ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. രാജി സ്‌നേഹലാല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

നാട്ടുപൂക്കള്‍ നിറഞ്ഞ
വിജനമായ നാട്ടുവഴിയില്‍
തോളോട് തോള്‍ ചേര്‍ന്ന്
കൈവിരലുകള്‍ കോര്‍ത്തുപിടിച്ചു
ഭൂതകാലം പേറി നടക്കുമ്പോള്‍
പ്രണയാര്‍ദ്രമായ
മൗനത്തിന്‍റെ ചില്ലുകൂട്ടില്‍
നാമകപ്പെട്ടുപോയിരുന്നില്ലേ?

എല്ലാം മാറിയിരിക്കുന്നു,
എങ്കിലും
മാറ്റമില്ലാത്തതായി എന്തൊക്കെയോ
നമുക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന്
നിന്‍റെ കണ്ണുകളിലെ തിളക്കം
എനിക്ക് പറഞ്ഞു തന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം
അതേ നാട്ടുവഴിയിലൂടെ...
എത്ര വേഗമാണ് ഓര്‍മ്മകള്‍
കുളിരുള്ള മഞ്ഞുപോലെ
ചുറ്റിലും നിറയുന്നത്.

ഈ നാട്ടുവഴികളില്‍
എവിടെയോ വച്ചല്ലേ
നമുക്ക് മുന്നില്‍
പ്രണയവഴി
തുറന്നു വന്നത്,
പക്ഷേ,
ഒരിക്കലും ഒരു തുറന്നുപറച്ചിലിന്‍റെ
വേദിയാകേണ്ടി വന്നിട്ടില്ല
ഈ നാട്ടുവഴികള്‍.

എങ്കിലും, ഇപ്പോള്‍
നിന്നിലെ നേര്‍ത്ത ചിറകനക്കങ്ങള്‍ക്ക് തടയിടാന്‍
നമുക്കിടയിലെ ദൂരം
എത്ര വലുതാണെന്ന്
ഓര്‍മ്മിപ്പിക്കേണ്ടി വരുന്നുണ്ട് പലപ്പോഴും.

എന്നാലും
ഹൃദയം കൊണ്ട്
ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കേ
സന്തോഷിപ്പിക്കാനും
സങ്കടപ്പെടുത്താനും കഴിയൂ.
അതിലൊരാളായി നീയും,
ഒരിക്കലും സ്വന്തമാക്കാന്‍ ആവില്ലെന്ന്
അറിഞ്ഞുകൊണ്ടുള്ള
ചേര്‍ത്തുപിടിക്കല്‍.

ഇനിയൊരിക്കലും കാണില്ലായിരിക്കാം
ഇനിയൊരിക്കലും മിണ്ടില്ലായിരിക്കാം
പക്ഷേ
നമുക്കൊരിക്കലും മറക്കാനാവില്ല
കാലത്തിന്‍റെ കണക്ക് പുസ്തകത്തില്‍
നമുക്കായി കരുതിവച്ച ഈ നിമിഷങ്ങള്‍.

ഈ വെയില്‍ത്തണുപ്പില്‍
ചേര്‍ന്ന് നടക്കുമ്പോള്‍
ഓരോ ചിരിയിലും വിടരുന്ന
ഓര്‍മ്മകളുടെ സുഗന്ധം.

പിന്നെ
വീണ്ടും എന്നെങ്കിലുമൊരിക്കല്‍
എന്നാഗ്രഹം പറഞ്ഞു പിരിയുമ്പോള്‍
എല്ലാം
പെയ്‌തൊഴിയാത്തൊരോര്‍മ്മയാവുന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...