ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ലിപിയില്ലാത്ത ഭാഷയിലായിരുന്നു
ഞാനെഴുതിയ കവിതകളെല്ലാം

പൂര്‍ണാര്‍ദ്ധവിരാമങ്ങളില്ലാതെ
അവ ആര്‍പ്പുവിളിച്ചു

സ്വനങ്ങള്‍
ഉന്മാദികളായി
ഭ്രാന്തന്‍ സങ്കീര്‍ത്തനങ്ങള്‍ പാടി

അലിഞ്ഞു ചേര്‍ന്നൊന്നായ
കൂട്ടക്ഷരങ്ങളും
കൊതിമതിയാവാതെ 
പൂരിപ്പിക്കപ്പെടാന്‍ ചില്ലുകളും
അരൂപികളായി അലഞ്ഞുനടന്നു

വരികള്‍ക്കിടയില്‍ ചിലപ്പോഴൊക്കെ
നിലാവുദിച്ചു
പാരിജാതമണം
പടര്‍ന്നു

ആസ്വാദനത്തിന്
ലിപി വേണ്ടല്ലോയെന്ന്
ഞാനാശ്വസിച്ചു

മൊഴിമാറ്റം നടത്താന്‍
ശ്രമിച്ചവരൊക്കെ
പരാജയപ്പെട്ടു

വ്യാകരണനിയമങ്ങള്‍ ചൊറിഞ്ഞുപൊട്ടി
ചോരയും ചലവും മൂക്കുപൊത്തി

ഒഴുക്ക് നിലച്ച കവിതയില്‍
പലപ്പോഴും ഞാന്‍ ചത്തുപൊന്തി

മൂന്നാംനാള്‍ കാത്തിരിക്കാതെ
ഉയിര്‍ത്തെഴുന്നേല്‍പ്പായി
ജീവിതം ഇപ്പോഴും തുടരുന്നു.!


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...