ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. സഫൂ വയനാട് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

പറയാതൊരിറങ്ങിപ്പോക്കാര്‍ന്നു.

വീടാകെ അത്തറ് മണം.
ഊദിന്‍റെ ഉന്മാദം.
തഹ്‌ലീലും യാസീനും ഇഴുകി ചേരുന്നു.

കുഞ്ഞോള് ആര്‍ത്ത് ചിരിക്ക്ണ്
മുടിക്കെട്ടഴിക്ക്ണ്.

ന്‍റെ കുട്ടിക്കൊന്നൂല്യ.
തുടരേയുള്ള കെട്ടിപ്പിടിക്കലുകള്‍!

ഇരു കവിളുകളില്‍ മിഴിനീരുപ്പുകള്‍-
പറ്റിപ്പിടിച്ച പതിനാറ് വെയിലുമ്മകള്‍.

'ഹറാമ്പറന്നോന്‍...'
പടിക്കല്‍ നിന്ന് അടക്കം പറച്ചിലുകള്‍.
പള്ളിക്കാട്ടിലൊരു മൈലാഞ്ചി വേര്
വിറങ്ങലിക്ക്ണ്.

ദീര്‍ഘ നിശ്വാസങ്ങളുടെ പുകപടലങ്ങള്‍.

അപ്പോഴും മരണവീടിനെ
തൊട്ടുനനയ്ക്കാന്‍
മഴ വന്നതേയില്ല.

അതിരിനറ്റത്ത് കൂരിരുട്ടിലൊരു
അസര്‍മുല്ല പൂവ് പൊട്ടി വിടരണ്.

ആഹ്... ഉമ്മൂമ്മ മണം.
ഇരുള് തുരന്നത് കിതച്ചു വരുന്നു.
നെറുകയിലൊരു മുത്തം.
ഉടലാകെയും ആശ്വാസത്തിന്‍റെ
ചോപ്പ്.

കറുപ്പും വെളുപ്പും നിറഞ്ഞ ബാല്യത്തെ
മഴവില്ലില്‍ മുക്കി ഉള്ളം കൈയ്യില്‍ തൊട്ടുവെക്ക്ന്ന്
നെഞ്ചിന്‍ കൂട്ടിലടിച്ച മിന്നലിന് ചോരച്ചുവ.

വീടൊന്നാകെ ചോര്‍ന്നൊലിച്ചപ്പോഴും
കുഞ്ഞോള് നിലവിളിച്ചില്ല.

കരച്ചിലുമാ പള്ളിക്കാട്ടിലേക്ക്
പറയാതങ്ങനെ പറിച്ചു നട്ടുകാണും.

കുഞ്ഞോള് മുടി പിഴുതെറിഞ്ഞു,
ചുമര് മാന്തിപ്പൊളിച്ചു.
ഉറക്കത്ത് മുക്കിലും മൂലയിലുമങ്ങിനെ
കട്ടിലിനടിയോളം പരതി.

മരവിപ്പിന്‍റെ ഉച്ചിയിലും ഉടല് വിയര്‍ത്തൊഴുകി.

മഴയെന്നോര്‍ത്ത് മിഴി പൂട്ടിയപ്പോള്‍
നോക്കുന്നിടങ്ങളിലെല്ലാം
തെരുതെരെ ഉമ്മൂമ്മ പെയ്യ്ണ.

അന്തിമുല്ല ഇനീം പൂക്കും.
മൈലാഞ്ചി ഇനീം ചോക്കും.
ആണ്ടുകളിനീം വരും.
ഓര്‍മ്മകളിനീം ഉമ്മാമ മണക്കും.

കുഞ്ഞോള് പിടഞ്ഞെണീറ്റു,
ചങ്ങല കിലുങ്ങണ്.
പഴുപ്പ് തെറിക്ക്ണ്.
വടുക്കള്‍!

ചുവന്നവ, കറുത്തവ, കരിനീലിച്ചവ,
മുറിവുകളങ്ങിനെ പെരുകുന്നു...

ചോര വറ്റിയത്,
കരുവാളിച്ചങ്ങനെ
കരകവിയുന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...