ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സരിത മോഹന്‍ എഴുതിയ കവിത  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കഴുകാന്‍ ബാക്കിയുള്ള 
വസ്ത്രങ്ങളും
അടുക്കള സിങ്കില്‍ കൂട്ടിയിട്ട
പാത്രങ്ങളുമാണ് 
ഞാന്‍. 

ഉറക്കം വിട്ടെഴുന്നേറ്റപ്പോള്‍
കുത്തിമറിച്ചിട്ട 
കിടക്കവിരിയും പുതപ്പും,
പരസ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന 
തലയിണകളുമാണ്.

ഞാന്‍,
കൊഴിഞ്ഞ മാവിലകള്‍
നിറഞ്ഞ മുറ്റം.
ബള്‍ബിന്റെ ഹോള്‍ഡറിലെ
തൂക്കാത്ത മാറാല,
ഒതുക്കിനിര്‍ത്താതെ
താന്തോന്നികളായി
വളര്‍ന്ന തൊടിയിലെ ചെടി.


മടക്കിവെക്കാതെ 
കസേരയില്‍ ഉറങ്ങുന്ന
ഉണങ്ങിയ തുണികള്‍
ഞാന്‍.
മകന്റെ കണക്കുപുസ്തകത്തില്‍
ചെയ്യാതെ കിടക്കുന്ന
ഗൃഹപാഠങ്ങള്‍.
നെട്ടോട്ടത്തില്‍ 
കാലിയായ ഉപ്പുപാത്രം.
അടുപ്പിലേറാന്‍ 
ഭാഗ്യമില്ലാതെ പോയ
ഫ്രീസറിലെ മീനും
ഫ്രിഡ്ജിലെ പച്ചക്കറികളും.

മിണ്ടാന്‍ തോന്നാതിരുന്നാല്‍
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്
തല പൂഴ്ത്തി മാസങ്ങളോളം
ഫോണെടുക്കാത്ത ഒരുവളാണ്
ഞാന്‍.

ഒന്നാലോചിച്ചാല്‍ ഞാന്‍,
ആരെങ്കിലും മിണ്ടിയില്ലെന്നോ
ആരോടെങ്കിലും മിണ്ടിയില്ലെന്നോ
ആലോചിച്ച് ഇരട്ട ബെല്ലടിച്ചു
ഇറങ്ങിപ്പോയവളാണ്.
(ഇറക്കി വിട്ടവളാണ്).

ഞാന്‍, 
എന്നെപ്പോലെയാകാന്‍ 
മാത്രം ഇഷ്ടപ്പെടുന്നവള്‍.
മുറിവേറ്റിടങ്ങളില്‍
ഉപ്പുപുരട്ടുന്നവരെ
നോക്കി ചിരിക്കാന്‍
നിഗൂഢമായ പുഞ്ചിരി 
ചുണ്ടിലൊളിപ്പിച്ചവള്‍.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...