ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. നാഗവല്ലി, ഷബ്‌ന ഫെലിക്‌സ് എഴുതിയ കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഞാന്‍
ഗംഗയാണ്,
ഭാഗീരഥിയാണ്,
ജഡയില്‍ കുരുങ്ങിയ പ്രണയമാണ്,
ഗംഗതന്‍ വിരിമാറില്‍
മക്കളെ നിശ്ശബ്ദയാക്കിയവളാണ്,
ഇന്നീ
ദീപനാളങ്ങള്‍ക്ക് നടുവില്‍
ഇന്നലെകള്‍ പിടികൂടിയ ഭ്രാന്തിയാണ്.

ഹോമങ്ങള്‍ ഉയരുന്നു
ജപങ്ങള്‍ മുഴങ്ങുന്നു
ഉണക്കല്ലരിയും മഞ്ഞളും
ഉമിക്കരിയും മഞ്ചാടിയിലയും
അമര്‍ത്തിപ്പൊടിച്ച
നിറക്കൂട്ടിന്‍ നടുവില്‍
മേപ്പാടന്‍റെ ചൂരല്‍വടി
ഉയര്‍ന്നു താഴുന്നു
ഏതോ നന്തുണിപ്പാട്ടിന്‍റെ ഈണത്തില്‍
കുഞ്ഞുഗംഗ
ആരുടെയോ മടിയില്‍ ചായുന്നു.

കഥകള്‍ ചൊല്ലിയ മുത്തശ്ശിയെവിടെ?
തെക്കിനിയിലെ ജനാലയ്ക്കപ്പുറം
വിരുന്നിനെത്തിയ പ്രിയനെവിടെ?
പായും മനസ്സിനെ
മണിച്ചിത്രത്താഴിട്ടു പൂട്ടിയ
നകുലനെവിടെ?

ലാസ്യനടനങ്ങളില്‍
പ്രണയപരവശയായി
രാമനാഥസവിധേ
ചിലങ്ക മൊഴിയുന്നു
'ഒരു മുറെയ് വന്ത് പാര്‍ത്തായ.
എന്‍ മനം നീ അറിയ്ന്തായോ?'

അറിയാതെ പോയൊരു മനം
ഇന്നലെകളില്‍
അന്തിയുറങ്ങുറങ്ങുന്നു.

മയക്കം പൂണ്ട ഗംഗ
ശങ്കരന്‍ തമ്പിയുടെ
മെതിയടി നടത്തങ്ങളില്‍
കലി തുള്ളിയ നാഗവല്ലിയായി
ഉറഞ്ഞു തുള്ളുന്നു,
കൊയ്‌തെടുത്ത പ്രണയം
ദുര്‍ഗ്ഗാഷ്ടമി നാളില്‍
ശിരസ്സ് കൊയ്യും,
ചോര തേടും,
പുനര്‍ജനിക്കും.

ഇന്നെന്‍റെ മുന്നില്‍
മുജ്ജന്മശത്രുവായ
ശങ്കരന്‍ തമ്പിയുണ്ട്,
സണ്ണിയെന്ന മാന്ത്രികന്‍
കാട്ടുന്ന ചെപ്പടിവിദ്യയുണ്ട്,

പക്ഷേ...

ഞാന്‍ ഗംഗയാണ്
എല്ലാം ശുദ്ധി ചെയ്യുന്ന
നകുലന്‍റെ ഗംഗ,
സ്വര്‍ഗ്ഗത്തില്‍ നിന്നും
ഭൂമിയില്‍ പതിച്ച ഗംഗ.

എനിയ്ക്ക്
അഭിനയിച്ചേ മതിയാവൂ
നിങ്ങള്‍ക്ക് വേണ്ടി,
നിങ്ങള്‍ വിശ്വസിക്കുന്ന
മന്ത്രതന്ത്രങ്ങള്‍ക്കും
ശാസ്ത്രവിദ്യകള്‍ക്കും വേണ്ടി,
ശങ്കരന്‍ തമ്പിയെ
ഞാനിനി
ആഞ്ഞു വെട്ടട്ടെ
ഈ ചോര
ഞാന്‍ ആര്‍ത്തിയോടെ കുടിക്കട്ടെ
തെക്കിനിയിലെ ശാപം
ശുദ്ധി ചെയ്യട്ടെ!

ഒപ്പം
നിങ്ങള്‍ അറിയാതെ പോട്ടെ,
നാഗവല്ലി മരിച്ചിട്ടില്ല,
എന്നിലവള്‍ വീണ്ടും
ശാന്തമായ് ഉറങ്ങട്ടെ,
അല്ലെങ്കിലും
ഏത് പ്രണയത്തിനാണ്
മരണമുള്ളത്?

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...