ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സഞ്ജയ്‌നാഥ് എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വിചിത്ര സ്വപ്നങ്ങളുടെ
രാത്രികാലങ്ങളിലാണ്
എന്റെ പ്രണയത്തിന്റെ തുറമുഖങ്ങളില്‍
നിന്റെ കപ്പലുകള്‍ നങ്കൂരമിടുന്നത്.

പ്രണയത്തിന്റെ കരിനീലക്കടലുകള്‍
താണ്ടിയ യാത്രയില്‍
എത്ര കപ്പല്‍ ഛേദങ്ങള്‍
നിലംതൊടാമലരികള്‍.

എനിക്കും നിനക്കുമിടയിലുള്ള
അജ്ഞാത ദ്വീപുകളിലേക്ക്
ഒരിക്കല്‍ മറ്റാരും കാണാതെ യാത്ര പോകണം.

ഉള്‍ക്കാടുകളെ തൊട്ട്
നിഗൂഢതകളെ തൊട്ട്
കാട് കറുത്ത് ഇല്ലാതാകുന്നത് വരെ ഒരു യാത്ര.

ഉമ്മകളെരിയുന്ന നിന്റെ ചുണ്ടുകള്‍
കൊണ്ട് നീയീക്കാടിനെ ചുംബിക്കുക
ഈ ഉള്‍ക്കാടുകളില്‍ നിറയെ വയലറ്റ്
ഓര്‍ക്കിഡുകള്‍ വിരിയട്ടെ.

ആത്മാവുകള്‍ മിന്നാമിന്നികളായി
പുനര്‍ജനിക്കുന്ന താഴ് വാരങ്ങളിലൊക്കയും
നീ വസന്തത്തിന്റെ വരവറിയിച്ച്
നൃത്തം വക്കുക.

എല്ലാ ഉന്മാദങ്ങളും അവസാനിക്കുന്ന
രാത്രിയില്‍ ദ്വീപിലെ അവസാന യാത്രക്കാരായി
കടല്‍ത്തിരകള്‍ മഴയായ് ഉയരുന്ന വിജനതകളിലേക്ക് മടങ്ങണം.

തണുത്ത കടല്‍ക്കാറ്റില്‍ ഉടല്‍
മരവിച്ച് ജീവനുള്ള പൊങ്ങു തടികളായി
വിളക്ക് മരങ്ങളുടെ ദിക്ക് നോക്കി
ഞാനും നീയും ചേര്‍ത്ത് പിടിച്ച
കൈകള്‍ ഉലയുന്നത് വരെ ഒന്നായി
ഒന്നിനുമല്ലാതെ യാത്ര തുടരും.

കടല്‍ക്കാറ്റിന്റെ ആറാംസിംഫണിയില്‍
നീ നീയും ഞാന്‍ ഞാനുമാകുന്ന രാത്രി വരെ.

അപ്പോള്‍ അജ്ഞാത ദ്വീപുകളുടെ സൂക്ഷിപ്പുകാരന്‍ 
നമ്മുടെ സ്വപ്നങ്ങളുടെ പേടകങ്ങള്‍ 
ഒരു തുറമുഖങ്ങളുമില്ലാത്ത
കടലിലേക്കൊഴുക്കിവിടും.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...