും
ചരിത്രമേതുമറിയാതെ
കടിച്ചു തിന്നാം.

ചന്തയിലെ
മീന്‍കൊട്ടയിലെ പച്ചമീനുകള്‍
തീവെച്ചതിനാലെന്ന പോലെ
മരുപ്പരപ്പില്‍ കിടക്കുന്നു,
ഉടലുണങ്ങിയ മീനുടലുകള്‍.
ഉപ്പില്‍ സൂക്ഷിച്ചവ.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...