ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



വേറെയെത്രയോ
വഴികളുണ്ടായിരുന്നു!
എന്നിട്ടും ഞാനെന്താണ്
തീവണ്ടിക്കുതലവെക്കാന്‍
തീരുമാനിച്ചത്?

ആയുസ്സില്‍ ഒരിക്കലല്ല
പലതവണ
മരിക്കേണ്ടിവരുമെന്നറിയാം

സ്വന്തമായി ഒരു തെരഞ്ഞെടുപ്പിന് അവസരം വന്നപ്പോള്‍
ഉരുക്കുപാളത്തില്‍ തലവെച്ച് ഇരുമ്പ് ചക്രങ്ങള്‍ക്ക്
അടിപ്പെടാന്‍ തയ്യാറായത് എന്തുകൊണ്ടാവും?

വെള്ളത്തിലാഴ്ന്നു മുങ്ങി
ശ്വാസംമുട്ടി
കൈകാലിട്ടടിച്ച്
പിടഞ്ഞുപിടഞ്ഞ്
മരിക്കാമായിരുന്നു!

ഐസ്‌ക്രീമില്‍ വിഷംകലക്കി
മരണത്തിലും മധുരം
ഉറപ്പാക്കാമായിരുന്നു!

കാത്തുവച്ചതൊക്കെ
കരിക്കട്ട ആവുമെങ്കിലും
എരിഞ്ഞു തീരാമായിരുന്നു

പക്ഷേ,
വിദൂരതയില്‍ നിന്ന്
വെളിച്ചംതുപ്പുന്ന ഒറ്റക്കണ്ണുമായി
മഞ്ഞുപുതപ്പു വകഞ്ഞുമാറ്റി
പതുക്കെപ്പതുക്കെയുള്ള
ആ വരവോര്‍ക്കുമ്പോള്‍
എന്തൊരു ചേലാണ് !

അത് സ്വപ്നത്തില്‍
കാണുമ്പോഴൊക്കെ
സ്വയം സമര്‍പ്പിക്കാന്‍
മനസ്സ് തുടിക്കും

പദചലനത്തിന് കാതോര്‍ത്ത്
പാളത്തിലമരുമ്പോള്‍
ഒന്നു വന്നുചേര്‍ന്നിരുന്നെങ്കിലെന്ന്
ഉള്ള് ത്രസിക്കും!

അടുത്തെത്തുമ്പോള്‍
നെഞ്ചോടമരാന്‍
ശരീരമാസകലം
പടപടാന്ന് മിടിക്കും!

എത്തിക്കഴിയുമ്പോഴോ!
സ്‌നേഹത്തോടെ
ഒന്നുനോക്കുകകൂടിയില്ല!
വേദനകളുള്‍പ്പെടെ
പാളത്തില്‍ അരഞ്ഞുതീരും

ഇതൊക്കെ അറിയാമായിരുന്നിട്ടും 
തലവച്ചുകൊടുക്കാന്‍
തീരുമാനിച്ചതെന്തുകൊണ്ടെന്ന്
എനിക്ക് മനസ്സിലായില്ല.

എനിക്കെന്നല്ല
അതാര്‍ക്കും മനസ്സിലാവില്ല!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...