ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ശബ്‌ന രവി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



തിരക്കൊന്നൊഴിഞ്ഞിട്ടെനിക്കൊന്നുറങ്ങണം
വെളുക്കുന്നനേരം കിനാവൊന്നുകാണണം
പരക്കുന്നവെയിലെന്‍ നിറുകയില്‍ തഴുകണം
തിടുക്കങ്ങളില്ലാതെ ഉറക്കമുണരണം

തിരക്കൊന്നൊഴിഞ്ഞിട്ടെനിക്കെന്റെ മുറ്റത്തെ
തളിര്‍ക്കും തൈമാവിന്‍ തണലിലൊന്നിരിക്കണം
ചിലക്കുന്ന കരിയിലക്കിളികളെ കാണണം
പറക്കുന്ന ശലഭത്തിന്‍ ചന്തം നുകരണം

തിരക്കൊന്നൊഴിഞ്ഞിട്ട് കടല്‍ക്കരെ പോകണം
കടല്‍ക്കാറ്റുമേറ്റ് മതിമറന്നിരിക്കണം
ചുവക്കുന്ന സൂര്യന്റെയഴലുകള്‍ കടലി-
ലൊഴുക്കുന്ന സന്ധ്യയില്‍ പുളകംകൊള്ളണം

തിരക്കൊന്നൊഴിഞ്ഞിട്ടെനിക്കെന്റെ സഖിയുടെ
കിണുക്കങ്ങള്‍ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കണം
കനക്കുന്ന മുഖത്തെ കാര്‍മുകിലകലാന്‍
നനുക്കെ മുകരണം മധുരാധരങ്ങളില്‍

തിരക്കെന്നൊഴിയും അറിയില്ല തെല്ലും
നടുക്കമോടോര്‍ത്തു മറന്നുവോ ജീവിക്കുവാന്‍?
കുതിക്കുന്നു കാലം ഇനിയെത്ര കാതം
തിരക്കേതുമില്ലാത്ത മറുതീരത്തെത്തുവാന്‍?


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...