ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  രശ്മി നീലാംബരി എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കടുംചുവപ്പില്‍
കറുപ്പ് പടരുന്ന ഒരു നേരത്ത്
യുദ്ധത്തിന്റെ പുകമണം മാറാത്ത 
വാക്കുകള്‍കൊണ്ട് 
അയാള്‍ തീ പടര്‍ത്തി.

സ്വന്തം നെഞ്ചിലേക്ക്
എണ്ണയൊഴിച്ച്
ഞങ്ങള്‍ ആ തീ കാഞ്ഞിരുന്നു.
ഞങ്ങള്‍
വിളറിയ മഞ്ഞും നരച്ച വെയിലും
ചുവന്ന പുഴയും
തൊട്ടറിയാത്തവര്‍ ആയിരുന്നല്ലോ.


മൂക്കിന്‍തുമ്പില്‍
വിരല് ചേര്‍ത്ത്
ചിന്തകള്‍ക്കിടയിലൂടെ
ഭാവനകളും
പുകച്ചുരുളായി.

വെന്തു മരിച്ചവന്
മുറിവുണങ്ങാത്ത
ആത്മാവ് സമ്മാനിച്ച്,
പൊള്ളിയടര്‍ന്നവന്
മരുന്ന് തേച്ചുണക്കാനൊരു
കാട് വെച്ചുപിടിപ്പിച്ച്,
കൂടെ പൂത്ത് നിന്നവന്
കുളിര്‍ക്കാറ്റിന്റെ വിശറി നല്‍കി
അയാള്‍
വാക്കുകളുടെ സമുദ്രത്തില്‍
തുഴയാഞ്ഞ് വീശി.

വിജയിച്ചവനാണെന്നോര്‍ക്കണം.
അംഗങ്ങള്‍ അടിയറവച്ചവനും
ഉടല്‍ വേര്‍പെട്ടവനും
വര്‍ധിത വീര്യത്തോടെ
കുത്തിയൊഴുകുന്ന
ഒരു പുഴയെ അവനില്‍ വരച്ചിട്ടു.
അതൊരു മണല്‍തിട്ടയില്‍ തട്ടി
താഴോട്ടോഴുകി.

ഉറ്റവരും ഉടയവരും
കരയില്‍ തനിച്ചായതോര്‍ത്ത്
ചരിത്രം
ഒരു ജലരേഖയായി
വാര്‍ന്നുപോയി.

മുറിഞ്ഞുപോയ കണ്ണികളുടെ
ചങ്ങലക്കിലുക്കങ്ങളെ മാത്രം
പ്രതിധ്വനിപ്പിക്കുന്ന
വിമൂകതയുടെ
കണ്ണീരുപ്പളങ്ങളെ
സ്വപ്നത്തില്‍ കണ്ട
ഒരു മഴ,
ഇനിയും മുളയ്ക്കാത്ത
കനിവിന്റെ 
വിത്ത്
ദൂരേക്ക് വലിച്ചെറിഞ്ഞ്
ഒരു മിന്നലിലേക്ക് കയറിപ്പോയി.